സമയത്തു കല്യാണം കഴിച്ചോണം ഇല്ലെങ്കിൽ ചെക്കന്മാരെ കിട്ടത്തില്ല ഒടുവിൽ വല്ല..

പെൺകാഴ്ചകൾ
(രചന: Ammu Santhosh)

“കൊച്ചെന്നാ ഭംഗിയാടി.. നിന്നേ പോലെ തന്നെ ”

കുഞ്ഞുവാവയുടെ കവിളിൽ ഒന്ന് തൊട്ട് ദേവു പറഞ്ഞു. കുഞ്ഞ് രേഖയുടെ അരികിൽ കിടന്ന് കൈകാലുകൾ ഇളക്കി കളിക്കുകയായിരുന്നു

പ്രസവം കഴിഞ്ഞു ഒരു മാസമായപ്പോഴേ ദേവുവിന് കൂട്ടുകാരി രേഖയെ കാണാൻ വരാൻ സാധിച്ചുള്ളൂ. അതിന്റെ പരിഭവം തീരാൻ കുറച്ചു സമയം എടുത്തു

“ആ ബെസ്റ്റ്…ആരും കേൾക്കണ്ട.. അല്ലെങ്കിൽ തന്നെ എന്റെ നിറം കിട്ടീന്ന് പറഞ്ഞു അമ്മായിയമ്മ ഇടക്കൊക്കെ കുത്തുന്നുണ്ട്.

അമ്മായിയമ്മ മാത്രം അല്ലേടി എന്റെ സ്വന്തം അമ്മായിയും അപ്പച്ചിയും ഒക്കെ ഇടക്ക് വന്നു കൊട്ടും..

ആഹാ പെൺകുഞ്ഞ് ആണല്ലേ.. ഇച്ചിരി കൂടി നിറം വേണം പെൺപിള്ളേർക്ക്‌ ആണ്പിള്ളേര് പിന്നെ ഇച്ചിരി കറുത്താലും കുഴപ്പമില്ല..എന്നൊക്കെയാ പറച്ചിൽ. ഇവർക്കൊക്കെ ഭ്രാന്താന്നേ ”

ദേവു പൊട്ടിച്ചിരിച്ചു…

“ഞാൻ അപ്പോഴെ പറഞ്ഞതാ എന്റെ കൊച്ചേ പഠിച്ചോണ്ടിരിക്കുമ്പോ കല്യാണം വേണ്ടന്ന് ”

“അയ്യടാ ഞാൻ പറഞ്ഞാൽ കേൾക്കുന്ന ഒരച്ഛനും അമ്മയും ചേട്ടനും. വേണ്ട എന്ന് പറഞ്ഞപ്പോൾ ചോദിച്ചത് നിനക്ക് ആരെങ്കിലും ആയിട്ട് പ്രേമം ഉണ്ടോന്നാ.

ഇനി അത് കൂടി തലയിൽ എടുത്തു വെയ്ക്കാൻ വയ്യാഞ്ഞിട്ട.. ഹൂ ഇപ്പൊ കല്യാണം വേണ്ട എന്ന് പറഞ്ഞാലുടനെ പ്രേമം ഉണ്ടോന്ന ഡൌട്ട്..”

“പോട്ടെ സാരോല്ല.. ജിതിന് നിന്നേ ഇഷ്ടം ആണല്ലോ അത് മതി ”

രേഖ ചിരിച്ചു

“ഇഷ്ടമാണ്.. നമ്മൾ അവരുടെ ഇഷ്ടത്തിനൊത്ത ജീവിതം ജീവിച്ചാൽ വലിയ ഇഷ്ടം.. വരയിൽ നിന്നു ഒന്ന് മാറിയാൽ അറിയാം..”

ദേവു ആ സംഭാഷണം നീട്ടാൻ ആഗ്രഹിച്ചില്ല. അവൾക്ക് ചുറ്റും അവൾ കാണുന്ന മിക്കവാറും ജീവിതം ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു.

“രേഖേ.. നിന്റെ ഒരു കൂട്ടുകാരി വന്നുന്നറിഞ്ഞു ഇതാണോ ?”

