അവൾ എന്താ ഇവിടത്തെ വേലക്കാരി ആണെന്നാണോ നിന്റെ വിചാരം, കുട്ടികളെ ഓർത്താണ് ഞാൻ എത്രനാൾ ഒന്നും..

(രചന: അംബിക ശിവശങ്കരൻ)

“വിശ്വേട്ടാ….നാളെ ചേച്ചി വരുന്നുണ്ടെന്ന് പറഞ്ഞ് അമ്മയെ വിളിച്ചിരുന്നു എന്ന്. ഇന്ന് വൈകുന്നേരമാ അമ്മ എന്നോട് ഇക്കാര്യം പറഞ്ഞത്. ചേച്ചി വരുന്നുണ്ടെന്ന് കേട്ടാലേ എനിക്ക് ടെൻഷനാണ്.”

ബെഡിലിരുന്ന് തുണികളെല്ലാം അടുക്കി പെറുക്കി വയ്ക്കുന്നതിനിടയ്ക്ക് ജ്യോതി തന്റെ ഭർത്താവിനോട് ആവലാതി പ്രകടിപ്പിച്ചു.

“എന്റെ പെങ്ങൾ തന്നെയല്ലേ വരുന്നത്? അല്ലാതെ ആറ്റംബോംബ് ഒന്നുമല്ലല്ലോ? അതിന് താൻ എന്തിനാ ഇങ്ങനെ ബേജാറാകുന്നത്?”

അവൻ അവളെ കളിയാക്കി.

” ആറ്റംബോംബ് ആണേൽ എത്രയോ ഭേദം എന്റെ വിശ്വേട്ടാ…. ഒരു നിമിഷം കൊണ്ട് എല്ലാം തീരുമല്ലോ?.

ഇത് അങ്ങനെയാണോ…? സാധാരണ എല്ലാ പെണ്ണുങ്ങൾക്കും അമ്മായിയമ്മ ആയിരിക്കും പ്രശ്നം എന്റെ കാര്യത്തിൽ അതൊരു പാവമാ ഇവിടെ പ്രശ്നക്കാരി നാത്തൂൻ അല്ലേ? ”

“കല്യാണം കഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞിട്ടും തനിക്ക് നാത്തൂൻ പേടി മാറിയില്ലേ?”

” എങ്ങനെ മാറും എന്റെ വിശ്വേട്ടാ …വന്നു കയറിയതും ചേച്ചി തുടങ്ങും ഇവിടത്തെ കുറ്റം കുറവും കണ്ടുപിടിക്കൽ.

പറയണ കേട്ടാൽ തോന്നും ഞാനിവിടെ ഒന്നും ചെയ്യുന്നില്ലെന്ന്. ഞാൻ ജോലി ചെയ്യുന്നത് കണ്ട് കഷ്ടം തോന്നിയിട്ട് അമ്മ തന്നെ പറയാറുണ്ട് പോയി റെസ്റ്റ് എടുക്കാൻ. ”

അവളുടെ വാക്കുകളിൽ തെല്ലൊരു പരിഭവം നിറഞ്ഞു നിന്നു.

” അവൾ ചെറുപ്പം മുതലേ അങ്ങനെയാ ആര് എന്ത് ചെയ്തു കൊടുത്താലും തൃപ്തി ആകാറില്ല. എല്ലാം സ്വയം ചെയ്താലേ മനസമാധാനം ആകുകയുള്ളൂ…

ഈ ഒച്ചയും ബഹളവും ഒക്കെ ഉണ്ടെന്നേയുള്ളൂ ആളൊരു പാവമാ താൻ ഇതൊന്നും അത്ര വലിയ കാര്യമാക്കേണ്ട. വാ വന്നു കിടക്കാൻ നോക്ക്… ”

അവൻ ആ കാര്യം വളരെ നിസ്സാരമായി പറഞ്ഞവസാനിപ്പിച്ചു.

