അവരുടെ എൻഗേജ്മെന്റ് വരെ കഴിഞ്ഞതാ, അവർ തമ്മിൽ പെട്ടന്നായിരുന്നു അടുത്തത്..

നിനക്കായ് മാത്രം
(രചന: അഥർവ ദക്ഷ)

കുട നിവർത്തി പിടിച്ചു കൊണ്ട് ഇമ   ബസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങി മുന്നോട്ട് നടന്നു…… കാറ്റടിയേറ്റ് അവളുടെ ഡ്രസ്സ്‌ ആകെ നനഞ്ഞു… അരക്കെട്ടിനു മുകളിൽ നിൽക്കുന്ന മുടിയിഴകൾ നനഞ്ഞൊട്ടി ….

മെയിൻ റോഡിനു വലതു ഭാഗത്ത് കാണുന്ന വീട് കളിലേക്ക് അവളുടെ കണ്ണുകൾ നീണ്ടു…. എല്ലാം ആർഭാടത നിറഞ്ഞ വലിയ വീടുകളാണ്‌….

“എന്തൊരു മഴയാണിത് ….” അവൾ മനസ്സിൽ പിറു പിറുത്തു ….തോളിൽ കിടക്കുന്ന ബാഗ് ഇടയ്ക്കിടെ വലിച്ചിട്ടു കൊണ്ടു അവൾ മുന്നോട്ട് നടന്നു…..ആ നിരയിലെ അഞ്ചാമത്തെ വീടിന്റെ വലിയ ഗെയ്റ്റിന് മുന്നിൽ അവൾ നിന്നു…..

“അമ്പാടി….. “കൊത്ത് പണികൾ ചെയ്ത മതലിൽ വലിയ സ്വർണ്ണ ലിപിയിൽ എഴുതിയിരിക്കുന്ന പേര് അവൾ വായിച്ചു…..

“എന്താ…..”അവൾ എത്തി നോക്കുന്നത് കണ്ടാകാം കുടച്ചൂടി കൊണ്ട് വാച്ച് മാൻ അവിടേക്ക് വന്നു

“ഞാൻ ജാനുവമ്മ പറഞ്ഞിട്ട് വന്നതാ…. “അവൾ ഉറക്കെ പറഞ്ഞു….

“ഇമയാണോ….”അയാൾ സംശയത്തോടെ തിരക്കി…..

“അതേ….”അവൾ തലകുലുക്കി….

അത്‌ കേട്ടതും… വലിയ ഗെയ്റ്റിനപ്പുറത്തേ ചെറിയ പടിപ്പുര വാതിൽ തുറക്കപ്പെട്ടു…. അവൾ അതിലൂടെ അകത്തേക്ക് കയറി…..

“കുട്ടി വന്നാൽ പിന്നാം പുറത്തേക്ക് ചെല്ലാനാ പറഞ്ഞത്… അങ്ങോട്ട് ചെന്നിട്ട് ഗാർഡന്റെ സൈഡിലൂടെ പിറകിലോട്ട് ചെന്നാൽ മതി…..”അയാൾ അവളോടായി പറഞ്ഞു….

ഇമ തല കുലുക്കി സമ്മതിച്ചു കൊണ്ട് മുന്നോട്ട് നടന്നു…. കരിങ്കൽ പാകിയ നടപ്പാതയാണ്.. ഇരു സൈഡിളുമായി പച്ച പുൽത്തകിടിയും… കൊച്ചു കൊച്ചു ഫല വൃക്ഷങ്ങളും….

കുറച്ചങ്ങോട് നടന്നപ്പോൾ അവൾ കണ്ടു തല ഉയർത്തി പിടിച്ച് നിൽക്കുന്ന മനോഹരമായ ഒരു മാളിക….

“പറഞ്ഞു കേട്ടതിനേക്കാൾ എത്ര വലുതാണിത് “അവൾ മനസ്സിൽ ഓർത്തു….

വീടിനോട് ചേർന്ന് വലിയൊരു പൂന്തോട്ടം… അതിന്റെ സൈഡിലൂടെ അവൾ മുന്നോട്ട് നടന്നു… പിന്നാം പുറത്ത് എത്തിയതും ആരുടെയൊക്കെ സംസാരം അവൾ കേട്ടു…

അവൾ കുട ചുരുക്കി വെച്ച് ഇളംതിണ്ണയിലേക്ക് കയറി നിന്നു… അകത്തേക്ക് നോക്കി നിൽക്കെ ജാനുവമ്മ വർക്ക്‌ ഏരിയയിലേക്ക് വന്നു….

“കുട്ടി എത്തിയോ… ആകെ നഞ്ഞു കുളിച്ചല്ലോ… ഇങ്ങ് അകത്തേക്ക് കയറു….”കൈയ്യിൽ ഉണ്ടായിരുന്ന പാത്രം അവിടെ വെച്ചു കൊണ്ട് അവർ അവളെ അകത്തേക്ക് വിളിച്ചു……

അകത്താകമാനം ഒന്ന് നോക്കി കൊണ്ട് ജാനുവമ്മയ്ക്ക് ഒപ്പം അവൾ അകത്തേക്ക് കയറി…..

തല തൂവർത്താനുള്ളത് എടുത്തു കൊടുത്തതിന് ശേഷം.. കിച്ചണിൽ നിൽക്കുന്നവരെ അവൾക്കായി പരിജയപ്പെടുത്താനും അവർ മറന്നില്ല….

ജാനുവമ്മ ഇമയുടെ അകന്നൊരു ബന്ധുവാണ്…. വർഷങ്ങളായി അവർ അമ്പാടിയിലെ സെർവന്റാണ്….

ഇമയുടെ വീട്ടിലെ അവസ്ഥ വളരെ മോശമാണ് അവളുടെ അച്ഛൻ കുറച്ചുനാൾ മുന്നേ ഒരു കാർ ആക്‌സിഡന്റിൽ മരണപ്പെട്ടു…. അമ്മയാണേൽ ഹാർട്ട്‌ പേഷ്യന്റ് ആണ്…..

അമ്മാവന്മാരുടെ കാരുണ്യം കൊണ്ടാണ് ഇത്രയും നാൾ അവർ കഴിഞ്ഞു പോന്നത്…. പതിയെ.. പതിയെ അവർക്കും ഒരു ബാധ്യത ആകാൻ തുടങ്ങിയപ്പോളാണ് ഇമ ഒരു ജോലി അന്വേഷിച്ച് ഇറങ്ങിയത്…+2കാരിക്ക് കാര്യമായി എന്ത് ജോലി കിട്ടാൻ…..

അങ്ങനെയാണ് ജാനുവമ്മ അമ്പാടിയിലെ അമ്മയെ നോക്കാനായി ഒരാളെ അന്വേഷിക്കുന്നുണ്ടെന്നും താൽപ്പര്യം ഉണ്ടോ എന്നും അവളോട് തിരക്കുന്നത്……

വീട്ടിലെ അവസ്ഥ അത്രയും മോശം ആയത് കൊണ്ട് അമ്മയെ അമ്മാവന്റെ വീട്ടിൽ ആക്കിയതിന് ശേഷം അവൾ ഇറങ്ങി തിരിക്കുകയായിരുന്നു……

ഇറനൊക്കെ മാറിയത്തിന് ശേഷമാണ് ജാനുവമ്മ അവളെ അകത്തമ്മയുടെ അടുത്തേക്ക് കൊണ്ട് ചെന്നത്… ഒറ്റ നോട്ടത്തിൽ തന്നെ അവർക്ക് അവളെ ഒരുപാട് ഇഷ്ട്ടമായി….

വാർദ്ധ്യക്യത്തിലും ഐശ്വര്യത്തിന്റെയും… സൗന്ദര്യത്തിന്റെയും നിറകുടമായ ആ അമ്മയെ ഇമ കണ്ണെടുക്കാതെ നോക്കി നിന്നു…. രത്ന ദേവി എന്നായിരുന്നു അവരുടെ പേര്…..

“അമ്മേ…. രാധു കുഞ്ഞിനോട് വിളിച്ചു പറയണോ….” ജാനുവമ്മ സംശയത്തോടെ ആ അമ്മയെ നോക്കി….