അകത്തേക്ക് ഒരു സ്ത്രീ വന്നു…

“അതെ അപ്പച്ചി.. ഇതാ ദേവു. ദേവു ഇതെന്റെ കമല അപ്പച്ചി ” ദേവു ഒന്ന് കൈ കൂപ്പി. അവർ അവളെ അടിമുടി ഒന്ന് നോക്കി

“ഇവളെപ്പോഴും പറയും. ദേവൂന്റെ വീട് എവിടെയാ?”

“തിരുവനന്തപുരം ”

“ഉയ്യോ അത്രേം ദൂരെന്ന് ഇവളെ കാണാൻ വേണ്ടി വന്നതാണോ?”

“അതെ ആന്റി ”

“എങ്ങനെ വന്നേ? മൂന്ന് മൂന്നര മണിക്കൂർ ഇല്ലേ യാത്ര?”

“ആ കാർ ഉണ്ട് ”

“ഡ്രൈവർ കാണും അല്ലെ?”

“ഇല്ല ഞാൻ ഡ്രൈവ് ചെയ്യും ”

അവർ വിശ്വാസം വരാത്ത പോലെ കുറച്ചു നേരം നോക്കി നിന്നു…

“വീട്ടുകാർ വിടുമോ?”

“പിന്നെ വിടാതെ…”

അവൾ ചിരിച്ചു…

“എന്താ ചെയ്യുന്നേ ഇപ്പൊ? ഭർത്താവ് എവിടെയാ?”

“കല്യാണം കഴിഞ്ഞിട്ടില്ല.. Ph ed ചെയ്യുകയായിരുന്നു .. കഴിഞ്ഞു ”

“ഇന്നലത്തെ പത്രത്തിൽ ഇവൾക്ക് ഡോക്ടറേറ്റ് കിട്ടിയതിന്റ ഫോട്ടോയും ന്യൂസും ഉണ്ടായിരുന്നു. ഞാൻ അപ്പച്ചിക്ക് കാണിച്ചു തരാം “രേഖ പറഞ്ഞു

“ഓ എന്നാത്തിനാ.. എന്റെ കൊച്ചേ ഞാൻ ഉള്ളത് ഉള്ള പോലെ പറയുന്ന ആളാ കേട്ടോ..

സമയത്തു കല്യാണം കഴിച്ചോണം ഇല്ലെങ്കിൽ ചെക്കന്മാരെ കിട്ടത്തില്ല ഒടുവിൽ വല്ല കിളവന്മാരെയോ ഭാര്യ മരിച്ചവന്മാരെയോ ഡിവോഴ്സ് ആയവന്മാരെയോ ഒക്കെ കിട്ടുകയുള്ളു.”

“എനിക്ക് കല്യാണം അങ്ങനെ വലിയ നിർബന്ധം ഒന്നുമില്ല ആന്റി..കുറെ നാൾ ഇങ്ങനെ പോകും.. കല്യാണം കഴിക്കാൻ തോന്നിയ കഴിക്കും.

ആന്റി പറഞ്ഞ കാറ്റഗറി ആണെങ്കിൽ കൂടുതൽ നല്ലതാ എക്സ്പീരിയൻസ് ഉണ്ടല്ലോ..അല്ലെങ്കിലും ചെറുപ്പക്കാർക്ക് പക്വത കുറവാണെന്നെ ”

ദേവു അന്തം വിട്ടിരിക്കുന്ന രേഖയെ ഒരു കണ്ണിറുക്കി കാണിച്ചു. അപ്പച്ചി ഉത്തരം മുട്ടി നിശബ്ദയായി…

“അത് പോട്ടെ ആന്റിയുടെ മക്കൾ ഒക്കെ എവിടെ?”

“എനിക്ക് ഒരു മോളേയുള്ളു. പത്തൊമ്പത് വയസ്സായപ്പോ ഞാൻ പിടിച്ചു കെട്ടിച്ചു ഇപ്പൊ മൂന്ന് പിള്ളേരായി സസുഖമവളുടെ ഭർത്താവിന്റെ കൂടെ കഴിയുന്നു ”

“വീട്ടിലേക്ക് വരാറുണ്ടോ?”

