പലപ്പോഴും തന്നെ കാണുമ്പോൾ ഉള്ള ആളുടെ ഭാവം എന്താ എന്ന് തിരിച്ചറിയാൻ പറ്റില്ല..

(രചന: ഐശ്വര്യ ലക്ഷ്മി)

“”ഇനിയും സർജറി നടത്താൻ താമസിച്ചാൽ അച്ഛനെ രക്ഷിക്കാൻ പറ്റി എന്ന് വരില്ല. പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞു. ഇനിയെല്ലാം നിങ്ങളുടെ ഇഷ്ടം.

പറഞ്ഞ സമയത്തിനുള്ളിൽ സർജറി നടത്താതെ patient നു എന്തെങ്കിലും പറ്റിയാൽ, പിന്നീട് അതിന് ഡോക്ടർ അല്ലെങ്കിൽ ഹോസ്പിറ്റലിന്റെ അനാസ്ഥ എന്ന് പറയരുത്. അത്രേ എനിക്ക് പറയാനുള്ളൂ….””

ഒരല്പം ദേഷ്യത്തോടെ പറഞ്ഞു ഡോക്ടർ പോയതും, ദേവു ICU വിന്റെ മുന്നിൽ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചിരുന്നു…

ആരോട് ചോദിക്കണമെന്നോ, എന്ത് ചെയ്യണമെന്നോ അറിയാത്ത അവസ്ഥ….

സഹായം ചോദിക്കാൻ പോലും ആരുമില്ല… അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹമായാത് കൊണ്ട് തന്നെ ബന്ധുക്കൾ എന്ന് പറയാൻ പേരിന് പോലും ആരുമില്ല…

അമ്മയുടെ മരണശേഷം പോലും അച്ഛൻ അവരുമായിട്ടൊന്നും ബന്ധം പുതുക്കാൻ ശ്രമിച്ചതുമില്ല…

എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നപ്പോൾ മുന്നിൽ വന്നത് കമ്പനി എംഡി വിഷ്ണുവിന്റെ മുഖമാണ്…

ഏറ്റവും കൂടുതൽ ചീത്ത കേൾക്കാൻ ആണ് ആളെ കണ്ടിട്ടുള്ളതെങ്കിലും, ഇപ്പോൾ തന്റെ മുന്നിൽ സഹായത്തിനു വേറെ ആരുമില്ല…

നഴ്സിനോട് തനിക്ക് ഒന്ന് പുറത്തേക്ക് പോകണം എന്ന് പറഞ്ഞപ്പോൾ അതൊന്നും കുഴപ്പമില്ല, പോയി പെട്ടെന്ന് വരാൻ മറുപടിയും കിട്ടി…

ഒരർത്ഥത്തിൽ ദേവു ഓടുകയായിരുന്നു…

വിഷ്ണു ഓഫീസിൽ കാണണേ എന്നായിരുന്നു അവളുടെ പ്രാർത്ഥന…

പത്രത്തിലെ പരസ്യം കണ്ടാണ് വിഷ്ണുവിന്റെ കമ്പനിയിലേക്ക് അപ്ലിക്കേഷൻ അയച്ചത്… ആദ്യം അവർ ഇന്റർവ്യൂവിനു വിളിച്ചു….

പിന്നീട് ഒരാഴ്ചയ്ക്കുളിൽ ജോയിൻ ചെയ്യാനും പറഞ്ഞു. ആകെ പറഞ്ഞ ഡിമാൻഡ് ഒരു വർഷത്തേക്ക് ബോണ്ട്‌ വേണം എന്നതാണ്…

തനിക്ക് ഈ ജോലി അത്യാവശ്യമായത് കൊണ്ട് തന്നെ ബോണ്ട്‌ സമ്മതിക്കാൻ അധികം സമയം വേണ്ടി വന്നില്ല…

ആദ്യമൊന്നും ഒട്ടും പറ്റുന്നില്ലായിരുന്നു കമ്പനി റൂൾസ്‌….

പക്ഷെ പിന്നീട് എല്ലാം സെറ്റ് ആയി… ആദ്യമൊക്കെ വിഷ്ണു സർ തന്നെ ചീത്ത വിളിക്കാൻ വേണ്ടി മാത്രമാണ് വാ തുറന്നു കൊണ്ട് ഇരുന്നത്.

പക്ഷെ ഇപ്പോൾ അങ്ങനെയല്ല… പലപ്പോഴും തന്നെ കാണുമ്പോൾ ഉള്ള ആളുടെ ഭാവം എന്താ എന്ന് തിരിച്ചറിയാൻ പറ്റില്ല….

പ്രണയമാണോ??? സൗഹൃദമാണോ??? അതോ സാഹോദര്യമോ?????