“വേണ്ട ജാനുവേ.. ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്…. കുട്ടിയെ നിക്ക് ഇഷ്ട്ടായാൽ നിർത്തിക്കൊള്ളൂ എന്നാണ് അവൾ പറഞ്ഞത്….”അവർ നിറ ചിരിയോടെ പറഞ്ഞു….

“അമ്മമ്മേ… ഞാൻ പുറത്തേക്ക് ഒന്ന് ഇറങ്ങുവാണ്‌….”പെട്ടന്ന് ഡോറിനടുത്ത് ഒരു പെൺകുട്ടി വന്നു നിന്നു….

“പ്രിയ…. ഇത് ഇമ… അമ്മമ്മയേ നോക്കുവാൻ വന്നതാ….”അവർ ആ പെൺകുട്ടിയോടായി പറഞ്ഞു….

“Hi.. ഇമ നമുക്ക് വന്നിട്ട് വിശദമായി പരിചയപ്പെടാട്ടോ…. ഇപ്പോൾ ലിറ്റിൽ ബിസി… ഓക്കേ ബൈ….”ഇമ്മയെ നോക്കി കണ്ണടച്ച് ചിരിച്ചു കൊണ്ട് പ്രിയ തിരിഞ്ഞു നടന്നു…

“ന്റെ മോൾടെ മോളാ… രത്നപ്രിയ…”രത്ന ഇമയെ നോക്കി… അവൾ ചിരിയോടെ തലയാട്ടി….

“അമ്മ കിടന്നോളൂ… ഞാൻ കാര്യങ്ങളൊക്കെ ഇവൾക്ക് പറഞ്ഞു കൊടുക്കട്ടെ….”ജാനുവമ്മ അവളെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി

കൊട്ടാരം കണക്കെയുള്ള വീടായിരുന്നു അത്… അതിനകം നടന്നു കാണുക തന്നെ ശ്രമകരമാണെന്ന് അവൾക്ക് തോന്നി…..

“ജാനുവമ്മേ… ബ്രേക്ക് ഫാസ്റ്റ്…..”ശബ്ദം കേട്ട് അവർ സ്റ്റെയർ കെയ്സ് ലേക്ക് നോക്കി……

സ്റ്റെപ്പ് ഇറങ്ങി വന്ന ചെറുപ്പക്കാർ സെറ്റിയിലേക്ക് ഇരുന്നു… നേരത്തെ വന്നുപോയ പെൺകുട്ടിയുമായി മുഖ സാമ്യം ഉണ്ടെന്ന് അവൾക്ക് തോന്നി…..

സ്വർണ്ണനാരിഴകൾ പോലത്തെ മുടിയിഴകൾ മുഖത്തേക്ക് വീണു കിടക്കുന്നത് പിറകിലേക്ക് രണ്ട് കൈകൊണ്ടും ഒതുക്കി വെച്ചു കൊണ്ട് അവൻ ഇരുന്നു…..ഭംഗിയുള്ള ആകർഷണീയത നിറഞ്ഞ അവന്റെ കണ്ണുകളിൽ ന്തോ കനം വെച്ച് നിൽക്കുന്ന പോലെ തോന്നി ഇമയ്ക്ക്…..

ജാനുവമ്മയ്‌ക്കൊപ്പം കിച്ചനിലേക്ക് നടക്കുമ്പോളും അവളുടെ കണ്ണുകൾ അവനിൽ തന്നെ ആയിരുന്നു….. ജാനുവമ്മ അയാൾക്കുള്ള പാലപ്പം ചൂടോടെ ചുട്ടത്തിന് ശേഷം കറിയും മറ്റും വേഗതത്തിൽ ചൂടാക്കി….

“പവികുഞ്ഞ് ചൂടോടെയെ എന്തും കഴിക്കൂ…”അതും പറഞ്ഞു കൊണ്ട് അവർ ഭക്ഷണവുമായി വേഗതത്തിൽ ഹാളിലേക്ക് പോയി….

“ഉച്ചയ്ക്കാണോ… ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്നത്…”ഇമ ആത്മ ഗദം പറഞ്ഞതാണേലും ശബ്ദം അറിയാതെ പുറത്തു വന്നു

“കുഞ്ഞ് അങ്ങനെയാണ് മോളെ…” കിച്ചണിൽ ജാനുവമ്മയ്‌ക്ക് ഒപ്പം നിൽക്കുന്ന മീനാക്ഷി അവളെ നോക്കി ചിരിച്ചു….

“ഇവിടെ ആരൊക്കെയാ ഉള്ളെ ചേച്ചി….” ഇമ അവരോടായി തിരക്കി….

“രത്നമ്മയ്ക്ക് രണ്ട് മക്കളാണ് മുത്തയാൾ രാമവർമ്മ…. ഇളയാൾ രാധികവർമ്മ….രാമവർമ്മ അദ്ദേഹത്തിന്റെ മകനാണ്…. പാർവൺ വർമ്മ…

പവി എന്നാ എല്ലാവരും വിളിക്കാ… രാധുകുഞ്ഞിന്റെ ഭർത്താവ്.. ദേവൻ സർ… രണ്ട് മക്കളാണ്… രത്ന പ്രിയ… ദേവകി രത്നം…. പ്രിയകുഞ്ഞും.. ദേവൂ മോളും…”ആ ചേച്ചി വിശദമായി പറഞ്ഞു….

“പവി സർ ന്റെ അമ്മ….”അവൾ സംശയിച്ചു

“അവർ ആ കുഞ്ഞ് വളരെ ചെറുതായിരിക്കുമ്പോൾ തന്നെ ബന്ധം വേർപ്പെടുത്തി പോയതാണ്… കുഞ്ഞിന് ഇവിടെ അച്ഛമ്മയോടൊപ്പം നിൽക്കാനായിരുന്നു ഇഷ്ട്ടം….” അതിനുള്ള മറുപടി അവിടേക്ക് വന്ന ജനുവമ്മയാണ് കൊടുത്തത്….

ഇമ എല്ലാം ശ്രദ്ധയോടെ തന്നെ കേട്ട് നിന്നു…അവരുമായി സംസാരിച്ചു കൊണ്ട് നിൽക്കെ ഹാളിൽ എന്തോ വീണുടയുന്ന ശബ്ദം കേട്ട് അവൾ ഞെട്ടി….

ആ ശബ്ദം കേട്ടിട്ടും അവളൊഴികെ മറ്റാർക്കും ഒരു ഭാവ മാറ്റവും ഇല്ലായിരുന്നു…. മീനാക്ഷി ക്ളീൻ ചെയ്യാനുള്ളതൊക്കെ ആയി അവിടെ നിന്നും പോകുകയും ചെയ്തു….

“എത്ര നല്ല മോൻ ആയിരുന്നു ഇതൊക്കെ എവിടെ ചെന്ന് നിൽക്കും ഈശ്വരാ….”ജാനു ആന്മ ഗദം പറഞ്ഞു

അവർ പറയുന്നത് കേട്ടപ്പോൾ അവൾ കിച്ചണിൽ നിന്നും ഇറങ്ങി ഹാളിലേക്ക് നോക്കി…പവിയെ അവിടെ കണ്ടില്ല അവൻ കഴിച്ചിരുന്ന പ്ലെയ്റ്റ് താഴെ പൊട്ടി കിടക്കുന്നുണ്ട്…..

ഇമ കിച്ചണിൽ തന്നെ നിന്നു എന്തൊക്കെയോ അവൾക്ക് ചോദിച്ചറിയണം എന്നുണ്ടായിരുന്നു… പക്ഷേ അമിത ആകാംക്ഷ എന്തു കൊണ്ടോ നല്ലതെല്ലെന്ന് അവൾക്ക് തോന്നി…..

രത്നമ്മയുടെ ചിട്ടകളും… മരുന്നിന്റെ കാര്യങ്ങളും എല്ലാം വളരെ വിശദമായി തന്നെ ജാനു അവൾക്ക് പറഞ്ഞു കൊടുത്തു….. അവരുടെ റൂമിനടുത്തുള്ള റൂം തന്നെയാണ് അവൾക്കായി അവർ നെൽകിയത്….