“അത് പിന്നെ..”അവർ ഒന്ന് വിക്കി പിന്നെ ചിരി അഭിനയിച്ചു

“അവൾക്ക് അവിടുത്തെ കാര്യം നോക്കേണ്ടേ. കെട്ടിച്ചു വിട്ടാൽ അതാ പെണ്ണിന്റെ വീട് അവിടെ നിന്നോണം.. പിന്നെ ഇടക്ക് വിരുന്ന് കാരെ പോലെ വരാം..

ഒന്ന് രണ്ടു ദിവസം നിൽക്കാം. രണ്ടു ദിവസം കൂടുതൽ നിന്നാൽ നാട്ടുകാർ ചോദിക്കും. ഭർത്താവിന്റെ വീട്ടിൽ എന്താ പ്രശ്നം എന്ന്… ഇപ്പൊ മൊത്തത്തിൽ അതല്ലേ കേൾക്കാനുള്ള ”

“ആന്റിയെ സമ്മതിച്ചു… ഒറ്റ മോളെ വിരുന്നുകാരിയാക്കി കളഞ്ഞല്ലോ തൊലിക്കട്ടി അപാരം… എന്റെ അമ്മ ഒരിക്കലും ഇങ്ങനെ പറയില്ല. ഞാനും ഒറ്റ മോളാ.

എന്റെ അച്ഛനും അമ്മയും എന്റെ ഇഷ്ടം ആണ് നോക്കുക. മക്കളുടെ ഇഷ്ടം അച്ഛനുമമ്മയ്ക്കും മനസിലായില്ലെങ്കിൽ പിന്നെ ആർക്ക് മനസിലാകും? കഷ്ടം ”

അവർ വിളറി പോയി… രേഖ ദേവുവിനെ ഒന്ന് നുള്ളി…

“എന്റെ പൊന്ന് ആന്റി ആന്റിയുടെ മോൾ ഇപ്പൊ ആന്റിയെ പ്രാകുന്നുണ്ടായിരിക്കും. പഠിച്ചു മിടുക്കി ആയി അതിനൊരു ജോലി കിട്ടിപ്പോയേനെ..

ഭർത്താവിനും മക്കൾക്കും ചോറും കൂട്ടാനും വെച്ചു കൊടുത്തു അടുക്കളയിൽ കിടക്കുമ്പോൾ അത് ഇടയ്ക്കെങ്കിലും നിങ്ങളെ ശപിക്കും സത്യം ”

അവർ ശൂന്യമായ കണ്ണുകളോടെ അവളെ നോക്കി എന്നിട്ട് മിണ്ടാത് ഇറങ്ങി പോയി…

“നിനക്ക് വല്ല കാര്യോമുണ്ടോ പെണ്ണെ ?”

“എന്നെ ചൊറിയാൻ വന്ന ഞാൻ കേറി മാന്തും ”

അവൾ കള്ളച്ചിരി ചിരിച്ചു…

“എന്റെ പൊന്നുമോൾ ഇപ്പോഴെങ്ങും കല്യാണം കഴിക്കല്ലേ… നല്ല ക്ഷമ ഒക്കെ ഉണ്ടായിട്ട് പതിയെ മതി ”

“ഓ ഞാനിങ്ങനെ തന്നെ ആവും… ക്ഷമ ഒക്കെ പെണ്ണുങ്ങൾക്ക്‌ മാത്രം ഉള്ളതാണോ..?”

“അങ്ങോട്ട് വരാവോ?”

