ഇവൻ്റെയൊക്കെ ഒരു ഭാഗ്യമേ, വിളിക്കാനും കറങ്ങാനുമൊക്കെ പെണ്ണുണ്ട് അതും..

(രചന: AK Khan)

“ഹലോ”

“എടാ പോത്തേ എത്ര നേരം കൊണ്ട് വിളിക്കുവാടാ നിന്നേ….?”

“സോറി അളിയാ കുളിക്കുവായിരുന്നു…
എന്താടാ ജീവാ കാര്യം?”

“അളിയാ അത് പിന്നെ ഇന്ന് വൈകിട്ട് ഞാൻ മീരയോടോപ്പം സിനിമയ്ക്ക് പോകുവാണ്…

നിൻ്റെ വീട്ടിൽ പഠിക്കാൻ വരുന്നെന്ന് പറഞ്ഞാണ് വീട്ടിന്ന് ചാടിയത്. സോ അമ്മ വല്ലോം വിളിച്ചാൽ നീയൊന്നു അഡ്ജസ്റ്റ് ചെയ്തേക്കണേഡാ…..”

“എടാ നാറി…. നിന്നെയൊക്കെ സമ്മതിക്കണം ആഹ്, എന്തായാലും പോയിട്ട് ബാ, ബാക്കി കാര്യം ഞാൻ മാനേജ് ചെയ്തോളാം.”

ഞാൻ ഫോൺ കട്ട് ആക്കി.

ഇവൻ്റെയൊക്കെ ഒരു ഭാഗ്യമേ, വിളിക്കാനും കറങ്ങാനുമൊക്കെ പെണ്ണുണ്ട്….അതും പലതും. കൂടാതെ എൻ്റെ പേര് പറഞ്ഞാല് വീട്ടീന്ന് ചാടാനും സുഖം. നീ ഇങ്ങനെയൊക്കെ നടന്നോ, എന്തിന്…

പിറകെ നടക്കാൻ പോയിട്ട് ഒന്ന് വിളിക്കാൻ പോലും ആരുമില്ല. കണ്ണാടിയിലേക്ക് നോക്കി ഞാൻ എന്നോട് തന്ന പറഞ്ഞു നെടുവീർപ്പിട്ടു.

കൊറച്ച് കഴിഞ്ഞ് മൊബൈൽ എടുത്ത് വാട്ട്സ്ആപ് ഓപ്പൺ ആക്കിയപ്പോൾ ജീവയുടെ സ്റ്റാറ്റസ്….

“…..മൂവി ടൈം വിത്ത് മൈ ലവ്….”

എൻ്റെ സകല മൂഡും പോകാൻ വേറേ വല്ലോം വേണോ…. ഹാ! പറഞ്ഞിട്ട് കാര്യമില്ല. അവൻ്റെയോക്കെ ഒരു യോഗം..

യോഗമില്ല അമ്മിണിയെ പായ മടക്കിക്കോ എന്ന അവസ്ഥയിൽ ഞാൻ….

പിറ്റേന്ന് രാവിലെ.

ജീവാടെ വീട് വരെ പോയിട്ട് വരാം. ഇന്നലത്തെ വിശേഷങ്ങൾ അറിയാല്ലോ.
ഞാൻ ചിന്തിച്ചു. മുറ്റത്തിറങ്ങി ബൈക്കും സ്റ്റാർട്ടാക്കി ഞാൻ ജീവായുടെ വീട് ലക്ഷ്യമാക്കി പാഞ്ഞു.

എന്നെ കണ്ടതും മുറ്റത്ത് തുണി വിരിച്ചു കൊണ്ടിരുന്ന അവൻ്റെ അമ്മ ഓടിക്കിതച്ച് എൻ്റെയടുത്തെത്തി.

“അല്ല ഇതാരു മനുവോ, വാ വാ…
ആ മക്കളെ, ഇന്നലെ ഇവൻ വൈകിട്ട് 4 മണിക്ക് പോയിട്ട് 10 മണിക്കാണ് കയറി
വന്നത്,,…മനുവിൻ്റെ വീട്ടിൽ ഉണ്ടായിരുന്നല്ലോ അല്ലേ?”

” ആ അമ്മ, അവൻ എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു…. ഞങ്ങൾ പഠിച്ചൊണ്ടിരുന്ന്”

“ഒന്നും പറയണ്ട മക്കളേ, കാലം അതാണോ…. അല്പ സമയം മതി പിള്ളേർക്ക് വഴി തെറ്റാൻ…പിന്നെ മനുവിൻ്റെ കൂടെ ആവുമ്പോ നമുക്ക് ഒരു ആശ്വാസം….”

എന്താണെന്ന് അറിയില്ല, സ്വന്തമായി കാമുകി ഇല്ലാത്തതിൻ്റെ ഒരു നഷ്ടബോധം ആയിരിക്കാം, ആ സമയം എൻ്റെ ഉള്ളിലേക്ക് തിരുകി കേറി.

ഇപ്പൊ തന്നെ ഇവൻ്റെ അമ്മെടെൽ എല്ലാം പറഞ്ഞാലോ, കള്ളി വെളിച്ചത്താക്കാം.. അങ്ങനെ അവൻ ഇപ്പോ സുഗിക്കണ്ട… ഞാൻ മനസ്സിൽ ഓർത്തു.

” അല്ല അത്പിന്നേ അമ്മേ….’

” ആ മക്കള് കേറിയിരിക്ക്, ഞാൻ കാപ്പി എടുക്കാം.”

പറയാൻ വന്നത് അതോടെ ഉളിലേക്ക് കയറി പോയി. ആ അല്ലേൽ വേണ്ട, പാവം ജീവിച്ചു പോട്ട്, പിന്നെ എപ്പഴേലും കയ്യിൽ കിട്ടും, അപ്പോ കൊടുക്കാം പണി.

ഞാൻ അകത്തേക്ക് കയറി.

എന്നെ കണ്ടതും ജീവ സ്റ്റെപ് ഇറങ്ങി താഴോട്ട് വന്നു. സോഭായിൽ ഇരുന്നു ടിവി കണ്ടോണ്ടിരുന്ന അച്ഛൻ എന്നെ നോക്കി കണ്ണ് കൊണ്ട് അമ്മയുടെ അതേ ചോദ്യം ചോദിച്ചു.

കാര്യം മനസ്സിലായ ഞാൻ ‘അതെ’ എന്ന് പറഞ്ഞു തലയാട്ടി.

അപ്പോഴേക്കും അമ്മ അടുക്കളയിൽ നിന്നും ബ്രേക്ക്ഫാസ്റ്റ് കൊണ്ട് ടേബിളിൽ വച്ചു. ഞാനും ജീവയും ഒന്നിച്ചിരുന്നു.

പെട്ടന്ന് ജീവ എന്നെ മുൻനിർത്തി എല്ലാരും കേൾക്കെ ഉച്ചത്തിലായി ചോദിച്ചു.

” അമ്മയ്ക്കല്ലായിരുന്നോ സംശയം… ദാ ഇവൻ്റെൽ ചോദിച്ചു നോക്ക്,, ഞാൻ ഇന്നലെ ഫുൾ ടൈം ഇവൻ്റെ ഒപ്പം ഉണ്ടായിരുന്നു…”

അവൻ അഭിമാനത്തോടെ എന്നെ നോക്കി പറഞ്ഞു.

എന്തോ, എൻ്റെയുള്ളിലെ അരിശം അപ്പോ തിളച്ചില്ല… ഞങ്ങൾ കഴിക്കാൻ തുടങ്ങി.

ഇതിനിടയിൽ അച്ഛൻ സന്തോഷം കൊണ്ടാണോ എന്നറിയില്ല ചാനൽ മാറ്റി വാർത്താ ചാനലിട്ടു.

പെട്ടന്നാണ് അത് സംഭവിച്ചത്. ചാനലിലെ ഒരു വാർത്ത കണ്ട് എല്ലാരും അക്ഷരാർത്ഥത്തിൽ ഞെട്ടി. വാർത്ത ഇങ്ങനെയായിരുന്നു:

“കൊറോണ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഇന്നലെ നഗരത്തിലെ ബാറുകളിൽ വൻ തിരക്ക്: പലയിടത്തും നീണ്ട ക്യൂ വരെ അനുഭവപെട്ടു എന്നാണ് അറിയാൻ കഴിഞ്ഞത്…:”

ഇതിൽ എന്താ ഇത്രേ അമ്പരക്കാൻ എന്നല്ലേ.. ആ വാർത്ത കേട്ടല്ല എല്ലാരും ഞെട്ടിയത്…അതിൽ കാണിച്ച ബാറിന് മുന്നിൽ ക്യൂ നിൽക്കുന്നവരുടെ ഇടയിൽ നിൽക്കുന്ന പച്ച ടീഷർട്ടിട്ട ആളിനെ കണ്ടായിരുന്നു.

അത് മറ്റാരുമല്ല, ഈ ഞാൻ തന്ന. ഇന്നലെ ഏതോ ഒരു ദുർബലനിമിഷത്തിൽ കാമുകി ഇല്ലാത്തതിൻ്റെ വിഷമം അടിച്ചു തീർക്കാം എന്ന് വിചാരിച്ച് അവിടെ ചെന്നതാണ്. ഇത് ഇപ്പൊ……

ഞാൻ ഇളിച്ചൊണ്ട് പയ്യെ അവിടെ നിന്ന് എണീറ്റു. ജീവയുടെ അച്ഛനും അമ്മയും എന്നെ തന്നെ മാറി മാറി നോക്കുന്നു.

ജീവ എന്നെ കൊല്ലാൻ നിക്കുവാണ്, കാരണം അവൻ ഇന്നലെ എൻ്റെ ഒപ്പം അല്ലായിരുന്നോ…?

പെട്ടന്നാണ് ജീവയുടെ കരണകുറ്റി നോക്കി അവൻ്റെ അച്ഛൻ ഒന്ന് പൊട്ടിച്ചത്. പിന്നാലെ ചട്ടുകവും എടുത്ത് അമ്മയും.

പിന്നെ ഒന്നും ഓർത്തില്ല. ഒരൊറ്റ ഓട്ടം വച്ചങ്ങ് കാച്ചി, ബൈക്കും സ്റ്റാർട്ടാക്കി നുമ്മ സീൻ കാലിയാക്കി.

എന്നാലും പഹയൻ്റെ അവസ്ഥ ഓർക്ക്മ്പോ കരയണോ ചിരിക്കണോ എന്നറിയില്ല…

ഇതിൽ നിന്നുള്ള ഗുണപാഠം കമൻ്റായി രേഖപ്പെടുത്തുമല്ലോ…

Leave a Reply

Your email address will not be published. Required fields are marked *