” അല്ലേലും പെങ്ങളെ പറഞ്ഞാൽ പിടിക്കില്ലല്ലോ..”

പിറു പിറുത്തു കൊണ്ടാണ് അവൾ അവന്റെ ചാരയായി വന്നു കിടന്നത്.

” എന്താടോ വല്ലതും പറഞ്ഞോ? ”

“ഞാൻ ഒന്നും പറഞ്ഞില്ല.”

“പറഞ്ഞത് ഞാൻ കേട്ടു.”

” പിന്നെ എന്തിനാ ചോദിച്ചത്? ”

അവൾ പിണക്കം നടിച്ചു

” എന്റെ അടുത്ത് മാത്രം നാക്ക് എടുക്കാൻ അല്ലേ അറിയൂ…എന്നിട്ട് എല്ലാം കേട്ടു നിന്നിട്ട് ഇവരത് പറഞ്ഞു അവരിത് പറഞ്ഞു എന്നൊക്കെ പറഞ്ഞുകൊണ്ട് വരും.അന്നേരം ഈ നാക്ക് എവിടെ പോയി? ”

“ഞാൻ കൊണ്ട് പണയം വെച്ചു എന്തേ?”

അവനത് കേട്ട് ചിരിയാണ് വന്നത്

“ഇനി അവൾ എന്തെങ്കിലും നിന്നെ പറയുന്നത് ഞാൻ കേൾക്കട്ടെ….എന്താ പറയേണ്ടത് എന്ന് എനിക്കറിയാം”

. പിന്നെ കുറച്ച് നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല

“അതെ…..വിശ്വേട്ടാ….”

ഉറക്കത്തിലേക്ക് വഴുതിവീണ നേരമാണ് അവൾ തോണ്ടി വിളിച്ചത്.

“ഏത് നേരത്താണാവോ ദൈവമേ കല്യാണം കഴിക്കാൻ തോന്നിയത്?”

അവൻ മനസ്സിൽ പിറുപിറുത്തു.

“എന്താ ജ്യോതി?”

ഉറക്കച്ചടവിൽ അവൻ മുരണ്ടു

” അതെ…ഇതിന്റെ പേരിൽ ഇനി ഒന്നും പറയാനൊന്നും പോണ്ടാട്ടോ….ഞാൻ കാരണം ഇവിടെ ഇനി ഒരു വഴക്ക് ഉണ്ടാക്കേണ്ട”

എന്നത്തേയും സ്ഥിരം ഡയലോഗ് കേട്ട് അവൻ ശരിയെന്ന് മൂളി.ഇത് ഇവിടെ തന്നെ വന്ന് അവസാനിക്കുകയുള്ളൂ എന്നവന് കൃത്യമായി അറിയാമായിരുന്നു.

തന്റെ ഭർത്താവ് നിദ്രയെ പ്രാപിച്ചപ്പോഴും നാളെ ചേച്ചി വരുമ്പോഴേക്കും എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന കണക്കു കൂട്ടലുകൾ ആയിരുന്നു അവളുടെ മനസ്സ് മുഴുവനും.

പിറ്റേന്ന് അതിരാവിലെ തന്നെ ഉറക്കമുണർന്ന് അവൾ ജോലികൾ ചെയ്തു തുടങ്ങി. എത്ര അടുക്കി പെറുക്കി വെച്ചിട്ടും തൃപ്തിയാകാത്തത് പോലെ അവൾക്ക് തോന്നി.

കൊച്ചു ജനിച്ചതോടെ ഏത് സമയവും അവന്റെ കളിപ്പാട്ടങ്ങൾ അടുക്കി പെറുക്കി വയ്ക്കാനെ സമയമുള്ളൂ… എത്ര അടക്കി വെച്ചാലും അടുത്ത നിമിഷം തന്നെ അവനത് വലിച്ചുവാരിയിട്ട് അലങ്കോലമാക്കിയിടും.