അടുത്ത കക്ഷി എത്തിയപ്പോൾ ആരാ എന്ന മട്ടിൽ ദേവു രേഖയെ നോക്കി

“അമ്മായി.. വിഷമാണ് കൊടും വിഷം ”

രേഖ പിറുപിറുത്തു

“ഹൂ ചെസ്റ്റ് നമ്പർ ടു ഓൺ സ്റ്റേജ്..യുദ്ധം ചെയ്തു ഞാനിന്നു മരിക്കും.”അവൾ ശബ്ദം താഴ്ത്തി പറഞ്ഞു

“ഇവിടെ ഒരു മിടുമിടുക്കി കൊച്ച് വന്നിട്ടുണ്ടെന്ന് കമല പറഞ്ഞു. മോളാണോ അത്?”

ദേവു ഒന്ന് ചിരിച്ചു

“ചേച്ചിയുടെ പേരെന്താ ?”

ചോദ്യം പെട്ടെന്ന് അവർ പ്രതീക്ഷിച്ചില്ല…

“എന്റെ പേര് മീനാക്ഷി . ഞാൻ ചേച്ചി അല്ല കേട്ടോ. ഇവളുടെ അമ്മയുടെ ആങ്ങളയുടെ ഭാര്യയാ. അമ്മായിയാ ”

“ഈശ്വര പറയുകേയില്ല.. ഞാൻ കരുതി ഇവളുടെ കുഞ്ഞമ്മയുടെ മകൾ വല്ലോം ആയിരിക്കും ന്ന്.. പ്രായം പറയുകേയില്ല “അവൾ അവരുടെ കൈയിൽ പിടിച്ചു

അവരുടെ മുഖം വിടർന്നു

“അത് ഞാൻ നേരെത്തെ കല്യാണം കഴിച്ച കൊണ്ടാ… എല്ലാരും ഇത് തന്നെയാ പറയുന്നേ എനിക്ക് പ്രായം പറയുകയില്ലെന്ന്. അല്ലെ രേഖ മോളെ?”

“ആ അതെ അതെ..”രേഖ ചിരിക്കണോ വേണ്ടയോ എന്ന് ശങ്കിച്ചു

“അമ്മായിയുടെ സ്കിൻ ഒക്കെ എന്നാ ഗ്ലോയാ.. ചുണ്ടൊക്കെ ലിപ്സ്റ്റിക് ഇട്ട പോലാ.. സത്യം പറ എന്നാ ഇതിനൊക്കെ ചെയ്യുന്നേ?”രേഖ അവരെ പിടിച്ചു അടുത്തിരുത്തി

അമ്മായിയുടെ മുഖം നാണം കൊണ്ട് ചുവന്നു

“ഓ ഒന്ന് പോ മോളെ.. കുറച്ചു മഞ്ഞളും പാലും ഇടക്ക് മുഖത്ത് പുരട്ടും പിന്നെ ബീറ്റ്റൂട്ട് ചാറ് ചുണ്ടിലും.. അത്രേയുള്ളൂ സീക്രട്.. ഞാൻ പണ്ടേ ഇവളോട് ഇതൊക്കെ ചെയ്യാൻ പറഞ്ഞതാ.. കണ്ടോ ഉണ്ടായ കൊച്ചങ്ങ് കറുത്ത്
പോയത്.”

“അമ്മായി വിചാരിച്ചാൽ കുഞ്ഞിനെ നിഷ്പ്രയാസം വെളുപ്പിക്കാമല്ലോ… അമ്മായി ഒരു മൂന്ന് മാസം ഇവിടെ
നിൽക്ക് ”

രേഖ അവളെ നോക്കി കണ്ണുരുട്ടി

“അയ്യോ അത് പറ്റുകേല മോളെ.. എന്റെ ഇളയ മോൾക്ക് കല്യാണനിശ്ചയമൊക്കെ ഏകദേശം അടുത്ത് ഇരിക്കുവാ.. പോണം ”

“മോളെന്നാ ചെയ്യുവാ.?”

“ഡിഗ്രിക്ക് പഠിക്കുവാ…അപ്പൊ ഒരു
പ്രേമം…. പിന്നെ കെട്ടിക്കാണ്ടിരിക്കാൻ പറ്റുമോ? ഇപ്പോഴത്തെ കാലമല്ലേ?”
അമ്മായി വാ പൊത്തി ചിരിച്ചു. വീണ്ടും തുടർന്നു

“പക്ഷെ കുഴപ്പമില്ല കേട്ടോ .ചെറുക്കൻ നല്ല വെളുത്തു സുന്ദരനാ.. വീട്ടിലും ഇഷ്ടം പോലെ കാശുണ്ട്. ഒറ്റ മോനാ ”

“പയ്യന് എന്താ ജോലി?”