കൂടെ ജോലി ചെയ്യുന്നവർ പലതും അടക്കം പറയാൻ തുടങ്ങിയപ്പോൾ സ്വയം സാറിന്റെ മുന്നിൽ പെടാതെ നടന്നു…

എങ്കിലും പലപ്പോഴും കണ്ടിട്ടുണ്ട് തന്നിലേക്ക് നീളുന്ന കണ്ണുകളിൽ ഉള്ള ആ കരുതൽ….

ഓഫീസിലേക്ക് ഓടി പാഞ്ഞു കയറിയപ്പോൾ കാണുന്നത് മീറ്റിംഗിന് വേണ്ടി കോൺഫറൻസ് റൂമിലേക്ക് കയറി പോകുന്ന വിഷ്ണു സാറിനെ ആണ്…

“”എന്താ ദേവിക രാവിലെ തന്നെ??? എമർജൻസി ലീവ് വേണമെന്ന് താൻ തന്നെയല്ലേ രാവിലെ മെസ്സേജ് ഇട്ടത്????””

റീസെപ്ഷനിൽ ഇരിക്കുന്ന സുമ ചോദിച്ചതും ദേവു അവരെ നിസഹായതയോടെ നോക്കി നിന്നു… മറ്റൊരാളുടെ മുന്നിൽ തന്റെ വിഷമങ്ങൾ ഇറക്കി വെക്കാൻ അവൾക്ക് തോന്നിയില്ല എന്നതാണ് സത്യം….

“”അത് ചേച്ചി… എനിക്ക് വിഷ്ണു സാറിനെ ഒന്ന് കാണണമായിരുന്നു…””

“”സർ ഒരു മീറ്റിംഗിൽ ആണ് ദേവു… ഒരു അര മണിക്കൂർ ഒന്ന് വെയിറ്റ് ചെയ്യണേ…””

“”മ്മ്….””

പിന്നീടുള്ള സമയങ്ങൾ എല്ലാം ഒച്ചു ഇഴയുന്നത് പോലെ തോന്നി അവൾക്ക്… എത്ര കാത്തിരുന്നിട്ടും സമയം മുന്നോട്ടു പോകാത്തത് പോലെ..

ഒരു മണിക്കൂർ കഴിഞ്ഞു ഇറങ്ങും എന്ന് പറഞ്ഞ വിഷ്ണു മീറ്റിംഗ് കഴിഞ്ഞു ഇറങ്ങിയപ്പോൾ തന്നെ രണ്ട് മണിക്കൂർ ആയി…

സർ വിളിക്കുന്നു എന്ന് പറഞ്ഞു കേബിനിലേക്ക് കയറിയപ്പോൾ അവൾ പറയുന്നതിനെ അവൻ ഏത് അർത്ഥത്തിൽ എടുക്കും എന്നൊരു ചിന്തയായിരുന്നു പെണ്ണിന്….

“”സർ…..””

അകത്തേക്ക് കയറാനായുള്ള അനുവാദം ചോദിച്ചു പുറത്തു നിൽകുമ്പോൾ അവനോട് പറയാനുള്ളതെല്ലാം അവൾ ഒന്ന് കൂടി മനസ്സിൽ പറഞ്ഞു പഠിച്ചു…

“”യെസ്… കം ഇൻ….””

മുന്നിൽ നിൽക്കുന്ന ദേവികയെ കണ്ട് വിഷ്ണു ആകെ അമ്പരന്നു…. കാരണം ആദ്യമായിട്ടാണ് അവൾ അങ്ങനെ അവന്റെ മുൻപിൽ…

സാധാരണ കണ്ടിട്ടും കാണാത്തത് പോലെ പോവുകയാണ് പതിവ്.. അവളുടെ ഈ ഒളിച്ചു കളി മനസിലായെങ്കിലും, ഒരിക്കലും ഒരു ശല്യമായി അവളുടെ പുറകിൽ പോയിട്ടുമില്ല…

“”എന്താ ദേവിക ഈ സമയത്തു?? താൻ ലീവ് ആണെന്ന് പറഞ്ഞതല്ലേ???””

“”അത് സർ… ചോദിക്കുന്നത് തെറ്റാണോ എന്ന് അറിയില്ല.. എനിക്ക് കുറച്ചു പൈസ വേണം…””

“”പൈസയോ?? എന്തിന്????””

“”അത്… അച്ഛൻ… അച്ഛൻ ഹോസ്പിറ്റലിൽ ആണ്…. നാളെ സർജറി നടത്തിയില്ലെങ്കിൽ എന്റെ അച്ഛൻ… എനിക്ക് വേറെ ആരുമില്ല സർ……””

കരഞ്ഞു കൊണ്ട് കാര്യം പറയുന്നവളെ കണ്ട് അവനും ആകെ വല്ലാതായി…

“”നീ ഇങ്ങനെ കരയല്ലേ.. എന്റെ കൂടെ വാ…. ഞാനും വരാം ഹോസ്പിറ്റലിൽ…””

വിഷ്ണു പറഞ്ഞപ്പോൾ നിരസിക്കാൻ അവൾക്കും തോന്നിയില്ല….