“എന്തിനാ മോളെ ഇങ്ങനെ രാവിലെ തന്നെ കിടന്നു മരണപ്പണി എടുക്കുന്നത്? കൊച്ചു കരയുന്നത് കേട്ടില്ലേ? മോളു പോയി പാലു കൊടുത്തിട്ട് വാ അടുക്കളയിലെ കാര്യം ഞാൻ നോക്കിക്കോളാം.. ”

പാല് കൊടുത്തു കഴിഞ്ഞ് അടുക്കളയിലേക്ക് കൊച്ചിനെയും കൊണ്ടാണ് അവൾ വന്നത്.

“അമ്മ ദാ മോനെ എടുത്താൽ മതി ജോലിയൊക്കെ ഞാൻ ചെയ്തോളാം.”

അതും പറഞ്ഞ് കൊച്ചിനെ അവരുടെ കയ്യിൽ ഏൽപ്പിച്ചുകൊണ്ട് അവൾ ബാക്കി ജോലികൾ കൂടി ചെയ്തു തീർത്തു.

വീടെല്ലാം അടിച്ചു പെറുക്കി ചേച്ചിക്ക് ആയി കാത്തിരുന്ന നേരം ഗേറ്റിനു മുന്നിൽ ഓട്ടോ വന്നു നിന്നതും മോൻ അവന്റെ കളിപ്പാട്ടങ്ങൾ എടുത്തു വച്ചിരുന്ന പെട്ടി വലിച്ച് താഴെയിട്ട് അവിടെയൊക്കെ നിറച്ചതും ഒരുമിച്ചായിരുന്നു.

” ദൈവമേ ഈ ചെക്കന് ഇത് എന്തിന്റെയാണ്?

ഓടിച്ചെന്ന് എല്ലാം തിരികെ വാരി പെട്ടിയിൽ ഇടുന്നതിനു മുന്നേ തന്നെ ചേച്ചി അകത്തേക്ക് രംഗപ്രവേശനം നടത്തിയിരുന്നു.

“എന്താ അമ്മേ ഈ വീട് കിടക്കുന്ന കോലം? കൊച്ചിന് കളിക്കാൻ ഒന്നോ രണ്ടോ ടോയ്സ് എടുത്തു കൊടുത്താൽ പോരേ? ഇങ്ങനെ എല്ലാം കൂടി വലിച്ചുവാരി ഇടണോ? പെട്ടെന്ന് ഒരാൾ കേറിവന്നാൽ എന്താ അവസ്ഥ?”

എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഒന്നുമറിയാത്തതുപോലെ നോക്കി നിന്നു ചിരിക്കുന്ന കാശി കുട്ടനെ നോക്കി ജ്യോതി കണ്ണുരുട്ടി.

“എന്റെ പൊന്നു ശാരി നീ വന്നു കയറിയതല്ലേ ഉള്ളൂ….അപ്പോഴേക്കും തുടങ്ങിയോ? ആദ്യം ഈ ഉടുപ്പൊക്കെ മാറിയിട്ട് എന്തെങ്കിലുമൊക്കെ കഴിക്ക്.”

തന്റെ രണ്ടുപേരകുട്ടികളെയും വാത്സല്യപൂർവ്വം തലോടിക്കൊണ്ട് അവർ പറഞ്ഞു.

“വിശ്വൻ ജോലിക്ക് പോയോ?”

“ഉം”

“ചേച്ചിക്ക് കഴിക്കാൻ എടുക്കട്ടെ?”

എല്ലാം അടുക്കി പെറുക്കി വയ്ക്കുന്നതിനിടയിൽ അവൾ ചോദിച്ചു.

“വേണ്ട ഞാൻ അടുക്കളയിലേക്ക് വരാം.”

അതും പറഞ്ഞവൾ ഡ്രസ്സ് മാറ്റാൻ മുറിയിലേക്ക് പോയി.