“ഓ അവനും ഡിഗ്രി കഴിഞ്ഞു നിൽകുവാ. അവനെന്തിനാ ജോലി?. വീട്ടിൽ പൂത്ത കാശല്ലേ? അത് പോരെ?”

“പിന്നെ. അത് മതി അത് മതി… ധാരാളം മതി. എന്നെ കല്യാണത്തിന് വിളിക്കണേ “അവൾ ഗൗരവത്തിൽ പറയുന്നത് കെട്ട് രേഖക്ക് ചിരി പൊട്ടി

“പിന്നെ വിളിക്കാതെ…ഈ സുന്ദരി മോളെ വിളിക്കാതിരിക്കുമോ?” എനിക്കൊരു മോൻ കൂടിയുണ്ട് കേട്ടോ.. ഇവൾക്ക് നോക്കിയതാ ജാതകം ചേരത്തില്ല ”

രേഖ ദീർഘ ശ്വാസം വിട്ടു

“മോളുടെ നാളെന്താ? നോക്കട്ടെ ചേരുമോന്ന് ”

“അയ്യോ അമ്മായി എന്റെ കല്യാണം ഉറച്ചതാ.”

രേഖയുടെ കണ്ണ് മിഴിഞ്ഞു

“ആണോ എവിടെയാ ചെക്കൻ”

“ഡൽഹിയിൽ ആണ് സിവിൽ സർവീസ് പാസ്സായി .. ഇപ്പൊ ട്രെയിനിങ്.. അത് കഴിഞ്ഞു വന്നാൽ അപ്പൊ കല്യാണം ”

അവരുടെ മുഖത്ത് പെട്ടെന്ന് ഒരു ബഹുമാനം നിറഞ്ഞു

“ആഹാ കമല പറഞ്ഞത് പോലെയല്ലോ. ഐ എ എസുകാരന്റെ ഭാര്യയാവാനുള്ള കൊച്ചാ അല്ലെ? മിടുക്കി..

എന്തായാലും എനിക്ക് മോളെ ഇഷ്ടായി കേട്ടോ… കണ്ടു പഠിക്കെടി. ഇങ്ങനെ വേണം പെൺപിള്ളേർ ”

രേഖയെ ന്നോക്കി പറഞ്ഞു അവർ എഴുന്നേറ്റു മുറി വിട്ട് പോയി

“നിനക്ക് കല്യാണം ആയ?”

“എവിടുന്ന്… അവരെ ചുമ്മാ ഒതുക്കാൻ പറഞ്ഞതല്ലേ…എന്ന സൈസ് ബന്ധുക്കൾ ആണ് മോളെ..ഹോ.. ..” അവൾ എഴുനേറ്റു…

“എന്നാലും നിന്റെ ഡീലിങ് തകർത്തു. ഞാൻ ആണെങ്കിൽ മിണ്ടാതെ കേട്ടോണ്ടിരിക്കും ”

“ഓരോരുത്തർക്കും ഓരോ ഡീലിങാ.. ആദ്യം വന്ന കക്ഷിക്ക് നല്ല ദാർഷ്ട്യം ഉണ്ട്. അത് മുറിവേൽക്കുന്ന പോലെ തിരിച്ചു കൊടുത്താൽ അവർ സൈലന്റ്..

പിന്നെ വന്നത് വിഷമാണെങ്കിലും പുറമെ കൽക്കണ്ടമല്ലായിരുന്നോ? അതാ ഞാനും പഞ്ചാര അടിച്ചത്. പുള്ളിക്കാരി സൗന്ദര്യത്തിൽ ശ്രദ്ധിക്കുന്ന ആളാണെന്ന് കണ്ടാൽ അറിയാം.