സന്ധ്യയോടെയാണ്‌ ആ വീട്ടിലെ എല്ലാവരും തിരികെ എത്തിയത്…. രാധിക വർമ്മ ഒഴികെ മറ്റുള്ളവർ എല്ലാം തന്നെ തികച്ചും സാധാരണക്കാരെ പോലെ തന്നെയാണ് അവളോട് പെരുമാറിയത്…..

രാധിക മാത്രം വേണ്ട നിർദ്ദേശങ്ങൾ അവൾക്ക് നെൽകികൊണ്ട് വേറെ ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ മുകളിലേക്ക് പോയി….

രാവിലെ കണ്ടതിനുശേഷം പവിയെ പിന്നെ പുറത്തേക്ക് കണ്ടതേയില്ല… അത്താഴം ജാനുവമ്മ മുകളിലത്തെ അവന്റെ റൂമിലേക്ക് കൊണ്ട് പോകുകയാണ് ചെയ്തത്…..

രാതി ഉറങ്ങാൻ കിടക്കുമുന്നേ ഇമ അമ്മയെ വിളിച്ചു സംസാരിച്ചിരുന്നു…. ഇവിടേക്ക് വരുമ്പോൾ ഉള്ള ചെറിയ ഭയവും ഉത്കണ്ഠയും എല്ലാം അവളെ വിട്ടകന്നിരുന്നു…..

ദിവസങ്ങൾ ചിലത് കടന്നു പോയി…. പ്രിയയും ഇമയും തമ്മിൽ നല്ല ഒരു സൗഹൃദം ഉടലെടുത്തു…. രത്നയ്ക്ക് അവൾ ഏറെ പ്രിയപ്പെട്ടവൾ ആയിരുന്നു……

ആ വീട്ടിലെ എല്ലാവരെ കുറിച്ചും അവൾക്ക് വല്ലാത്തൊരു മതിപ്പും… ആദരവും.. ഇഷ്ടവും ഒക്കെ ആയിരുന്നു… പക്ഷേ പവി മാത്രം അവളുടെ മനസ്സിൽ ഒരു ചോദ്യ ചിഹ്നമായിരുന്നു…

പകൽ മുഴുവൻ അവൻ ഓഫീസിലും മറ്റുമാകും… അവിടെ നിന്നും വന്നിട്ട് പുറത്തേക്ക് പോയാൽ പിന്നെ അവൻ വരുന്നത് എപ്പോൾ എന്ന് ആർക്കും അറിയില്ല…

ഓഫീസിൽ പോകാത്ത ദിവസങ്ങൾ ഒക്കെ അവൻ ആ റൂമിൽ അടഞ്ഞിരിക്കും…..ഇടക്ക് അവൻ അടുത്തു കൂടെ പോയാൽ അപ്പോളൊക്കെ വിലകൂടിയ മ ദ്യത്തിന്റെ ഗന്ധം അവനിൽ നിന്നും വമിക്കുമായിരുന്നു….

ആരാണെന്നും എന്താണെന്നും നോക്കാതെ ഉച്ച ഉയർത്തി സംസാരിക്കുകയും ദേഷ്യം വന്നാൽ ന്താണോ അതൊക്കെ അവൻ അടിച്ചു തകർക്കുകയും ചെയ്യുമായിരുന്നു…..

ചിലപ്പോൾ ഒക്കെ ആരോടൊക്കെയോ ഫോണിൽ ദേഷ്യപ്പെടുകയും…. ഇംഗ്ലീഷിലും മലയാളത്തിലും എല്ലാം വായിൽ കൊല്ലാത്ത തെറികൾ വിളിച്ചു പറയുകയും ചെയ്യുന്നത് അവൾ കേട്ടിരുന്നു….

അവന്റെ അച്ഛൻ ഒഴിച്ചാൽ ബാക്കി എല്ലാവരും അവന്റെ ചെയ്തികളിൽ മൗനം പാലിക്കുന്നത് അവളിൽ ആചര്യം നിറച്ചു….

ഒരു ദിവസം സിറ്റൗട്ടിൽ പ്രിയയും ഇമയും സംസാരിച്ചിരിക്കുകയായിരുന്നു…. പ്രിയ കോളേജിൽ നിന്നും വന്നു കഴിഞ്ഞാൽ വിശേഷങ്ങൾ പറഞ്ഞ് ഇങ്ങനെ ഇരിക്കുന്നത് ഇപ്പോൾ പതിവാണ്….

അവർ സംസാരിച്ചിരിക്കുന്നതിനിടയിൽ കാർപോർചിലേക്ക് പവിയുടെ കാർ അതിവേഗത്തിൽ വന്നു നിന്നു….. അതിൽ നിന്നും അവൻ ഇറങ്ങി കാൾക്കൊണ്ട് ഡോർ വലിച്ചാടച്ചതിന് ശേഷം അവരെ ഒന്ന് നോക്കുക പോലും ചെയ്യാതെ അകത്തേക്ക് നടന്നു….

അവന്റെ കാലിന്റെ ഇടർച്ച… ഉള്ളിൽ ചെന്ന വിഷത്തിന്റെ അളവ് എത്രത്തോളം ആണെന്ന് മനസിലാകുന്നുണ്ടായിരുന്നു…..

“പ്രിയ എന്താ… നിന്റെ ചേട്ടൻ ഇങ്ങനെ….”അവൾ പ്രിയയെ നോക്കി….

“ഒരു വര്ഷത്തോളം ആകുന്നു ഏട്ടൻ ഇങ്ങനെ ആയിട്ട്….”അവൾ നെടുവീർപ്പിട്ടു….

“എനിക്കൊന്നും മനസിലാകുന്നില്ല….”

“പാർവൺ വർമ്മ….. പഠിക്കുന്ന ടൈമിൽ കോളേജ് ഹീറോ… എന്തിനും ഏതിലും കോളേജിലെ ടോപ്പേർ… പിന്നെ കുറച്ചു നാൾ അബ്രോട് ആയിരുന്നു ഏട്ടൻ… നാട്ടിൽ വന്ന് ബിസിനസ്‌ കാര്യങ്ങൾ എല്ലാം ഏട്ടൻ നോക്കാൻ തുടങ്ങി… അഭിമാനം ആയിരുന്നു ഈ ഏട്ടന്റെ പെങ്ങൾ ആയതിൽ….” പ്രിയ പറഞ്ഞു

“അങ്ങനെയുള്ള ആൾ എങ്ങനെ ഇങ്ങനെ ആയി….”ഇമ സംശയിച്ചു….

“ഏട്ടന്റെ മമ്മ… ഏട്ടൻ വളരെ ചെറുതായിരിക്കുമ്പോൾ സ്വന്തം ഇഷ്ടവും മറ്റും നോക്കി ഇവിടെ നിന്ന് പോയവരാണ്‌… അവർ ഇപ്പോൾ വേറെ മാരീഡും ആണ്….

പഠിച്ചിരുന്ന ടൈമിൽ ഏട്ടന് വേറെ അഫയർ ഒന്നും ഇല്ലായിരുന്നു…വീട്ട് കാരൊക്കെ കൂടി തീരുമാനിച്ചാണ്… ശീതൾ ഏട്ടന്റെ ലൈഫിലേക്ക് വരുന്നത്…..”

“ശീതൾ അതാരാ…”അവൾ തിരക്കി…

“ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ആയ ഇന്ദ്രനങ്കിലിന്റെ മകളായിരുന്നു ശീതൾ …. ഒരുപാട് സംസാരിക്കുന്ന എല്ലാവരോടും നന്നായി ഇടപഴകുന്ന ക്യാരക്റ്റർ….

അവരുടെ എൻഗേജ്മെന്റ് വരെ കഴിഞ്ഞതാ… അവർ തമ്മിൽ പെട്ടന്നായിരുന്നു അടുത്തത്… ഏട്ടന് ഒരുപാട് ഇഷ്ട്ടം ആയിരുന്നു അവളെ ….” അവൾ പറഞ്ഞ് കൊണ്ടിരുന്നു….

“പക്ഷേ…. അവൾ ഞങ്ങൾ ആരും കരുതും പോലെ ഒന്നും ആയിരുന്നില്ല… ഒരിക്കൽ ഒരു ബിസിനസ്‌ ടൂർ പോയ ഏട്ടൻ തന്നെ നേരിട്ട് കണ്ടു…

ഒരു ഹോട്ടലിൽ നിന്ന് ഇറങ്ങി വരുന്ന അവളെയും അവളുടെ ബോയ് ഫ്രണ്ട്നെയും….വിശദമായി അന്വേഷിച്ചപ്പോൾ അറിഞ്ഞു അറപ്പു തോന്നുന്ന അവളുടെ ഓരോ കഥകൾ…”

“ഇത്ര അടുത്ത ഫാമിലി ആയിട്ടും ഇതൊന്നും നേരത്തെ നിങ്ങൾ അറിഞ്ഞില്ല എന്നാണോ….”ഇമ തിരക്കി…

“അവരൊക്കെ വര്ഷങ്ങളായി പുറത്തതൊക്കെ ആയിരുന്നു ഇമ… ഇവിടെ വരുമ്പോൾ അവൾ എന്താണോ അതാകും അവളെന്നു കരുതി പോയി….

അതോടെ ഏട്ടൻ വല്ലാതെ ആയി പുറത്തിറങ്ങാൻ ഷെയിം പോലെ…. മറ്റുള്ളവരെ ഫേസ് ചെയ്യാൻ അതിലുപരി അവളെ അത്രയ്ക്ക് ഇഷ്ട്ടമായിരുന്നു ഏട്ടന്…. ഇപ്പോൾ സ്ത്രീകളോട് തന്നെ വെറുപ്പ് പോലെയാണ്‌…

മമ്മയോട് പണ്ടേ ഏട്ടന് ദേഷ്യമായിരുന്നു… അവൾ കൂടെ അങ്ങനെ ചെയ്തപ്പോൾ….ബിസിനസ്‌ അത് കഴിഞ്ഞാൽ പിന്നെ ഒന്നും ആരും ചോദ്യം ചെയ്യുന്നത് ഏട്ടന് ഇഷ്ട്ടമല്ല..” പ്രിയ സ്വാപാനത്തിലേക്ക് ചാരി ഇരുന്നു…

“നിന്നെയും അച്ഛമ്മയെയും ഇഷ്ട്ടാലേ… ഇവിടെ നല്ല രീതിയിൽ സംസാരിക്കുന്നത് നിങ്ങളോട് മാത്രമാണ്….”

“ആകെ ഇവിടെ ഇപ്പോൾ സംസാരിക്കുന്നത് എന്നോടും അച്ഛമ്മയോട് മാത്രമാണ്….”പ്രിയ പറഞ്ഞു…

“നിനക്ക് പറഞ്ഞു തിരുത്തി കൂടെ…”

“ശ്രെമിച്ചു… പക്ഷേ…..”അവളുടെ കണ്ണുകളിൽ സങ്കടം നിറഞ്ഞു…..

പവി മെല്ലെ കണ്ണുകൾ തുറന്നു… തലയിൽ എന്തോ ഭാരം പോലെ ബെഡിൽ കിടന്നിരുന്ന ഫോൺ എടുത്ത് അവൻ ടൈം നോക്കി…

വൈകിട്ട് വന്ന് ഇവിടെ കയറിയത് മാത്രമേ അവന് ഓർമ്മയുണ്ടായിരുന്നുള്ളൂ…..നേരം ഇരുട്ടിയതും വെളുത്തതും ഒന്നും അവന് ഓർമ്മയുണ്ടായിരുന്നില്ല…..

വല്ലാതെ വിശക്കുന്നുണ്ട് താഴേക്ക് വിളിച്ച് ഫുഡ്‌ റൂമിലേക്ക് കൊണ്ട് വരാൻ പറഞ്ഞു കൊണ്ട്… അവൻ വാഷ് റൂമിലേക്ക് കയറി….. ഫ്രഷ് ആയി ഇറങ്ങിയപ്പോളേക്കും ഫുഡ്‌ എത്തിയിരുന്നു…. പതിവില്ലാതെ ഇമയാണ് അവനന്ന് ഫുഡുമായി വന്നത്…

“ജാനുവമ്മ എവിടെ….”അവൻ അവളെ നോക്കി നെറ്റി ചുളിച്ചു….

“ആ അമ്മയ്ക്ക് വയ്യ കിടക്കുവാണ്….” അവൾ പ്ലെയ്റ്റ് അവന്റെ മുന്നിലേക്ക് എടുത്തു വെച്ചു… കാപ്പി എടുത്തപ്പോൾ അവനത് കൈകളിലേക്ക് വാങ്ങി….

“വാഷ് ചെയ്യാനുള്ള ഡ്രസ്സ്‌ തരാൻ പറഞ്ഞു….”അവൾ അവനെ നോക്കി…

“അത് ഞാൻ കൊണ്ട് വന്നു കൊള്ളാം…” റിങ് ചെയ്യുന്ന ഫോൺ കൈകളിലേക്ക് എടുത്തു കൊണ്ട് അവൻ പറഞ്ഞു….

ഇമ അവൻ ഫോൺ ചെയ്യുന്നത് നോക്കി നിന്നു… ശാന്തമായ മുഖം ഫോണിൽ സംസാരിക്കവേ മുറുകി വരുന്നത് കണ്ടതും അവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങി….

അവൾ റൂമിൽ നിന്നും ഇറങ്ങും മുന്നേ പിറകിൽ ചായക്കപ്പ് താഴെ വീണ് ഉടഞ്ഞിരുന്നു….. അവൾ തിരിഞ്ഞു നിന്നു.. അതിലും ദേഷ്യം തീരാഞ്ഞിട്ട് അവൻ ചുമരിൽ ആഞ്ഞു ഇടിച്ചു ഫോൺ ബെഡിലേക്ക് എറിഞ്ഞു….

“അരുത്….”ഭക്ഷണം വിളമ്പിയ പാത്രം എടുത്ത് താഴെക്കിടാൻ ഒരുങ്ങാവേ ഇമ അവനെ തടഞ്ഞു…..

“നീ ആരാടി എന്നെ തടയാൻ…”അവൻ അവളെ ദേഷ്യത്തോടെ നോക്കി…

“ഞാൻ ആരും അല്ല പവിയേട്ടാ….”പെട്ടന്ന് അങ്ങനെയാണ്‌ അവളുടെ വായിൽ നിന്നും വന്നത് അതറിയാതെ തന്നെ അവൾ തുടർന്നു…

“ഭക്ഷണത്തിന്റെ വില അത് നന്നായി അറിഞ്ഞിട്ടുണ്ട്…. മനസിലാക്കിയിട്ടുണ്ട്… ഒരു നേരം നിറച്ചുണ്ണാൻ കൊതിച്ചിട്ടുണ്ട് അത് കൊണ്ട് പറഞ്ഞു എന്ന് മാത്രം…..” അവൾ വേദനയോടെ ഒന്ന് ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു……

അവൾ പോകുന്നത് അവൻ നോക്കി നിന്നു… അച്ഛന്റെ കാൾ ആയിരുന്നു… ഫ്രണ്ട്‌സ്ന്റെ ഒപ്പം പുറത്ത് പോകുന്നതിനും മറ്റുമുള്ള ശാസന കേട്ടപ്പോൾ ദേഷ്യം നിയന്തിക്കാൻ ആയില്ല..

എന്തോ അവന് എല്ലാവരോടും വെറുപ്പ് തോന്നി തന്നെ ഈ അവസ്‌ഥയിലേക്കും… നാണക്കേട്ടിലുമൊക്കെ തള്ളിയിട്ടത് എല്ലാവരും ചേർന്നെല്ലേ….

പലവട്ടം പറഞ്ഞു ഇപ്പോൾ മാര്യേജ് വേണ്ടന്ന്… എല്ലാവരും നിർബന്ധിച്ചപ്പോൾ മനസറിഞ്ഞു തന്നെ സ്നേഹിച്ചു…

പക്ഷേ അവൾ എല്ലാവരുടെ മുന്നിൽ തന്നെ ഒന്നിനും കൊല്ലാത്തവനാക്കി… ഓർക്കുമ്പോൾ അവന്റെ മനസിലെ ദേഷ്യം ആളി കത്തി….

തനിക്ക് എല്ലാ സ്ത്രീകളോടും വെറുപ്പ് തന്നെയാണ്…. പെണ്ണിനോടുള്ള തന്റെ ആദ്യ വിശ്വാസം തകർത്തത് തന്റെ അമ്മ തന്നെയായിരുന്നു… ഇവിടെ നിന്ന് ഇറങ്ങുമ്പോൾ വളരെ ലാഹവത്തോടെ അവർ പറഞ്ഞു തന്നെ അവർക്ക് വേണ്ടാന്ന്…..

പിന്നെ തന്റെ അപ്പച്ചി.. പണത്തിന് പിറകെ ഓടുന്ന അവർക്ക് സ്വന്തം മകളെ തന്നെ ഓർക്കാനോ നോക്കാനോ സമയം ഇല്ലായിരുന്നു…

അച്ഛമ്മയിൽ നിന്നും കിട്ടിയത് പോലെയുള്ള സ്നേഹം കെയറിങ് ഒക്കെ പിന്നെ തനിക്ക് കിട്ടിയത്‌ അവളിൽ നിന്നായിരുന്നു….

അവൾക്ക് വേണ്ടി പല നല്ല സൗഹൃദങ്ങളും താൻ വേണ്ടന്ന് വെച്ചു… അവർ അവളെ കുറിച്ച് പറഞ്ഞ പലതും മുഖ വിലയ്ക്ക് എടുത്തതും ഇല്ല… അതിന്റെ ശിക്ഷ എന്ന പോലെ എല്ലാവര്ക്കും മുന്നിൽ അവിടെ ഇളഭ്യനായി തനിക്ക് നിൽക്കേണ്ടി വന്നു….

ഒരുപാട് പെൺ സൗഹൃദങ്ങൾ ഇപ്പോൾ തന്നെ ചുറ്റി പറ്റിയുണ്ട്…. പക്ഷേ അതിൽ ഒരാള് പോലും തന്റെ മനസിലേക്ക് കയറിയിട്ടില്ല ഇനി കയറുകയും ഇല്ല….. ഇടവേളകളിലെ ഒരു നേരം പോക്ക് അത്രയേയുള്ളൂ എല്ലാം…..

ഇനി ഒരു സ്ത്രീയേയും താൻ വിശ്വസിക്കില്ല അങ്ങനെയുള്ള താനെന്തിന് ഇമയ്ക്ക് മുന്നിൽ നിശബ്ദനായി… അവൻ അരിശത്തോടെ തല കുടഞ്ഞു…..

കഴിക്കാൻ കൊണ്ട് വന്ന് വെച്ചത് അവിടെ ഇരുന്ന് തണുത്തുറഞ്ഞു എന്നെല്ലാതെ അവൻ അതിലേക്ക് നോക്കിയത് കൂടിയില്ല….. വെറുതെ പലതും ആലോചിച്ച് കൊണ്ട് ബെഡിൽ വെറുതെ കിടന്നു…..

കുറച്ചു കഴിഞ്ഞപ്പോൾ ആരോ കതകിൽ തട്ടി… നോക്കിയപ്പോൾ കൈയ്യിൽ ജ്യൂസ് ഗ്ലാസുമായി ഇമയാണ്

“നീയെന്തിനാ ഇങ്ങോട്ട് വന്നത്…..” അവൻ ദേഷ്യത്തോടെ അലറി….

“ഞാൻ കഴിച്ച പാത്രം എടുക്കാൻ വന്നതാ… അപ്പോളാ മീനാക്ഷിയേച്ചി പറഞ്ഞത് ഇങ്ങനെ ഒരു പതിവുണ്ടന്ന്….” അവൾ ചിരിയോടെ ഗ്ലാസ് അവന് നേരെ നീട്ടി….

അവനത് വാങ്ങാൻ ഭാവമില്ല എന്ന് കണ്ടപ്പോൾ അവള് ഗ്ലാസ്‌ അവിടെ കിടന്നിരുന്ന ടേബിളിൽ വെച്ചു എന്നിട്ട് അവിടെയിരുന്നിരുന്ന പാത്രങ്ങൾ കൈയ്യിൽ എടുത്തു….

“കഴിച്ചിട്ടുണ്ടാകില്ലന്ന് ഉറപ്പായിരുന്നു…. ന്തായാലും ജ്യൂസ് കുടിക്കാൻ മടിക്കേണ്ട…. ” ദേഷ്യത്തോടെ നിൽക്കുന്ന അവനെ നോക്കി ശാന്തമായി പറഞ്ഞു കൊണ്ട് അവൾ പുറത്തേക്ക് നടന്നു….

അത് ഒരു തുടക്കമായിരുന്നു അന്ന് മുതൽ പവിക്ക് വേണ്ടതെല്ലാം റൂമിൽ എത്തിച്ചു കൊടുത്തിരുന്നത് ഇമയായിരുന്നു… അവൻ എത്ര ദേഷ്യപ്പെട്ടാലും അവളതൊക്കെ ഒരു പുഞ്ചിരിയോടെ കേട്ട് നിന്നു…..

പയ്യെ പയ്യെ അവന്റെ ദേഷ്യം കുറഞ്ഞു വരുന്നത് അവൾ അറിഞ്ഞു….

പവിക്കും ഇമ ഒരു അത്ഭുതമായിരുന്നു… അവളോട് എത്ര ദേഷ്യം തോന്നിയാലും ഒരു ചീത്ത വാക്ക് പോലും അവളോട് തനിക്ക് പറയാനാകാത്തത് എന്ത് കൊണ്ടാണെന്ന് അവൻ എപ്പോളും ചിന്തിച്ചു….

“ഏട്ടാ എപ്പോൾ കാൾ ചെയ്താലും ഫോൺ ബസി ആലോ ആരെയാ ഈ വിളിക്കുന്നത് ..”പ്രിയ പവിയോട് ചോദിക്കുന്നത് കേട്ട് കൊണ്ടാണ് ഇമ ലിവിങ് റൂമിലേക്ക് ചെല്ലുന്നത്…..

“ഇന്നലെ അല്ലേ ഒരു ഫ്രണ്ട് വിളിച്ചതായിരുന്നു….”ഫോണിൽ നോക്കി കൊണ്ടിരുന്ന പവി മറുപടി പറഞ്ഞു….

“ആ ടൈമിൽ വിളിക്കുന്ന ഫ്രണ്ട് ആരാണെന്നാവോ….. ഇതൊന്നും അത്ര നല്ലതല്ല….”അവൾ അവന് ഒരു നുള്ള് വെച്ചു കൊടുത്തു…..

“ആഹ്…. ഒന്നും പോയടി…..”അവൻ ചിരിച്ചു കൊണ്ട് അവളുടെ കൈയ്യിൽ പിടിച്ചു

“അച്ഛമ്മ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു…” പെട്ടന്ന് ഇമ പറഞ്ഞു…

“എന്നോടാണോ…”പ്രിയ അവളെ നോക്കി

“അല്ല… പ്രിയയുടെ ഏട്ടനോട്….”ഇത്രയും പറഞ്ഞു കൊണ്ട് അവൾ തിരിഞ്ഞു നടന്നു…..

അവൾക്ക് പിറകെ അവൻ അച്ഛമ്മയുടെ റൂമിലേക്ക് ചെന്നു…. ടീവി കണ്ടു കൊണ്ട് ബെഡിൽ ചുമർ ചാരി ഇരിക്കുകയായിരുന്നു അവർ…

“ന്താ അച്ഛമ്മേ….”അവൻ രത്നയുടെ മടിയിലേക്ക് തല ചായിച്ചു കിടന്നു….

“ന്തേ എനിക്ക് നിന്നെ വിളിപ്പിച്ചു കൂടെ…”അവർ അവന്റെ മുടിയിലൂടെ വിരലുകൾ ഓടിച്ചു

“കാര്യം പറ അച്ഛമ്മ കൊച്ചേ……”അവൻ നിവർന്നു കിടന്നു കൊണ്ട് അവരുടെ മുഖത്തേക്ക് നോക്കി…..

“കുട്ടി അതങ്ങ് എടുക്ക്….”അവിടെ അവരെ നോക്കി നിൽക്കുകയായിരുന്ന ഇമയോടായി രത്ന പറഞ്ഞു…..

ഇമ ടേബിളിൽ ഇരുന്നിരുന്ന ചെറിയൊരു ബോക്സ്‌ എടുത്ത് അച്ഛമ്മയുടെ കൈയ്യിൽ കൊടുത്തു…. അവർ കൊച്ചുമകനെ ഒന്ന് നോക്കിയതിനുശേഷം അതിൽ നിന്നും രുദ്രാഷം കെട്ടിയ ഒരു bracelet അവന്റെ കൈയ്യിലേക്ക് കെട്ടി കൊടുത്തു…

“പ്രേത്യേകം പറഞ്ഞു പൂജിച്ചു വാങ്ങിയതാ ഇനി എന്റെ കുഞ്ഞിന്റെ മുൻകോപവും… എടുത്തു ചാട്ടവും ഒക്കെ നിൽക്കും….”അവർ നെഞ്ചിൽ കൈ വെച്ച് പ്രാർഥനയോടെ പറഞ്ഞു

അച്ഛമ്മ ഇതൊക്കെ പറയുമ്പോളും പവിയുടെ ശ്രെദ്ധ ഇമയിൽ തന്നെ ആയിരുന്നു… ഇതൊന്നും ശ്രെദ്ധിക്കാതെ ആൾ മറ്റൊരു ലോകത്തെന്ന പോലെയാണ് നിൽപ്പ്… മുഖം കടന്നൽ കുത്തിയ പോലെ എടുത്ത് വെച്ചിട്ടുണ്ട്

അന്ന് അതിനുശേഷം അവൻ ഇമയെ കണ്ടതേയില്ല… പിന്നീടുള്ള ദിവസങ്ങളിൽ പവി കുറച്ചു തിരക്കിൽ ആയിരുന്നു… പക്ഷേ വീട്ടിലുള്ള സമയമത്രയും അവന്റെ കണ്ണുകൾ അവളെ തിരഞ്ഞെങ്കിലും അവൻ അവളെ അവിടെ കണ്ടതേയില്ല……

പവിയുടെ കണ്ണുകൾ തന്നെ തിരക്കുന്നത് പലവട്ടം ഇമ കണ്ടു വെങ്കിലും അവൾ വാശിയോടെ മാറി നിൽക്കുകയായിരുന്നു….. എന്തൊ മനസ്സിൽ നീറി പുകയും പോലെ തോന്നിയിരുന്നു അവൾക്ക്….

രാവിലെ പവി ഓഫീസിലേക്ക് പോകുന്നത് കണ്ട് കുറച്ചു കഴിഞ്ഞപ്പോൾ അവൾ വെറുതെ മുകളിലേക്ക് നടന്നു… എല്ലാവരും പോയി കഴിഞ്ഞ്…

രാവിലത്തെ ഫുഡും മെഡിസിനും ഒക്കെ കഴിഞ്ഞ് രത്നമ്മ ഉറങ്ങുന്ന ടൈമിൽ അവൾ കുറച്ചുനേരം ബാൽക്കണിയിൽ പോയി വെറുതെ ഇരിക്കും… ചിലപ്പോൾ അവിടെ ഇരുന്ന് അമ്മയെ വിളിച്ച് സംസാരിക്കും….

മുകളിൽ എത്തി അവിടേക്ക് നടക്കുകയായിരുന്ന അവളെ.. പവിയുടെ റൂമിന് മുന്നിൽ എത്തിയപ്പോൾ ആരോ അകത്തേക്ക് വലിച്ചു…. എന്താണെന്ന് മനസിലാകും മുന്നേ റൂമിന്റെ ഡോർ അടയുകയും ചെയ്തു…

ഞെട്ടി തിരിഞ്ഞ അവൾ കണ്ടത് ഡോറിൽ ചാരി കൈകൾ മാറത്ത് പിണച്ചു കൊണ്ട് തന്നെ നോക്കി നിൽക്കുന്ന പവിയെയാണ്….

“എന്താ ഇങ്ങനെ മാറ് എനിക്ക് പോകണം…”അവൾ അവനെ തള്ളി മാറ്റാൻ വിഭല ശ്രമം നടത്തി

“നിന്റെ മുഖതെന്താ കടന്നൽ കുത്തിയോ ഇങ്ങനെ വീർപ്പിച്ചു വെയ്ക്കാൻ….” അവൻ അവളോട് തിരക്കി….

“എന്റെ മുഖം എങ്ങനെ ഇരുന്നാലും ഇയാൾക്ക് എന്താ മാറുന്നുണ്ടോ….”

“ഇയാളോ….”അവൻ ചെറിയ ദേഷ്യത്തോടെ നെറ്റി ചുളിച്ചു….

“ആ… ഇയാള് തന്നെ.. എന്നെ ഇങ്ങനെ പിടിച്ചു വെച്ചാൽ ഞാൻ ഒച്ച വെയ്ക്കും…..

“നി ഒച്ചവെയ്ക്ക് വേണേൽ ഡോർ കൂടി തുറന്നു തരാം ന്താ….”അവന് ചിരി വന്നു…

“ചിരിക്കുവാണോ…. ചിരിച്ചോ…. അല്ലേലും നിക്കെന്താ ആരേലും എപ്പോളേലും ഒക്കെ വിളിക്ക്…. ന്തേലും ഒക്കെ ചെയ്യ്….”അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു…..

“നി എന്തൊക്കെയാ പറയുന്നേ…”അവൻ വാ പൊളിച്ചു…

“പ്രിയ പറഞ്ഞല്ലോ എപ്പോളും ബിസി ആണെന്ന്.. ഡേയും നൈറ്റും എല്ലാം….അല്ല അതിന് എനിക്കെന്താ….”

“ആ.. നിനക്കെന്താ….”അവൻ ചിരിക്കാതിരിക്കാൻ ശ്രെമിച്ചു കൊണ്ട് അവളെ നോക്കി….

“എനിക്ക് ഒന്നൂല്ല….”അവൾ കെർവ്വോടെ പറഞ്ഞു….

“ഓക്കേ… അപ്പോൾ ഇന്ന് മുതൽ വീണ്ടും വിളിക്കാം….”

“കൊല്ലും ഞാൻ….”അവൾ അവന്റെ കൈയ്യിൽ മുറുകെ കടിച്ചു….

“ആഹ്… കൊല്ലാതെ പെണ്ണേ… അത് എന്റെ ഒരു ഫ്രണ്ട് വിളിച്ചതാ…. അല്ലാതെ എന്നെ വേറെ ആരും വിളിക്കാൻ ഇല്ല….”അവൻ അവളുടെ കൈകൾ പിടിച്ചു വെച്ചു

“ആരായാലും… സമയം ഇല്ലാത്ത സമയത്ത് ആണോ വിളിക്കുന്നെ….”

“അവൾ അപ്പോളാ ഫ്രീ ആയെ അത് കൊണ്ട്… അല്ല ഞാൻ ആരെ വിളിച്ചാലും നിനക്കെന്താ….”അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി….

അതിന് മറുപടി ആയി അവൾ മുഖം താഴ്ത്തിയത് അല്ലാതെ ഒന്നും പറഞ്ഞില്ല….. അവൻ മെല്ലെ അവളുടെ മുഖം പിടിച്ചുയർത്തി….

“നീ എന്റെ ആരാ കൊച്ചേ… കണ്ട നാൾ മുതൽ എന്തിനാ ഇങ്ങനെ എന്റെ പിറകെ നടന്ന് എന്നെ കൊല്ലാതെ കൊല്ലുന്നേ….”അവളുടെ നിറഞ്ഞ കണ്ണുകളിൽ നോക്കി അവൻ തുടർന്നു…

“എനിക്ക് ഏറെ പ്രിയപ്പെട്ടവർ ഒരുപാട് തവണ പറഞ്ഞിട്ടും… ഞാൻ മാറ്റാൻ തെയ്യാറെല്ലായിരുന്ന കുറേ നാളുകൾ ആയുള്ള എന്റെ ശീലങ്ങൾ അതൊക്കെ ഒരു വാക്ക് കൊണ്ട് മാറ്റാൻ നിനക്ക് കഴിഞ്ഞു വെങ്കിൽ നിയെനിക്ക് ആരാണ് പറ ….”

“ഞാൻ പവിയേട്ടന് ആരാണെന്ന് എന്നോടാണോ ചോദിക്കുന്നെ…” അവളുടെ ശബ്ദം വല്ലാതെ നേർത്തിരുന്നു….

“എന്റെ..എന്റെ..എല്ലാമാണ്…. വട്ടാണ്‌.. ഭ്രാന്താണ് എന്നൊന്നും പറയില്ല… പക്ഷേ ഒരുപാട് ഇഷ്ട്ടാണ്…..”അവൻ അവളുടെ മുഖം കൈയ്യിൽ എടുത്ത് കൊണ്ട് പറഞ്ഞു…..

“ഞാൻ അറിയാതെ എന്റെ മനസ്സിലേക്ക് കയറ്റിയ നിങ്ങൾ ഇപ്പോൾ എനിക്ക് എന്റെ ജീവനാണ് പവിയേട്ടാ…” അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി പറയാതെ പറഞ്ഞു കൊണ്ടിരുന്നു…..

കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിലേക്ക് ഇമ വെറുതെ നോക്കി നിന്നു…. അവളുടെ കണ്ണുകൾ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു….

“ഇങ്ങനെ കരയാതെ കൊച്ചേ നിനക്ക് സ്വപ്നം കാണാൻ കഴിയുമോ ഇങ്ങനെ ഒരു വിവാഹം…. ഇതിപ്പോൾ അമ്പാടിയിലുള്ളവരുടെ കാരുണ്യം കൊണ്ടല്ലേ….” അവളുടെ അപ്പച്ചി പറഞ്ഞു കൊണ്ടിരുന്നു….

ഇമ തളർച്ചയോടെ കണ്ണുകൾ അടച്ച് അവിടെ ഇട്ടിരുന്ന ചെയറിലേക്ക് ഇരുന്നു… തന്റെ വിവാഹം അതും അമ്മാവന്റെ മകനുമായി….

പവിയുടെ മാറ്റങ്ങൾ അമ്പാടിയിലെ എല്ലാവരും സന്തോഷത്തോടെയാണ് നോക്കി കണ്ടത്…. പഴയ പവിയിലേക്കുള്ള അവന്റെ മാറ്റം പക്ഷേ അവന്റെ അപ്പച്ചിയായ രാധിക വർമ്മ മാത്രം സംശയത്തോടെ തന്നെ ശ്രെദ്ധിച്ചു….

അവന്റെ മാറ്റങ്ങൾക്കുള്ള കാരണം ഇമ ആണെന്ന് അറിഞ്ഞതോടെ അവർ അവൾക്ക് നേരെ തിരിഞ്ഞു….. പവിയെ പറഞ്ഞും എതിർത്തും തോൽപ്പിക്കാൻ ആകില്ലന്ന് നന്നായി അറിയാവുന്ന അവർ ബുദ്ധി പരമായി തന്നെ നീങ്ങി…..

അതിനായി അവർ ആദ്യം ചെയ്തത് ഇമയുടെ അമ്മാവന്മാരെ വന്നു കാണുകയാണ്…. പലതും പറഞ്ഞ് പ്രലോഭിപ്പിച്ച്..

ഇമയുടെ മൂത്ത അമ്മാവന്റെ മകനെ കൊണ്ട് അവളെ വിവാഹം കഴിപ്പിക്കാനുള്ള തീരുമാനത്തിൽ അവരെ എത്തിക്കുകയായിരുന്നു…..

100 പവനും അതിനൊത്തതാ ക്യാഷും ഓഫർ ചെയ്തപ്പോൾ അതിൽ എല്ലാവരും വീണു എന്ന് വേണം പറയാൻ… മകളുടെ നല്ല ഭാവി ഓർത്ത് ഇമയുടെ അമ്മയും അതിന് സമ്മതം മൂളി….

പെട്ടന്ന് ഒന്ന് വീട് വരെ വന്ന് പോകാൻ പറഞ്ഞു വിളിപ്പുച്ചതായിരുന്നു ഇമയെ… അപ്പോളേക്കും അവിടെ കല്യാണ പന്തൽ വരെ ഒരുങ്ങിയിരുന്നു….

ബിസിനസ്‌ ആവിശ്യത്തിനായി വിദേശത്തായിരുന്നു പവി…. അവൾ വന്നയുടനെ അമ്മായിമാർ അവളുടെ ഫോൺ വാങ്ങി വെച്ചത്തോടെ അവർ തമ്മിലുള്ള കോണ്ടാക്ടും പോയിരുന്നു…..

അമ്മാവന്റെ മകനായ കർത്തിക്കിനെ സ്വന്തം സഹോദരനായി മാത്രമേ അവൾ കണ്ടിരുന്നുള്ളൂ… അതും പറഞ്ഞ് അവന്റെ കാലു പിടിച്ച് അവൾ കരഞ്ഞെങ്കിലും ഫലമുണ്ടായില്ല….

അമ്മയുടെ കണ്ണുനീർ സ്വയം ജീവനൊടുക്കാനുള്ള തീരുമാനം എടുക്കാൻ പോലും ആകാതെ അവൾ നീറി കൊണ്ടിരുന്നു…

മനസ്സിൽ മറ്റൊരാളുമായി വേറൊരാൾക്കൊപ്പം ജീവിക്കേണ്ടി വരുന്ന തന്റെ അവസ്ഥയോർത്ത് അവൾ സ്വയം ശപിച്ചു കൊണ്ടിരുന്നു….

വാദ്യ മേളങ്ങളുടെ ശബ്ദം അവളെ ചിന്തകളിൽ നിന്നും ഉണർത്തി…. അപ്പച്ചിയുടെ മകൾ കൊണ്ട് വന്നു കൊടുത്ത താലം വിറ കൈകളോടെ അവൾ ഏറ്റുവാങ്ങി…..

അമ്പലത്തിൽ വെച്ചായിരുന്നു താലി ചാർത്തൽ… ഡ്രസിങ് റൂമിൽ നിന്നും താലത്തിന്റെ അകമ്പടിയോടെ അമ്പല നടയിലേക്ക് നടക്കുമ്പോൾ… ഒന്ന് തളർന്നു വീണെങ്കിൽ എന്ന് അവൾ അതിയായി ആശിച്ചു….

അമ്പല നടയുടെ പുറത്തേ മണ്ഡപത്തിൽ നിൽക്കുന്ന കാർത്തിക്കിനെ അവൾ നോക്കിയതേയില്ല അവന്റെ അടുത്ത് ചെന്ന് നിന്നതും… ആരൊക്കെയോ എന്തൊക്കെയോ പറയുന്നത് അവൾ കേട്ടു…

കൈയ്യിൽ ആരോ വെച്ചു കൊടുത്ത പൂമാല തല ഉയർത്താതെ തന്നെ അവന്റെ കഴുത്തത്തിലേക്ക് ഇമ ഇട്ട് കൊടുത്തു… കൊട്ടും കുരവയും ഉയർന്നു…. ഒഴുകുന്ന മിഴികളുമായി അവൾ കണ്ണുകൾ അടച്ചു നിന്നു….

പെട്ടന്ന് അവളുടെ കഴുത്തിൽ താലി ചരട് മുറുകി…. അതിനോടൊപ്പം തന്നെ പെട്ടന്ന് അവിടെ നിശബ്ദമായി പിന്നെ ആരൊക്കെയോ ശബ്ദം ഉയർത്തി സംസാരിക്കാൻ തുടങ്ങി….

ഇമ കണ്ണുകൾ തുറന്ന് ചുറ്റും നോക്കി…. തന്റെ അടുത്തു നിൽക്കുന്ന തന്റെ താലിയുടെ അവകാശിയെ കണ്ടവൾ ഞെട്ടി… പവി…

ആരൊക്കെയോ അവനോട് കയർക്കുന്നുണ്ട് ആൾക്ക് പക്ഷേ യാതൊരു ഭാവ വിത്യാസവും ഇല്ല… കാർത്തിക്ക് പവിക്കൊപ്പം നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് അത്ഭുതം നിറഞ്ഞു….

“പവിയേട്ടാ….”അവൾ കരച്ചിലോടെ വിളിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…

“നി എന്ത് കരുതി പെണ്ണേ… നിന്നെ ഞാൻ വിട്ട് കളയുമെന്നോ… ജീവനോളം സ്നേഹിച്ച പെണ്ണിനെ വിട്ട് കളഞ്ഞിട്ട് ഞാൻ ആണാണെന്ന് പറഞ്ഞു നടന്നിട്ട് എന്ത് കാര്യം…. കാർത്തിക്കാണ് പ്രിയ വഴി എല്ലാ കാര്യവും എന്നെ അറിയിച്ചത്….”

അവളെ ചേർത്ത് പിടിച്ചു കൊണ്ട് പവി കാർത്തിയെ നോക്കി പുഞ്ചിരിച്ചു…

“അപ്പോൾ നീയും കൂടെ അറിഞ്ഞിട്ടാണെല്ലേ… വീട്ട്കാരെ ചതിക്കാൻ എങ്ങനെ തോന്നി നിനക്ക്….”കാർത്തിക്കിന്റെ അച്ഛൻ അവന് നേരെ ദേഷ്യത്തോടെ അടുത്തു….

“എന്നെയും ഇവളെയും ചതിക്കാൻ നോക്കിയത് നിങ്ങൾ എല്ലാം ചേർന്നല്ലേ…ഞാൻ പിന്മാറിയാൽ വേറൊരാളെ ഇവൾക്കായി നിങ്ങൾ കണ്ടെത്തുമായിരുന്നു…. അതാ ഞാൻ തന്നെ നിന്ന് തന്നത്….”കാർത്തിക്ക് പതർച്ച ഇല്ലാതെ തന്നെ പറഞ്ഞു…..

“അമ്മ ഒന്നു കൊണ്ടും വിഷമിക്കേണ്ട… ഞാൻ നോക്കി കൊള്ളാം ഇവളെ….”ആ ബഹളത്തിനിടയിൽ ഇമയുടെ കൈയ്യിൽ പിടിച്ചു കൊണ്ട് പവി ഇമയുടെ അമ്മയുടെ അടുത്തെത്തി….

അവർ കാലിൽ തൊട്ട് വണങ്ങിയപ്പോൾ ആ അമ്മ നിറ കണ്ണുകളോടെ അവരെ അനുഗ്രഹിച്ചു….. മകളെ കെട്ടിപിടിച്ചു കരഞ്ഞു…..

“അമ്മയെ ഞങ്ങൾ കൊണ്ട് പോകും ഇപ്പോൾ അല്ല.. അടുത്ത ദിവസം തന്നെ….”ആ അമ്മയുടെ കൈകളിൽ പിടിച്ച് പവി പറഞ്ഞു…

“അതോർത്ത് നിങ്ങൾ പേടിക്കേണ്ട… നിങ്ങൾ വരും വരെ അമ്മായി സുരക്ഷിതയായിരിക്കും.. അത് കാർത്തിക്കിന്റെ വാക്കാണ്…”അവൻ ഉറപ്പോടെ പറഞ്ഞു….

പവിക്കൊപ്പം കാറിൽ കയറുമ്പോൾ ഇമ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു… അമ്പാടിയിലെ അവസ്ഥ എന്താണെന്ന് ഓർക്കുമ്പോൾ അവൾക്ക് വല്ലാത്ത പേടി തോന്നി…..

“പേടിയുണ്ടോ… ഇത്രയും പേടിയുള്ളയാൾ ആണോ എന്നെ ഇഷ്ടപ്പെട്ടതും… ധൈര്യത്തോടെ എന്റെ മുന്നിൽ വന്ന് നിന്നതും… ഞാൻ ഇല്ലേ കൂടെ….” അവൻ അവളുടെ കൈകളിൽ മുറുകെ പിടിച്ച് കണ്ണുകളിലേക്ക് നോക്കി പറഞ്ഞു….

“അത് മതി പവിയേട്ടാ ഇങ്ങനെ എന്റെ കൂടെയുണ്ടായാൽ മതി….”അവൾ അവന്റെ തോളിലേക്ക് ചാരി ഇരുന്നു…

രാധിക കവിൾ പൊത്തി പിടിച്ചു കൊണ്ട് അമ്മയെ നോക്കി രത്നയുടെ കൈവിരലുകൾ അവരുടെ കവിളിൽ പതിഞ്ഞു കിടക്കുന്നുണ്ടായിരുന്നു….

“നീ ഒരു അമ്മയാണോടി… പോട്ടെ ഒരു പെണ്ണാണോ…..”മകളുടെ പ്രവർത്തികൾ അവർക്ക് ക്ഷേമിക്കാവുന്നതിലും അപ്പുറമായിരുന്നു…..

“അമ്മേ നമ്മുടെ പവിക്ക് ഇതിലും നല്ലൊരു ബന്ധം കിട്ടില്ലേ നമ്മുടെ സ്റ്റാറ്റസ് എന്താ അവരുടെ എന്താ… അതാ ഞാൻ… “അമ്മയുടെ ഇങ്ങനെ ഒരു ഭാവം മുൻമ്പോരിക്കലും അവർ കണ്ടിരുന്നില്ല….

“ഒരിക്കൽ നമ്മൾ എല്ലാവരും കൂടി അവന്റെ അച്ഛനും പിന്നെ അവനും കണ്ടെത്തിയല്ലോ സ്റ്റാറ്റസ്നു പറ്റിയ ഒരു ബന്ധം എന്നിട്ട് എന്തായി….

എന്റെ കുട്ടിക്ക് ആ മോളെ ഇഷ്ട്ടാണ് അത് തന്നെയാണ് ഇവിടെ വലുത്.. വേറെ ഒന്നും വേറെ ഒന്നും എന്നെ ബാധിക്കുന്ന കാര്യം അല്ല.. മനസിലാകുന്നുണ്ടോ…” അവർ മകളെ രൂക്ഷമായി നോക്കി….

“എനിക്ക് ആ കുട്ടി എന്റെ മരുമകൾ ആയി വരുന്നതിൽ സന്തോഷമേയുള്ളൂ…” പവിയുടെ അച്ഛൻ പറഞ്ഞു….

“കേട്ടല്ലോ…. ഇതെന്റെ തീരുമാനമാണ് അനുസരിക്കാൻ തയ്യാറായിട്ടുള്ളവർക്ക് ആകാം അല്ലാത്തവർക്ക് ഇപ്പോൾ ഇറങ്ങാം….എന്താ നിന്റെ തീരുമാനം…” മകളോടായി അവർ തിരക്കി…

“തെറ്റായി പോയി…. അമ്മ ക്ഷെമിക്ക്….”അവർ മുഖം ഉയർത്താതെ തന്നെ പറഞ്ഞു…

“എങ്കിൽ അവരെ ആരാധി ഉഴിഞ്ഞു കയറ്റാനുള്ളത് ചെയ്യുക… അതിനുശേഷം ബാക്കി കാര്യങ്ങൾ നമുക്ക് തീരുമാനിക്കാം…”

അമ്മയുടെ ശബ്ദത്തിനൊപ്പം ഒരിക്കലും മാറ്റാരുടെയും ശബ്ദം ഉയരില്ലെന്ന് രാധുവിന് അറിയാമായിരുന്നു അവർ അനുസരണയോടെ പൂജാമുറിയിലേക്ക് നടന്നു…..

കത്തിച്ച നിലവിളക്ക് രാധിക തന്നെയാണ് ഇമയുടെ കൈയ്യിലേക്ക് വെച്ചു കൊടുത്തത്… ചെയ്തു പോയ തെറ്റിന്റെ കുറ്റബോധവും പവിയെ ഫേസ് ചെയ്യാനുള്ള പേടിയും നല്ല രീതിയിൽ അവർക്കുണ്ടായിരുന്നു…..

7തിരിയിട്ട വിളക്ക് കൈയ്യിൽ പിടിച്ച്… എല്ലാവരുടെയും പൂർണ്ണ സമ്മതത്തോടെയും..

അനുഗ്രഹത്തോടെയും പവിക്കൊപ്പം ആ വീട്ടിലേക്കും പവിയുടെ ജീവിതത്തിലേക്കും ഇമ വലതു കാൽ വെച്ച് കയറി……

എത്ര അകലെ ആയിരുന്നാലും എത്ര അന്ധരമുണ്ടെങ്കിലും ചിലർ നമ്മളിലേക്ക് വന്നു ചേരുക തന്നെ ചെയ്യും…. പുനർജ്ജന്മ ബന്ധം പോലെ ഈ ജന്മവും നമ്മൾക്കായ് വേണ്ടി ജനിച്ചവരാകും……

Leave a Reply

Your email address will not be published. Required fields are marked *