“എന്താ അമ്മേ ആ മുറി കിടക്കുന്ന കോലം? ആ കർട്ടൻ ഒക്കെ എത്ര ദിവസമായി കഴുകിയിട്ട്?ഒരു അടുക്കും ചിട്ടയും ഇല്ലാതെ ഇട്ടേക്കുന്നത് എന്താ?”

അടുക്കളയിൽ ഭക്ഷണം വിളമ്പി കൊണ്ടിരുന്ന അവരുടെ അരികിലേക്ക് വീണ്ടും അവൾ പരാതിയുമായി എത്തി.

“കർട്ടൻ കഴുകിയിട്ട് ഒരാഴ്ച പോലും ആയിട്ടില്ലല്ലോ… ജ്യോതി മോളാ എല്ലാ കർട്ടനും അഴിച്ച് കഴുകിയിട്ടത്… പാവം.”

“ആ കഴുകിയിട്ടതിന്റെ ഗുണം കാണാനുമുണ്ട്… ഞാൻ ഉപയോഗിച്ചുകൊണ്ടിരുന്നപ്പോൾ എത്ര വൃത്തിയിൽ ഇട്ടിരുന്ന റൂമാണ് ഇപ്പോൾ കണ്ടാലും മതി കാലെടുത്തു വയ്ക്കാനേ തോന്നില്ല.”

അതും കേട്ടാണ് ജ്യോതി അങ്ങോട്ടേക്ക് വന്നതെങ്കിലും അവൾ ഒന്നും തന്നെ മിണ്ടിയില്ല. അവളുടെ മുഖം വാടിയത് കണ്ടതും അമ്മയ്ക്ക് വല്ലാതെയായി.

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞതും പിന്നെയും ഓരോന്നും പറഞ്ഞ് അവൾ അവിടേക്ക് വന്നു.

“എന്താ അമ്മേ ആ ബാത്റൂം ഒന്നും ഉരച്ചു കഴുകാറില്ലേ? എന്തൊരു കോലമാ അത്?”

ഇക്കുറി ജ്യോതിയുടെ മുഖത്തേക്ക് നോക്കിയതും അമ്മയ്ക്ക് മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല.

“നിർത്ത് ശാരി…. എന്താ ശരിക്കും നിന്റെ പ്രശ്നം? നീ സ്വയം നല്ലതെന്ന് കാണിക്കാൻ ശ്രമിക്കുകയാണോ അതോ ഈ പാവം കുട്ടിയെ മോശമാക്കാൻ ശ്രമിക്കുകയാണോ?

ഇത് നിന്റെ വീടാണെന്നത് ശെരിയാണ് എന്ന് കരുതി ഇവിടെ കേറി ഭരണം നടത്തേണ്ട കാര്യം എന്താ … നിനക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ വന്നു നിന്നു പോകാം.

നിന്നെ കല്യാണം കഴിച്ച് അയച്ചതാണ്. ഇവിടുത്തെ കാര്യങ്ങളിൽ അനാവശ്യമായി തലകടത്തേണ്ട കാര്യം നിനക്കില്ല. എന്റെ കാലം കഴിഞ്ഞാൽ ഈ വീടിന്റെ പൂർണ്ണ ഉത്തരവാദിത്തം ജ്യോതിക്കാണ്…

അവൾ എന്താ ഇവിടത്തെ വേലക്കാരി ആണെന്നാണോ നിന്റെ വിചാരം? കുട്ടികളെ ഓർത്താണ് ഞാൻ എത്രനാൾ ഒന്നും മിണ്ടാതിരുന്നത്.”

” കൊച്ചുങ്ങൾ ഉള്ള വീട്ടിൽ എത്ര ഒതുക്കിയിട്ടും കാര്യമില്ല. അതുങ്ങൾ അവരുടെ ഇഷ്ടത്തിന് ഓരോന്ന് വലിച്ചുവാരി ഇട്ടു കൊണ്ടിരിക്കും. അവിടെ വലിയ വൃത്തി പറഞ്ഞിട്ട് കാര്യമില്ല നീയും രണ്ടെണ്ണത്തിനെ പെറ്റതല്ലേ? ”

“ഈ ഇത്തിരി ഇല്ലാത്ത കൊച്ചിനെയും കയ്യിൽ പിടിച്ചാണ് ഇവൾ ഇവിടത്തെ സകല ജോലിയും ചെയ്യുന്നത്.