അപ്പൊ അതിൽ പിടിച്ചു ഒരു കളി അങ്ങ് കളിച്ചു അത്രേയുള്ളൂ…മനുഷ്യരുടെ സ്വാഭാവം ഒന്ന് പഠിച്ചിട്ട് വേണം എങ്ങനെ പ്രതികരിക്കണം എന്ന് തീരുമാനിക്കാൻ എല്ലാ അസുഖങ്ങൾക്കും ഒരെ ഗുളിക അല്ലല്ലോ ”

“എന്റെ പൊന്നോ നമിച്ചു “രേഖ തൊഴുതു

” ഞാൻ സന്ധ്യ കഴിഞ്ഞു ഡ്രൈവ് ചെയ്യുന്നത് അച്ഛന് കുറച്ചു ടെൻഷൻ ആണ്. പാവം ഒരു അറ്റാക്ക് കഴിഞ്ഞു ഇരിക്കുവാ… ഞാൻ പോട്ടെ ടി ”

ദേവു എഴുന്നേറ്റു… രേഖ അവളുടെ കയ്യിൽ പിടിച്ചു…

“ഒരു ചോദ്യം കൂടി. കല്യാണം കഴിക്കില്ലേ നീയ്? അതൊ ഇനി നിന്റെ ഉള്ളിൽ വല്ല ഐ എ എസുകാരനും ഉണ്ടൊ ഞാൻ അറിയാത്ത?”

ദേവു ചിരിച്ചു…

“പോടീ… അങ്ങനെ ഒന്നുമില്ല. നിന്റെ പൊങ്ങച്ചക്കാരി അമ്മായിയുടെ കൂടുതൽ പൊങ്ങച്ചം കേൾക്കാതിരിക്കാൻ ഇറക്കിയ നമ്പറല്ലേ അത്? പക്ഷെ ഞാൻ ഉറപ്പായും കല്യാണം കഴിക്കും.

ദൈവം അനുഗ്രഹിച്ചാൽ അമ്മയാകുകയും ചെയ്യും..പക്ഷെ അതിന് മുന്നേ എനിക്ക് ഒരു ജോലി കിട്ടണം.. അതിന് വേണ്ടിയുള്ള ശ്രമം ആണ് ഇനി..”രേഖ അവളെ ഇറുക്കി കെട്ടിപിടിച്ചു

“ഇടക്ക് വിളിക്ക് ”

“പറ്റുമ്പോ ഒക്കെ വിളിക്കും..”അവൾ ചിരിച്ചു പിന്നെ കുഞ്ഞിന്റെ അരികിൽ ചെന്നു ആ നെറ്റിയിൽ മെല്ലെ മുത്തി..

“മിടുക്കിയായി വളരുക.”

“മോളെ മിടുക്കിയായി വളർത്തുക.. നിന്നോടാ പറഞ്ഞത് കേട്ടോ ”

രേഖയെ നോക്കി ആവർത്തിച്ചു അവൾ.

രേഖ തലയാട്ടി. അവൾ കൈയിൽ ഒന്ന് പിടിച്ചു. പിന്നെ കവിളിൽ ഒരു ഉമ്മ കൊടുത്തു…

“പോട്ടെടി ”

തിരിഞ്ഞു നോക്കാതെ വാതിൽ കടന്ന് ദേവു പോകവേ രേഖയുടെ കണ്ണുകൾ ഒന്ന് നിറഞ്ഞു. കുഞ്ഞ് ഒന്ന് അനങ്ങിയപ്പോൾ അവൾ ചെന്നു നോക്കി

കണ്ണ് തുറന്നു കിടക്കുന്നു

“ചക്കര ഇപ്പൊ പോയ ആന്റിയെ കണ്ടാരുന്നോടാ… ഉം ഉം… അത് പോലെ മിടുക്കിയാവണം ട്ടോ…”

അവൾ കുഞ്ഞിനെ എടുത്തു നെഞ്ചിൽ ചേർത്ത് പാൽ കൊടുക്കാൻ ആരംഭിച്ചു…

Leave a Reply

Your email address will not be published.