അവന്റെ കൂടെ ഹോസ്പിറ്റലിലേക്ക് കയറി ചെല്ലുമ്പോൾ എന്തോ അരുതാത്തത് നടക്കാൻ പോകുന്നത് പോലെ അവളുടെ മനസ് പറഞ്ഞു…

എങ്കിലും വിഷ്ണു കൂടെയുള്ളത് അവൾക്ക് വല്ലാത്തൊരു ധൈര്യമായി… അത് പക്ഷെ ഒരിക്കലും ഒരു കാമുകന്റെ റോൾ ആയിരുന്നില്ല… ഒരു ചേട്ടന്റെ കരുതൽ….

വിഷ്ണു തന്നെ ഓടി നടന്നു ഓപ്പറേഷന് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു… തിരിച്ചു അവൻ ICU വിന്റെ മുന്നിൽ വന്നു നിന്നപ്പോൾ എന്ത് പറഞ്ഞു തന്റെ നന്ദി അവനെ അറിയിക്കും എന്ന് അറിയാതെ അവൾ അവനെ നോക്കി…

പെട്ടെന്നാണ് കുറെ ഡോക്ടർസ് അകത്തേക്ക് ഓടി പോകുന്നത് കണ്ടത്…

അകത്തു നടക്കുന്നത് എന്താണെന്ന് അറിയാതെ ദേവു കണ്ണീർവാർത്തപ്പോൾ വിഷ്ണു ഒരു താങ്ങായി അവളെ ചേർത്തു പിടിച്ചു…

പുറത്തേക്ക് ഇറങ്ങി വന്ന ഡോക്ടറിന്റെ മുഖത്തു തന്നെ ഉണ്ടാരുന്നു ഇനി കേൾക്കാൻ പോകുന്നത് അത്ര നല്ല വാർത്ത ആയിരിക്കില്ല എന്നത്….

“”സോറി ദേവിക… ഞങ്ങൾ മാക്സിമം try ചെയ്തു.. പക്ഷെ അച്ഛൻ… അറ്റാക്ക് ആയിരുന്നു….””

ഡോക്ടർ ബാക്കി പറയുന്നത് പോലും കേൾക്കാതെ അവൾ വിഷ്ണുവിന്റെ കൈയിൽ തളർന്നു വീണു…

പിന്നീട് കർമങ്ങൾ എല്ലാം ബന്ധുക്കൾ ആരും ഇല്ലാത്തത് കൊണ്ട് തന്നെ ചെയ്തത് ദേവൂവാണ്… അതിന് പലരും പലതും എതിർത്തു പറഞ്ഞെങ്കിലും അതൊന്നും അവൾ വക വെച്ചില്ല…

ഏറ്റവും മോശം അവസ്ഥയിൽ പോലും സഹായിക്കാത്തവർ എന്തിന് ഇപ്പോൾ കുറ്റം പറയുന്നു.???..

ചടങ്ങുകൾ എല്ലാം കഴിഞ്ഞു ബന്ധുക്കൾ പെട്ടെന്ന് തന്നെ പോയി.. കാരണം ഇനി അവർ താമസിച്ചാൽ വളർന്നു നിൽക്കുന്ന പെണ്ണ് അവരുടെ ആരുടെയെങ്കിലും തലയിൽ ആകുമെന്ന് അവർ പേടിച്ചു….

എല്ലാവരും പോയി ആ വീട്ടിൽ ഒറ്റയ്ക്ക് ഇരുന്നപ്പോഴാണ് മുറ്റത്തേക്ക് ഒരു കാർ വന്നു നിന്നത്…

അതിൽ നിന്ന് ഇറങ്ങുന്ന ആളെ കണ്ടതും അവൾ വെറുതെ ചിരിക്കാനായി ഒരു ശ്രമം നടത്തി….

വിഷ്ണുവിന്റെ opposite ഡോർ തുറന്നു ഒരു പെണ്ണും അവന്റെയൊപ്പം ഇറങ്ങി…

“”അച്ഛന്റെ ചടങ്ങ് കഴിയുന്നത് വരെ ഞാൻ ഇവിടെ ഉണ്ടാരുന്നു.. അപ്പോഴാ ഭാമ പറഞ്ഞത് അവൾക്ക് ദേവൂട്ടിയെ കാണണമെന്ന്….””

“”ഭാമ…????””