നീയൊക്കെ പ്രസവം കഴിഞ്ഞ് എത്രയോ നാള് കഴിഞ്ഞാണ് അടുക്കളയിൽ കയറിയത് അതുപോലെയല്ല ജ്യോതി. അവളിവിടെ ഇത്തിരി നേരം വെറുതെ ഇരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.

നിന്നെപ്പോലെ കൊച്ചിനെ നോക്കാൻ ഉണ്ടെന്നും പറഞ്ഞ് അമ്മായിയമ്മയെ കൊണ്ട് സകല ജോലിയും അവൾ ചെയ്യിക്കാറില്ല. പകരം കൊച്ചിനെ എന്റെ കയ്യിൽ തന്നിട്ട് അവളാണ് ഇവിടെ സകലതും ചെയ്യുന്നത്.

ഇതൊന്നും കാണാതെ വല്ലപ്പോഴും ഒരിക്കൽ കയറിവന്ന് ഈ കൊച്ചിനെ ഇങ്ങനെ കണ്ണീചോരയില്ലാതെ ഓരോന്ന് പറയാനാണ് ഭാവമെങ്കിൽ നീ ഇനി ഇങ്ങോട്ട് വരണമെന്നില്ല ശാരി…

എനിക്ക് നിന്നെപ്പോലെ തന്നെയാണ് ഇവളും.മകളുടെ കൂടെ നിന്ന് മരുമകളെ തരംതാഴ്ത്തി കാണിക്കുന്ന അമ്മായിയമ്മമാരെ മാത്രമേ നീ കണ്ടിട്ടുള്ളൂ എന്നാൽ ഞാൻ അത്തരക്കാരി അല്ല മനസ്സിൽ വെച്ചോ നീ…”

അപ്രതീക്ഷിതമായ താക്കീത് കേട്ട് ശരിക്കും ശാരിയുടെ വായടഞ്ഞു പോയി.

ഇത്രനേരം കേട്ട കുറ്റപ്പെടുത്തലുകളുടെ വേദനയെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായതുപോലെ അവൾക്ക് തോന്നി നിറഞ്ഞ മനസ്സോടെ അവൾ അമ്മയെ നോക്കി പുഞ്ചിരിച്ചു. രാത്രി അത്താഴം കഴിക്കാൻ ഇരുന്നപ്പോൾ ശാരി ഒന്നും പറയാൻ വാ തുറന്നതേയില്ല..

“എന്നാലും ഇവൾക്ക് ഇതെന്തുപറ്റി? ഫുൾ സൈലന്റ് ആണല്ലോ…വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ ആവോ? മുറിയിൽ കയറിയതും വിശ്വൻ സംശയം പ്രകടിപ്പിച്ചു.”

“ഇത് അതൊന്നുമല്ല വിശ്വേട്ട കിട്ടേണ്ടത് കിട്ടിയപ്പോൾ നന്നായത…

“കിട്ടേണ്ടതൊ?എന്ത്?”

അവൾ നടന്നതെല്ലാം വിവരിച്ചു.

” അപ്പോൾ വെറുതെയല്ല ഇനി ആളു കളി നടക്കില്ലെന്ന വിഷമമാ അപ്പോൾ ഞാൻ കണ്ടതല്ലേ…? ”

പുറമേയ്ക്ക് തികട്ടി വന്ന ചിരി പ്രകടമാക്കാതെ മനസ്സിൽ അവൾ ഊറിയൂറി ചിരിച്ചു കൊണ്ടിരുന്നു.