“”ദാ.. ഈ നിൽക്കുന്നതാണ് ഭാമ… എന്റെ ഭാര്യ….””

“”എനിക്ക് അറിയാം… മോൾ വിച്ചേട്ടനെ തെറ്റ് ധരിച്ചു എന്ന്… വിച്ചേട്ടൻ നിന്നെ നോക്കിയതൊന്നും ഒരിക്കലും മറ്റൊരു അർത്ഥത്തിൽ അല്ല…

ഇവർ വീട്ടിൽ മൂന്ന് ആൺകുട്ടികൾ ആണ്… വിച്ചേട്ടന് ഒരു പെങ്ങൾ വേണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു…

നിന്നെ കമ്പനിയിൽ ആദ്യമേ കണ്ടപ്പോൾ തന്നെ ഏട്ടൻ അനിയത്തിയായി അപ്പോയ്ന്റ്മെന്റ് തന്നതാ.. പക്ഷെ അതൊന്ന് പറയാൻ അവസരം മോൾ കൊടുത്തില്ലല്ലോ…

എന്തായാലും ഞങ്ങൾ വന്നത് ഇനി കുറച്ചു ദിവസം മോൾക്ക് ഇവിടെ ഒന്ന് കൂട്ട് നിൽക്കാൻ ആണ്…. അച്ഛന്റെ ചടങ്ങുകൾ എല്ലാം കഴിഞ്ഞു നമുക്ക് ബാക്കി തീരുമാനിക്കാം..””

“”അതൊന്നും വേണ്ട ചേച്ചി.. അതൊക്കെ ചേച്ചിക്ക് ബുദ്ധിമുട്ട് ആകില്ലേ…””

“”ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല… ഇത് വരെ മോൾ ഒന്നും കഴിച്ചു കാണില്ലല്ലോ… അകത്തേക്ക് വാ…””

സ്നേഹത്തോടെയുള്ള ഭാമയുടെ വിളി കേട്ടതും, അത് വരെ പിടിച്ചു വെച്ച കണ്ണീർ എല്ലാം ഒരു പൊട്ടിക്കരച്ചിലാകാൻ അധിക സമയം വേണ്ടി വന്നില്ല…

ദേവൂട്ടി ഒന്ന് നോർമൽ ആകുന്നത് വരെ കരയട്ടെ എന്ന് അവളും കരുതി….

ആ ദിവസം രാത്രി ദേവു മയങ്ങുന്നത് വരെ കൂട്ടിരുന്നിട്ട് ഇറങ്ങിയ ഭാമ കാണുന്നത് ഹാളിലെ സോഫയിൽ കാര്യമായി ആലോചിക്കുന്ന വിഷ്ണുവിനെ ആണ്..

“”എന്താ വിച്ചേട്ടാ ഇത്ര ആലോചന???””

“”ദേവു ഇപ്പോൾ അച്ഛന്റെ ഓർമയിൽ ആയത് കൊണ്ടും, അവൾക്ക് ഒരു താങ്ങ് ആവിശ്യമെന്ന് തോന്നിയത് കൊണ്ടാണ് നമ്മൾ ഇവിടെ നിൽക്കുന്നത്…

ചടങ്ങുകൾ കഴിയുമ്പോൾ അവളോട് എന്ത് പറയും?? നമ്മുടെ കൂടെ വരാനോ???””

“”അങ്ങനെ നമ്മൾ വിളിച്ചാൽ അവൾ ഒരിക്കലും വരില്ല വിച്ചേട്ടാ… സത്യങ്ങൾ പറയണം.. അവളുടെ അമ്മയുടെ ചേച്ചിയുടെ മകനാണ് നിങ്ങളെന്ന്…

അവൾ ഒരിക്കലും അനാഥയല്ല, താങ്ങായി ഒരു വലിയ കുടുംബം അവൾക്ക് ഉണ്ടെന്ന്…

പണ്ട് ഒരു തെറ്റ് പറ്റി.. ആ തെറ്റ് ഇപ്പോഴെങ്കിലും തിരുത്തിയില്ലെങ്കിൽ ദൈവം പോലും നമ്മളോട് പൊറുക്കില്ല…

എത്രയൊക്കെ പറഞ്ഞാലും നിങ്ങൾ ഒരു ചോരയില്ലേ.. അവൾ മനസിലാക്കും എല്ലാം.. എനിക്ക് വിശ്വാസമുണ്ട്…””

എല്ലാം കലങ്ങി തെളിയും എന്നാ വിശ്വാസത്തിൽ വിഷ്ണു ദേവുവിനെ നോക്കിയപ്പോൾ, അടുത്ത് തന്റെ ചേട്ടൻ ഉണ്ടെന്ന തോന്നലിൽ അവൾ സുഖനിദ്രയിലായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *