ഇന്ന് തന്റെ ആദ്യരാത്രിയാണ്, നവവധുവിന്റേതായ യാതൊരു ഭാവവും തന്നിൽ..

എന്റെ ആത്മസഖിക്ക്
(രചന: അഖില അഖി)

ശ്രീ വേദ വ്യാസ കോളേജിലെ ഒരു ഫ്രഷേഴ്‌സ് ഡേ…..

“”നിന്നെ കണ്ടനാളിന്നുളളിലെങ്ങോ മോഹമുണരുന്നു… നിന്നെ അറിയുവാനായ് ഏറെ നാളായ് ഞാനലയുന്നു… ഏകയായ്… ഇന്നീ പൂമരതണലിൽ എൻ പ്രിയനേ…
നിന്നെ ഓർത്തിരിക്കുന്നു… എന്നറിയും എൻ പ്രിയനേ എൻ പ്രണയം നീ…

എങ്ങകലും എൻ പ്രിയനേ എന്നെ അറിയാതെ… കനവിലായ്… നിൻ മുഖമോമനിക്കുന്നേ പകലിലായ്…
നിന്നിൽ നിന്നുമകലുന്നേ….
ആ…………”

ഓഡിറ്റോറിയം മുഴുവൻ അവളുടെ സ്വരമാധുര്യത്തിൽ ലയിച്ചു ചേർന്നു.

ഗിറ്റാറിന്റെ മാന്ത്രിക ശബ്ദവും കൂടിയായപ്പോൾ ആ പാട്ടിന് വല്ലാത്തൊരു അനുഭൂതി തോന്നി.
നിശബ്ദ അന്തരീക്ഷത്തിൽ ആ പാട്ട് മാത്രം ഒഴുകി നടന്നു.

കോളേജിന്റെ വരാന്തയിൽ നിൽക്കുമ്പോഴാണ് ആ മധുര സംഗീതം അവനെ തേടിയെത്തിയത്.

അതാരുടെ പാട്ടാണെന്നറിയാനുള്ള വ്യഗ്രതയിൽ അങ്ങോട്ടേക്ക് കുതിക്കുമ്പോൾ മനസു തുടികൊട്ടി കൊണ്ടിരുന്നു. സിരകളിൽ പടർന്നു കയറുന്ന ലഹരി പോലെ ആ പാട്ട്  അവനിലും പടർന്നു കയറി…

അവൾ തീർക്കുന്ന മായാജാലത്തിൽ അടിമപ്പെട്ട്  ഹാള് മുഴുവൻ നിശബ്ദമായി. ആ നിശബ്ദതയിൽ ലയിച്ചു കണ്ണിമ ചിമ്മാൻ പോലും മടിച്ച്, പാടുന്ന വ്യക്തിയെ നോക്കി ശ്വാസമെടുക്കാൻ പോലും മറന്നവൻ നിന്നു.

പാടുന്നവളുടെ ദൃഷ്ടി, അവനിൽ എത്തി നിന്നതും ആ കണ്ണുകൾ ഒന്നു തിളങ്ങി.
പാടി കഴിയുംവരെ നേരിയ ഒരു ചലനത്തിനുപോലും ഇടവരുത്താതെ അവനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.

അകത്തേക്ക് വരുന്ന ഉഷ്ണകാറ്റിൽ അവളുടെ നീളമുള്ള മുടിയിഴകൾ പാറി നടന്നു.

പാട്ട് അവസാനിച്ചതും കൂട്ടകരഘോഷം
മുഴങ്ങി. എല്ലാവരെയും നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു കൊണ്ട് കൂട്ടുകാരുടെ ഇടയിലേക്ക് പോകുന്നവളിൽ തന്നെയായിരുന്നു അവന്റെ കണ്ണുകളും.

തേടിയത് കിട്ടിയ ഭാവത്തോടെ നിൽക്കുന്നവനെ കണ്ട് വിഷ്ണുവും ശരത്തും പരസ്പരം നോക്കി ആക്കി ചിരിച്ചു.

“എന്താണ്.. ആ പോയ മേനക വിശ്വാമിത്രന്റെ തപസ് ഇളക്കിയോ?”.

വിഷ്ണു പറഞ്ഞതും നന്നായൊന്ന് ഇളിച്ചു കാട്ടി അവൻ.

“എന്താ മോനെ ഒരു ഇളക്കം?.. ന്താ ആ പോയ മേനകയെ സാറിന് ബോധിച്ച ലക്ഷണം ആണല്ലോ?”.

നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടി ഒതുക്കി കൊണ്ട് , കള്ള ചിരിയോടെ കണ്ണിറുക്കുന്നവനെ നോക്കി മറ്റു രണ്ടുപേരും കളിയാക്കി കൊണ്ടിരുന്നു.

“അവളെന്നോ എന്റെ സ്വന്തമാ… ഇപ്പൊ വിധി തന്നെ വീണ്ടും ഒരേ കോളേജിൽ വെച്ച് ഒരുമിപ്പിച്ചു.

ആ മിഴികളിൽ നിറഞ്ഞു നിന്നത് മുഴുവൻ ഈ “കാർത്തിക് ദേവ്” ആണെടാ.. ആ പാട്ടിലൂടെ എന്റെ പെണ്ണ്, എന്നോടുള്ള പ്രണയം പറയാതെ പറഞ്ഞതാ.”

അവൻ പറഞ്ഞു കഴിഞ്ഞതും ശരത്തും വിഷ്ണുവും  വായും പൊളിച്ച് നിന്നു പോയി.

“എടാ വിച്ചു അപ്പൊ ഇവന് മുമ്പേ അവളെ അറിയാലേ.. ന്നിട്ട് നമ്മളെന്തെ ഇത് അറിഞ്ഞില്ല.”

“അയിന് അവന്റെ ഉള്ളില് ഇങ്ങനെ ഒരെണ്ണം ഉണ്ടെന്ന് ഒരു സൂചനയെങ്കിലും ഇത് വരെ തന്നിട്ടുണ്ടോ?… പിന്നെ എങ്ങനെ അറിയാന?..”

“അതിന്, അവളെ ഞാനെന്റെ ഉള്ളിലല്ലേ ഒളിച്ച് വെച്ചത്.. പരമശിവൻ ഗംഗയെ മുടികെട്ടിൽ ഒളിച്ചു വെച്ചതുപോലെ ഞാനെന്റെ പ്രണയത്തെ ഹൃദയത്തിലായി പൂട്ടി വെച്ചു.

മറ്റാർക്കും കാണാൻ കഴിയാത്ത, ആർക്കും കടന്നു വരാൻ കഴിയാത്ത വിധം….”

“അമ്പട കള്ള കാമുക, ഞങ്ങടെയെല്ലാം മുമ്പില് സിംഗിൾ പസങ്കേ പാടി നടന്നവനാ ഈ ഒരു നിമിഷം കൊണ്ട് കാല് മാറിയെ.”

ശരത്ത് പറഞ്ഞതും മൂന്നുപേരും കൂടി പൊട്ടി ചിരിച്ചു.

“അല്ല.. പരസ്പരം കണ്ണും കണ്ണും നോക്കി ഇരിക്കാൻ ആണോ പ്ലാൻ. അവളോട് പറയുന്നില്ലേ?..”

വിഷ്ണു ചോദിച്ചതും അവൻ വീണ്ടും അവൾ പോയ വഴിയേ നോക്കി നിന്നു..

“അവൾക്ക് അറിയാം എല്ലാം.. പക്ഷെ,
പറയാൻ ഇനിയും സമയം ഉണ്ട്.
പറയാതെ പരസ്പരം പ്രണയിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാടാ.”

“ഉവ്വാ.. ഉവ്വാ.. ലാസ്റ്റ് അവളെ വേറെ ഒരുത്തൻ വളച്ചെടുക്കുമ്പോഴും ഇത് മാറ്റി പറയണം.. വിട്ട് കൊടുക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാടാന്ന്.”

ശരത്തിന്റെ ആക്കി കൊണ്ടുള്ള സംസാരം കേട്ടതും അവനെ നോക്കി പേടിപ്പിച്ചു കൊണ്ട് കാർത്തിക് പുറത്തേക്ക് നടന്നു.. പുറകെ മറ്റു രണ്ടുപേരും അവനെ അനുഗമിച്ചു.

“അളിയോ… നീ ഏതാണ്ട് സെറ്റായ സ്ഥിതിക്ക്, ഇന്ന് ഫുൾ ചെലവ്  നിന്റെ വക.”

ശരത്ത് കൂവി വിളിച്ചു പറഞ്ഞതും തലയാട്ടി ചിരിച്ചു കൊണ്ടവൻ മുന്നോട്ട് നടന്നു.

ദിവസങ്ങൾ പതിയെ കടന്നു പോയി..

ഒപ്പം കാർത്തിക്കിന്റെയും സന്ധ്യയുടെയും പ്രണയവും മൗനമായി തന്നെ മുന്നോട്ട് പോയി.

“സന്ധ്യേ……”

ഏറെ കേൾക്കാൻ കൊതിച്ച  സ്വരം തൊട്ടരികിലായ് കേട്ടപ്പോൾ  വെപ്രാളം തോന്നി പോയി. അത് അറിഞ്ഞതുപോലെ അവന്റെ ചുണ്ടിലായ് അവൾക്ക് വേണ്ടിയുള്ള പതിവ് പുഞ്ചിരി വിടർന്നു.

“മുമ്പത്തെക്കാളും സുഖമുണ്ട് നീ പാടുന്നത് കേൾക്കാൻ….”

അവളുടെ പുറകിലെ ബെഞ്ചിലായ്  ചാഞ്ഞു ഇരുന്നു കൊണ്ട് കാർത്തിക് പറഞ്ഞു. അവനെ തിരിഞ്ഞു നോക്കാൻ ഒന്ന് മടിച്ചു..

പിന്നെ, അവനു നേരെ തിരിഞ്ഞിരുന്നു.
അവന്റെ മിഴികളിൽ തന്നെ ദൃഷ്ടി പതിപ്പിച്ചു കൊണ്ട് പുഞ്ചിരിച്ചു.
ഇന്റർവെൽ സമയമായതിനാൽ സന്ധ്യയെ അടുത്തു കിട്ടിയ സന്തോഷമായിരുന്നു കാർത്തിക്കിന്‌.

“അപ്പൊ ന്നെ മറന്നിട്ടില്ലാലെ….
ഓർമ്മയ്ക്കും ഒരു കൊഴപ്പോം ഇല്യാ.
പിന്നെന്തേ ഇത്ര ദിവസം ഒരു പരിചയവും ഇല്ലാതെ നടന്നെ?..”

“അത് നീയും എന്നെ തിരിഞ്ഞു നോക്കാത്തോണ്ടല്ലെ.. പിന്നെ കോളേജിന്റെ ആസ്ഥാന ഗായികയ്ക്ക് ഈ പാവപ്പെട്ടവനെ ഒന്നും കണ്ണിൽ പിടിക്കില്ലല്ലോ. ഒന്നുല്ലെങ്കിലും ഒരേ നാട്ടുകാരായിട്ട് പോലും, ആലുവ മണപ്പുറത്ത് വെച്ച് കണ്ട ഭാവം പോലും കാട്ടിയോ”.

മറുപടി പറയാതെ പിണങ്ങി തിരിഞ്ഞു ഇരിക്കുന്നവളെ നോക്കി കണ്ണിറുക്കി കൊണ്ട് ക്ലാസിന് പുറത്തേക്ക് ഇറങ്ങി.
അവൻ പോകുന്നതും നോക്കി ജനലിന്റെ ഭാഗത്തേക്ക് ദൃഷ്ടി പായിച്ച് അവളും ഇരുന്നു.

വൈകീട്ട് കോളേജ് വിട്ടതും അവനെ കാണാനുള്ള ആഗ്രഹം കൊണ്ട് കണ്ണുകൾ നാലുപാടും അലഞ്ഞു.
കാണാൻ ആഗ്രഹിച്ചവനെ കാണാൻ കഴിയാത്ത സങ്കടത്തിൽ മുന്നോട്ട് നടന്നു.
കോളേജിന്റെ ഗേറ്റ് കടന്നതും വീണ്ടും കണ്ണുകൾ അവനെ തേടി പോയി.

അവളുടെ തിരച്ചില് മുഴുവനും ആസ്വദിച്ചു കൊണ്ട് അവൻ മാറി നിന്നു.
അവന്റെ പൊട്ടൻ കളി കണ്ട് വിഷ്ണുവും ശരത്തും ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്നു കരുതി പുച്ഛം വാരി വിതറി.

കോളേജിന്റെ രണ്ടു സൈഡിലും കാറ്റാടി മരങ്ങൾ കൊണ്ടും രക്തവർണ്ണമായ ഗുൽമോഹർ കൊണ്ടും സമൃദ്ധമാണ്.
ആ അംഗണത്തിൽ വീണു കിടക്കുന്ന വാകപൂക്കൾ നടപ്പാതയ്ക്ക് ഭംഗിയേകി.
കാറ്റിന്റെ താളത്തിനൊത്തു നടന്നു പോകുന്ന സന്ധ്യയിൽ മാത്രമായിരുന്നു അപ്പോഴും അവന്റെ കണ്ണുകൾ.

അടുത്ത ദിവസം കോളേജ് വിട്ടതും അവളെ കാത്തു നിൽക്കുമ്പോൾ പതിവിലും സന്തോഷം തോന്നി.

“”സന്ധ്യേ…………””

പതിവുപോലെ അവന്റെ വിളി അവളെ തേടിയെത്തി. തിരിഞ്ഞു നോക്കിയതും കണ്ടു ആരെയും മയക്കുന്ന പുഞ്ചിരിയുമായി നിൽക്കുന്നവനെ.
വലം കയ്യിലെ മുണ്ടിന്റെ അറ്റം പിടിച്ചു കൊണ്ടുള്ള നടത്തം നോക്കി അറിയാതെ നിന്നു പോയ്‌.

മുഖത്തിനു നേരെ അവൻ വിരൽ ഞൊടിച്ചപ്പോഴാണ്, താൻ ഇത്ര നേരം അവനിൽ ലയിച്ചു നിൽക്കുകയാണെന്ന ബോധ്യത്തിലേക്ക് എത്തിച്ചത്.
മുഖത്തെ ചമ്മൽ മറച്ചു കൊണ്ട് പുഞ്ചിരിച്ചു. തന്നോട് സംസാരിക്കാൻ  മടിക്കുന്നവനെ കണ്ട്  മുഖം ചുളിച്ചു.

“ഇന്നെന്താ ഏട്ടൻ മിണ്ടില്യാന്ന് സമരത്തിലാ?”.

“”എന്നും ഞാനല്ലേ എന്തെങ്കിലും പറയാറ്, താൻ ഒക്കെ കേട്ട് നിൽക്കല്ലേ പതിവ്.. അപ്പൊ ഒരു ചേഞ്ച് ആയിക്കോട്ടെ ന്ന് കരുതി.””

വീണ്ടും മൗനം….

അവളെ കാണുമ്പോൾ മാത്രം പിടയ്ക്കുന്ന ഇടനെഞ്ച്… അവളെ മാത്രം കാണുമ്പോൾ വിരിയുന്ന പുഞ്ചിരി…

ആ വരാന്തയുടെ അറ്റം അവസാനിക്കുമ്പോൾ എന്തൊക്കെയോ പറയാൻ മറന്ന ഭാവമായിരുന്നു അവന്.
ഈ വരാന്തയിലൂടെയുള്ള നടത്തം അവസാനിക്കാതിരുന്നെങ്കിൽ…….

“പോവാം ദേവേട്ടാ…”

വീണ്ടും ഒരുമിച്ച് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴും അവൾ അവനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.

സന്ധ്യയെ യാത്രയാക്കി ബുള്ളെറ്റുമായി വീട്ടിലേക്ക് തിരിക്കുമ്പോഴും മനസ് അവളിൽ തന്നെ കുരുങ്ങി കിടന്നു.

രാത്രി കട്ടിലിലേക്ക് ചാരിയിരുന്ന് ജനാലയിലൂടെ പുറത്തെ നിലാവിലേക്ക് നോക്കിയിരിക്കുമ്പോൾ ആ പൂർണ്ണചന്ദ്രനിൽ പോലും തെളിഞ്ഞത് സന്ധ്യയുടെ മുഖമായിരുന്നു.
നൂല് പൊട്ടിയ പട്ടം പോലെ പാറി നടക്കുന്ന മനസിനെ അടക്കി നിർത്താനാവാതെ പുറത്തെ പൗർണ്ണമി രാവിൽ ലയിച്ചിരുന്നു.

“””കാലം തെറ്റി വന്നൊരു ശരത്കാലമായിരുന്നു നീയെനിക്ക്.
നീയാകുന്ന ഋതുഭേദങ്ങളുടെ ഇതളുകളാകാൻ കൊതിക്കുന്നു സഖി.
എന്റെ ഹൃദയം തേടുന്നത് നിന്നെയാണ്..
അത് മന്ദ്രിക്കുന്നത് നിന്റെ നാമമാണ്.

“എന്നിലെ പ്രണയം തിരിച്ചറിഞ്ഞിട്ടും മനസിലാകാതെ നടിക്കുകയാണോ?..
നിന്റെ ഉള്ളിലും എന്നോടുള്ള പ്രണയമില്ലേ?..

പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട് എന്നെ കാണുമ്പോഴുള്ള നിന്റെ മിഴികളിലെ അടങ്ങാത്ത പ്രണയം…എങ്ങനെ പറയണം സന്ധ്യേ നിന്നോടുള്ള പ്രണയത്തെ കുറിച്ച്…. എനിക്കെന്റെ പ്രണയത്തെ വർണ്ണിക്കാൻ വാക്കുകൾ പോരാതെ വരും പെണ്ണേ…”

സന്ധ്യയെ ആദ്യമായി കണ്ടപ്പോഴോ പരിചയപ്പെട്ടപ്പോഴോ അറിഞ്ഞില്ല ജീവന്റെ ഒരു ഭാഗമായ് മാറുമെന്ന്…
അവളുടെ നാമം രക്തത്തിലായ് അലിഞ്ഞു ചേരുമെന്നും. എപ്പോഴോ ഇഷ്ടപ്പെട്ടുപോയി.. ഇടനെഞ്ചിലായി പതിഞ്ഞു പോയി…

നാളെ തന്നെ അവളോടുള്ള ഇഷ്ടം തുറന്നു പറയാനുള്ള തീരുമാനം എടുക്കുമ്പോഴും
അവന്റെ ചുണ്ടിൽ ഏതോ പാട്ടിന്റെ ഈരടികൾ മുഴങ്ങി കൊണ്ടിരുന്നു…

“സന്ധ്യക്കെന്തിനു സിന്ദൂരം…
ചന്ദ്രികക്കെന്തിനു വൈഡൂര്യം…”

പിറ്റേദിവസം കോളേജ് കവാടം കടന്നതും അവളുടെ മിഴികൾ അവനെ തേടി കൊണ്ടിരുന്നു. വിഷ്ണുവിന്റെയും ശരത്തിന്റെയും കൂടെ കാർത്തിക്കിനെ കാണാതെ വന്നപ്പോൾ, നിരാശ തോന്നി. ഉള്ളിലെ വിങ്ങൽ മറച്ചു പിടിച്ചു.
വേഗം ഒന്ന് അന്നത്തെ ദിവസം അവസാനിച്ചിരുന്നെങ്കിലെന്ന് തോന്നി പോയി.

“ദേവേട്ടനെ കാണാൻ വേണ്ടിയല്ലേ താനിപ്പോൾ കോളേജിൽ വരുന്നത് തന്നെ.. അവനോടുള്ള പ്രണയം തന്നെയല്ലേ അവസാനം ഈ കോളേജിൽ എത്തിച്ചതും..

അവനു വേണ്ടിയല്ലേ അന്ന് പാട്ടു പാടിയതും. ഇഷ്ടമല്ലേ ഒരുപാട്…
പക്ഷെ അതേ ഇഷ്ടം തന്നോടും ഉണ്ടോ?.. കണ്ടിട്ടുള്ളതല്ലേ ആ കണ്ണിലെ പ്രണയം..”

ഓരോന്ന് ചിന്തിച്ചു കൂട്ടി സമയം തള്ളി നീക്കുമ്പോഴും അവനെ കാണാൻ കഴിയാത്തതിന്റെ വിഷമമായായിരുന്നു.
ഒടുവിൽ അവസാന ക്ലാസും കഴിഞ്ഞു വീട്ടിലെത്താൻ ധൃതി കൂട്ടി.

വരാന്തയിലൂടെ വേഗത്തിൽ പോകുമ്പോഴാണ് പെട്ടന്ന് രണ്ട് കൈകൾ അവളെ വലിച്ചു ഒഴിഞ്ഞ ക്ലാസ്സ്‌ റൂമിലേക്ക് കയറ്റിയത്. പ്രതീക്ഷിക്കാതെയുള്ള ആ നീക്കത്തിൽ പേടിച്ചു പോയിരുന്നു സന്ധ്യ.
കണ്ണടച്ചു ചുവരിൽ ചാരി നിൽക്കുന്നവളെ കണ്ടതും അവനൊന്ന് ചിരിച്ചു.

കണ്ണു തുറന്നതും മുന്നിൽ നിൽക്കുന്ന കാർത്തികിനെ കണ്ടപ്പോൾ കണ്ണ് നിറച്ചു കൊണ്ടവൾ ഇറുകെ പുണർന്നു.
അവളുടെ ആ നീക്കത്തിൽ അവനൊന്ന് പകച്ചു പോയെങ്കിലും ഏറെ ഇഷ്ടത്തോടെ ചേർത്തു പിടിച്ചു.

ഉടൽ വിറക്കുന്നതിൽ നിന്നും അവനു മനസിലായി അവളെത്ര മാത്രം പേടിച്ചു പോയെന്ന്. ചെയ്തത് കൂടി പോയി എന്ന് തോന്നിയതും സോറി പറഞ്ഞു.
എന്നാൽ തിരിച്ചൊരു പ്രതികരണവും ഉണ്ടായില്ല.

“ഞാൻ അറിയാതെ ഒരു രസത്തിന് പേടിപ്പിക്കാംന്ന് വിചാരിച്ചേ ഉള്ളു. സോറി പെണ്ണേ.”
നീ ഇങ്ങനെ പേടിക്കുമെന്ന് കരുതിയില്ല.
ഒരു സർപ്രൈസ് ആയിക്കോട്ടെന്ന് വിചാരിച്ചു.”

അവന്റെ നെഞ്ചിൽ ചേർന്നു നിൽക്കുന്നവളുടെ മുഖം ബലമായി പിടിച്ചുയർത്തി.

“സോറി.. റിയലി സോറി..”

അവനിൽ നിന്നും സ്വബോധം വീണ്ടെടുത്തു കൊണ്ട് അവൾ അകന്നു മാറി.

“എന്നെ കാണാതെ കണ്ട് കിട്ടിയപ്പോ ഇത്ര സന്തോഷേ ഉള്ളു.”

മറുത്തൊന്നും പറയാതെ അവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും വീണ്ടും ചുവരോട് ചേർത്തു നിർത്തി. ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കിയതും പതിവ് ചിരിയിൽ  നിൽപ്പുണ്ട്. ഈ ചിരിയാണ് അവനിൽ തന്നെ അടിമയാക്കുന്നത്.. അനുരക്തയാക്കുന്നത്.

“ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഒന്ന് കാണാൻ..”.

മൗനത്തിലായ ഹൃദയങ്ങൾ തമ്മിൽ മിണ്ടുമ്പോഴാണ് ദൈർഘ്യമേറിയ പ്രണയം തീവ്രമാകുന്നത്.

“എനിക്ക് നിർത്താൻ പറ്റാത്ത രണ്ടു കാര്യങ്ങളെ ഉള്ളു പെണ്ണേ…
ഒന്ന്, നിന്നോടുള്ള പ്രണയവും രണ്ട്, വാകപ്പൂക്കളോടുള്ള ഇഷ്ടവും…

എന്റെ സന്തോഷമെല്ലാം നിന്നിലർപ്പിച്ച്
നിന്നെ ഞാൻ എന്റെതാക്കി നമ്മൾ പ്രണയത്തിലാവുകയാണ്.
ഇനിയൊരു വർഷപെയ്ത്തിൽ  പ്രണയവസന്തം തീർത്ത് നനയാനായി..
ഇനിയെത്ര രാവുകളിൽ ഞാൻ കാക്കണം..നിന്നെയൊരു കവിതയായ് എഴുതാൻ.”

അവന്റെ പ്രണയത്തിൽ മതി മറന്നു നിൽക്കുമ്പോഴും ഉള്ളിലെ ഇഷ്ടം തുറന്നു പറഞ്ഞ സന്തോഷമായിരുന്നു.

“പറയാതെ മനസിലൊളിപ്പിക്കുന്ന ചില ഇഷ്ടങ്ങളുണ്ട്.. കത്തുന്ന വെയിലിലും പൂത്തുലയുന്ന വാകപ്പൂക്കളെക്കാൾ ശക്തമായത്.. അതെല്ലാം എന്റെ മനസിന്റെ വസന്തങ്ങളായിരുന്നു…

അറിയാൻ ഒരു നിമിഷം അറിഞ്ഞു കഴിഞ്ഞാൽ അകലാതിരിക്കുവാനുള്ള തിടുക്കം അതാണ് എനിക്കു നിന്നോടുള്ള പ്രണയം…

എന്റെ പ്രണയമെന്നും ഈ കാർത്തിക്ദേവിനോട് മാത്രമായിരുന്നു.
നീ കടന്നു പോയ പാതയിൽ കൊഴിഞ്ഞു വീണ വാകപ്പൂക്കളോട് പോലും പ്രണയമായിരുന്നു.

കാണുന്നവരുടെയെല്ലാം കണ്ണഞ്ചിപ്പിക്കുന്ന ആ പൂക്കളോട് എന്നാണ് ഇഷ്ടം തോന്നിയതെന്ന് അറിയാമോ?.. നിനക്കേറ്റവും പ്രിയമുള്ളതിൽ ആ പൂവിനുള്ള സ്ഥാനം അറിഞ്ഞപ്പോൾ തൊട്ട്.

ഇഷ്ടമായിരുന്നു ഒരുപാട്…അതിവിടെ വച്ച് കണ്ടപ്പോൾ തുടങ്ങിയതല്ല.
ആ ഇഷ്ടം കൊണ്ട് തന്നെയാ ഇതേ കോളേജിൽ അഡ്മിഷൻ എടുത്തതും.
എനിക്ക് എപ്പോഴും കാണാൻ വേണ്ടി..
ഈ നെഞ്ചിൽ ഞാനുണ്ടെന്ന വിശ്വാസത്തിലാ അന്ന് പാടിയതും..
ഇഷ്ടമാണ്… ഒരുപാട്… “.

പറഞ്ഞു തീർന്നതും അവനവളെ ചേർത്തു പിടിച്ചു.

അവിടന്നു തുടങ്ങുകയായിരുന്നു അവരുടെ പ്രണയക്കാലം.

വേദവ്യാസ കോളേജിൽ തുടങ്ങിയ പ്രണയ വിപ്ലവങ്ങളിൽ ഒന്നായിരുന്നു സന്ധ്യയുടെയും കാർത്തിക്കിന്റെയും പ്രണയം. വ്യാസ കോളേജിലെ ചുവരുകൾക്ക് പോലും അസൂയ തോന്നിയ പ്രണയം..

“പിന്നീടെന്തുണ്ടായി സന്ധ്യേ?..

ശ്യാമിന്റെ ശബ്ദമാണ് താനും അവനെ കുറിച്ചുള്ള ഓർമകളിൽ ലയിച്ചുപോയെന്ന് ഓർമിപ്പിച്ചത്.

വിചിത്രം തന്നെ സ്വന്തം ഭർത്താവിനോട് കാമുകനെ, അല്ല തന്റെ പ്രാണനായിരുന്നവനെ കുറിച്ച് പറയുന്ന ഭാര്യ.

ഇന്ന് തന്റെ ആദ്യരാത്രിയാണ്.
നവവധുവിന്റേതായ യാതൊരു ഭാവവും തന്നിൽ ഉണ്ടായിരുന്നില്ലെങ്കിൽ പോലും താനിന്ന് ഒരു ഭാര്യയാണ്.

“കഴിഞ്ഞതെല്ലാം മറക്കണം..ഇന്ന് തൊട്ട് പുതിയ ജീവിതം തുടങ്ങുകയാണ്.. എല്ലാം നിന്റെ നല്ലതിനായിരുന്നു എന്ന് കരുതിയാൽ മതി. ശ്യാമിനോട് ഉള്ള് തുറന്ന് ഒന്ന് സംസാരിച്ച തന്നെ നിന്റെ ഉള്ളിലെ സങ്കടം അങ്ങ് മാറി കിട്ടും. നിന്നെ ഒരുപാട് ഇഷ്ടമാണ് അവന്.”

വീട്ടുകാരുടെ ഉപദേശങ്ങൾ കേട്ട് മിണ്ടാതെ ഒരു പാവയെ പോലെ നിന്നു കൊടുക്കുമ്പോഴും,  ഈ ഒരു ജീവിതത്തെ പറ്റിയോർക്കുമ്പോൾ  ഹൃദയം പൊട്ടി പോകുമെന്ന് തോന്നി.

ഏറെ സ്വപ്നം കണ്ട രാത്രിയാണിത് അതും തന്റെ പ്രണയത്തോടൊപ്പം..
ഇന്ന് ജീവനില്ലാത്ത പ്രതിമ പോലെ, നീറി ജീവിക്കേണ്ട അവസ്ഥ.
വെറുപ്പ് തോന്നുന്നു ജീവിതത്തോട്.

“അതിരു കടന്നു സ്നേഹിക്കുന്നവർ ഒടുവിലൊരു വിഡ്ഢിയാകും… പരിഹാസപാത്രമാകും…
അതേ… താനും ഇപ്പോൾ ഒരു വിഡ്ഢിയാണ്… പ്രണയമാകുന്ന സാഗരത്തിൽ മുങ്ങി തപ്പുന്ന വിഡ്ഢി….

എന്റെ പാതയിൽ മറയുന്ന ഓർമകൾ ഏറെയാണ്.. നിന്റെ ഹൃദയത്തിൻ മുമ്പിലായ് പാതയിടറി വീണുപോയ എൻ പ്രണയം സാക്ഷിയാകുന്നു.. ആഴമേറിയ, കാലമേറിയ പ്രണയം സാക്ഷി..

ഒരുപാട് മോഹങ്ങളോ ആഗ്രഹങ്ങളോ എനിക്കുണ്ടായിരുന്നില്ല..
ജീവിതാവസാനം നിന്നോടൊപ്പം ജീവിക്കാൻ മാത്രമേ കൊതിച്ചിരുന്നുള്ളു.

എന്നിട്ടും…. ഈ മൗനം എന്തിനായിരുന്നു?.. ഈ അകൽച്ച എന്തിനായിരുന്നു?.. ദേഷ്യത്തിന്റെ പുകമറ എന്തിനായിരുന്നു?..

ഈ പിണക്കം പോലും വ്യർഥമായിരുന്നില്ലേ?..

ഓരോ ചോദ്യവും സ്വയം ചോദിച്ചു കൊണ്ടവൾ വീണ്ടും പറയാനായി തുടങ്ങി.. അത് അവളുടെ പ്രണയകാലത്തിലേക്കുള്ള ഒരു മടങ്ങി പോക്ക് കൂടിയായിരുന്നു.

“”സന്ധ്യേ…….

ഇടനെഞ്ചിൽ കൈവെച്ച് കണ്ണടച്ചാൽ എന്റെ ഹൃദയത്തിന് നിന്റെ രൂപമാണ്….
നിന്നിലേക്കുള്ള യാത്രയിലാണ് ഞാൻ യഥാർത്ഥ മനോഹാരിത എന്തെന്ന് അറിഞ്ഞത്….

നീ മാത്രമുണ്ടെങ്കിൽ ഉള്ളു നിറയുന്നൊരിടം ഉണ്ട്….
അത് നമ്മളാവുന്നതും കാത്ത് നിന്നെയോർത്ത് ഇരിക്കുന്നു….””

രാത്രിയിലെ പതിവു സംസാരത്തിനിടയിൽ അവൻ പറഞ്ഞ വാക്കുകൾ തന്നിൽ കുളിർ മഴയായ് പെയ്തിറങ്ങി.

ഡിഗ്രി കഴിഞ്ഞിട്ടും തന്നെ കാണാൻ വേണ്ടി അതേ കോളേജിൽ അവൻ പിജിക്ക് ചേർന്നപ്പോഴും തങ്ങളുടെ പ്രണയം പതിന്മടങ്ങായി തീവ്രമായി തന്നെ മുന്നോട്ട് പോയി.

രണ്ട് വർഷത്തെ പഠിപ്പ് കഴിഞ്ഞവൻ ആ കോളേജിൽ നിന്ന് പോകുമ്പോൾ ഒറ്റപ്പെട്ട അവസ്ഥയായിരുന്നു.
കോളേജിലെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും അവനിലായിരുന്നു. അവൻ തീർത്ത ശൂന്യതയിൽ മടുപ്പ് തോന്നി തുടങ്ങി ആ കലാലയത്തോട് തന്നെ.

ഒരുപാട് ദൂരത്തല്ലെങ്കിലും പരസ്പരം കാണുന്നത് കുറവായിരുന്നു.

“അകന്നിരിക്കുമ്പോഴാണ് ഏതൊരു പ്രണയത്തിനും ഭംഗി കൂടുന്നത്…

നിനക്കത് അറിയാമോ സന്ധ്യേ…
കാണാൻ കൊതിക്കുന്ന ആൾ അകലെയാണെങ്കിലും ഒരു വിളിക്കപ്പുറം ആ സ്വരം അടുത്തല്ലെ…”.

അകന്നിരിക്കുന്ന ഓരോ നിമിഷവും താൻ മറ്റെന്തോ ആയി തീരുന്നു.

“പ്രണയം ഒരു ഭ്രാന്താണോ…..?
ആണെങ്കിൽ, ഇന്ന് താൻ ആ ഭ്രാന്തിന്റെ ആഴങ്ങളിലാണ്. ഓരോ നിമിഷവും അതെന്റെ ഹൃദയത്തെ കാർന്നു തിന്നുന്നു…

കുറെ നാളായി താനിപ്പോൾ ഒരു ഭ്രാന്തിയായി കൊണ്ടിരിക്കുകയാണ്.

അവനിൽ നിന്നും കുറച്ചു നാളുകളായി കിട്ടുന്ന അവഗണനകൾ എന്തിനാണെന്ന് അറിയാതെ, വീർപ്പുമുട്ടി താൻ ഭ്രാന്തിന്റെ വക്കിലാണ്…

നാളുകളേറെയായി ഒരു കാരണവുമില്ലാതെ അവൻ അവഗണിക്കുന്നു. ദേഷ്യത്തിന്റെ മൂടുപടമണിഞ്ഞ് അവനെന്നെ എന്തിന് അകറ്റുന്നു… വേദനിപ്പിക്കുന്നു… തള്ളി പറയുന്നു…
അറിയില്ല ഒന്നും…”

“”അന്ന് നിന്റെ പ്രണയം എന്റെ സ്വപ്‌നങ്ങളെ കവർന്നു…. ഇന്ന് നിന്റെ വിരഹം എന്റെ നിദ്രയെയും…!””

“ഒരു കാരണവുമില്ലാതെ അവനങ്ങനെ ചെയ്യില്ല…. പക്ഷെ ആ കാരണമെന്ത്….!
അറിയില്ല….”.

“നിന്നെ ഞാനെന്റെ ജീവിതത്തീന്ന് തന്നെ പിഴുതു കളയാ… എന്നന്നേക്കുമായ്… എനിക്കിനി നിന്നെ വേണ്ട സന്ധ്യേ… ”

അവന്റെ വാക്കുകൾ തമാശയായി തള്ളി കളയുമ്പോഴും ഉള്ളിൽ കൂരമ്പ് കണക്കെ തറഞ്ഞു കയറിയ ആ വാക്കുകൾ യാഥാർഥ്യമാണെന്നറിഞ്ഞപ്പോൾ ഉരുകി തീർന്ന അവസ്ഥ…. അവന്റെ വാക്കുകളുടെ ആഴം അതിൽ നിറഞ്ഞു നിന്ന ദൃഢത….

നിഷ്കരുണം തള്ളി പറഞ്ഞപ്പോൾ തകർന്നു പോയവളുടെ വേദന കാണാതെ വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ചു കൊണ്ടിരുന്നു.

“എന്റെ സന്ധ്യയെ എനിക്ക് വേദനിപ്പിക്കാൻ കഴിയില്ല…, എന്നൊരു നൂറാവർത്തി വിളിച്ചു പറഞ്ഞവൻ
നൽകിയ, പ്രണയ തടവറയിൽ അകപ്പെട്ട് സ്വയം തീർത്ത വിരഹമാകുന്ന ഉമിതീയിൽ വെന്തുരുകിയപ്പോഴും കാത്തിരുന്നു… അവന്റെ ചുംബനത്താൽ പൂത്തുലയാനൊരു പൂമരമായ്…അവന്റെ മടങ്ങി വരവിനുവേണ്ടി…

എന്നിട്ടും…!!”

കാരണമറിയാൻ…വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടിരുന്നു… മറുപടി ഉണ്ടാകില്ലെന്നറിഞ്ഞിട്ടും… സ്വയം വിഡ്ഢിയായി കൊണ്ടിരുന്നു.”

ജൂബിലി മിഷൻ ഹോസ്പിറ്റലിന്റെ ഹൃദയാലയ ബ്ലോക്കിലേക്ക് ലക്ഷ്യ ബോധമില്ലാതെ ഓടുമ്പോൾ കടുത്ത നിസ്സംഗതയായിരുന്നു അവളുടെ ഉള്ളിൽ.

അവിടത്തെ അന്വേഷണ വിഭാഗത്തിൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് വീണ്ടും ഇടറിയ ചുവടുകളോടെ അഞ്ചാം നിലവരെ വിശ്രമമില്ലാതെ ഓടുമ്പോൾ നന്നേ തളർന്നിരുന്നു.

ആ ഓട്ടം ചെന്നവസാനിച്ചത് ഐസിയുവിന് മുന്നിലാണ്. വിയർത്തു കുളിച്ച് പരിഭ്രാന്തിയിൽ നിൽക്കുന്നവളെ കണ്ട് പലരും അവജ്ഞയോടെ നോക്കി.

അവിടെ അടുത്തുള്ള കസേരയിൽ ഇരുപ്പുറപ്പിക്കുമ്പോൾ എല്ലാ പ്രതീക്ഷയും അസ്തമിച്ച ഭാവമായിരുന്നു അവളിൽ.

“”ഓർമപ്പെടുത്തുന്ന നിൻ സ്നേഹത്തിൻ ആഴത്തിൽ, നിന്നെയോർത്ത് ജീവിക്കുമ്പോൾ… ഓർമകളിൽ മാത്രം നീയെന്റെ സ്വന്തം…”

“കൊഴിഞ്ഞു പോകും കാലം വരെ…
മറിഞ്ഞു വീഴും നേരം വരെ നിനക്കായ്‌,
ചുട്ടുപൊള്ളുന്ന വേനലിൽ നിന്ന് മുക്തിയാകാൻ ഞാൻ കാത്തിരിക്കാം..
പൊള്ളുന്ന തീക്കനൽ ഉള്ളിലെരിയുമ്പോഴും പൂക്കുന്ന വസന്തത്തെ കുറിച്ച് വാചാലയാകാം.”

കണ്ണുനിറഞ്ഞു കാഴ്ച്ചയെ മറക്കുമ്പോഴും കണ്ടിരുന്നു തനിക്ക് അടുത്തേക്ക് വരുന്ന രണ്ടുപേരെ…

ആ രണ്ടുപേരും വിഷ്ണുവും ശരത്തും ആണെന്നറിഞ്ഞതും
ഇരുന്നിടത്തു നിന്നു ഏണീറ്റു.
അവരെ ഒന്ന് നോക്കി വേദനയോടെ തലതാഴ്ത്തി.

“ഞാൻ… ഒന്ന് കാണാൻ… അകലെ നിന്ന് ഒന്ന് കാണണം… എന്നെ കണ്ടാൽ ദേഷ്യപ്പെടും..എന്നാലും ഒന്ന് കണ്ടിട്ട് പൊക്കോളാം..”

രണ്ടുപേർക്കും അവളോട് അലിവ് തോന്നി. കാർത്തിയോട് ദേഷ്യവും.

“ഐസിയുവിൽ അങ്ങനെ തോന്നിയപോലെ കാണാൻ ഒന്നും പറ്റില്ല സന്ധ്യേ. അവനെ അവിടന്ന് മാറ്റട്ടെ അത് വരെ സമാധാനപ്പെട്…പിന്നെ അവന്റെ ബന്ധുക്കൾ നിന്നെ ഇവിടെ കണ്ടാൽ എന്ത്‌ കരുതും.

നിങ്ങടെ കാര്യമെല്ലാം ഏതാണ്ട് അവന്റെ വീട്ടിൽ അറിയാം. പക്ഷെ അവന്റെ പെണ്ണ് നീയാണെന്ന് അവർക്ക് അറിയില്ല. പരസ്പരം അറിയുന്നവരാണെങ്കിൽ അത്‌ ചിലപ്പോൾ കൂടുതൽ പ്രശ്നമാകാൻ സാധ്യതയുണ്ട്.

ഞാൻ പറഞ്ഞതും നീ ഓടി വരണമെങ്കിൽ അവനോടുള്ള നിന്റെ സ്നേഹം ഞങ്ങൾക്ക് മനസിലാക്കാം. പക്ഷെ, ബാക്കിയുള്ളവർക്ക് അത് എങ്ങനെയാവും എന്ന് നമുക്കറിയില്ലല്ലോ.”

മൗനം തിങ്ങി നിറഞ്ഞു… നേരം കടന്നു പോയ് കൊണ്ടിരുന്നു.

ആർക്കെങ്കിലും കേറി കാണാമെന്ന അനുമതി കിട്ടിയപ്പോൾ തന്നെ അവന്റെ അമ്മയും അനിയനും അകത്തേക്ക് പ്രവേശിച്ചു.

വാതിൽ അടയുന്നതും നോക്കി ഇരുപ്പുറക്കാതെ ഐസിയുവിന്റെ മുന്നിലേക്ക് പോയി നിന്നു. അകത്തേക്കുള്ള വഴി മാത്രമേ അവൾക്ക് കാണാൻ സാധിച്ചിള്ളൂ.
എങ്കിലും ആ വാതിലിനു മറവിലായ് നിന്നു.

അകത്തു കിടക്കുന്ന തന്റെ പ്രാണനായവനെ ഓർത്തതും ഉള്ളൊന്നു പിടഞ്ഞു. തൊണ്ടകുഴിയിൽ നിന്നുമൊരു ഗദ്ഗദം പുറത്തേക്ക് വന്നതും കൈകൊണ്ട് വായയെ ബന്ധിച്ച് ചുവരിലേക്ക് ചാരി നിന്ന് പൊട്ടിവന്ന കരച്ചിലിനെ അടക്കി പിടിച്ചു.
അപ്പോഴും കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു.

“”അറിയുന്നുണ്ടോ ദേവേട്ടാ.. ഈ പെണ്ണിനെ പറ്റി?.. ഓർക്കുന്നുണ്ടോ.. അതോ വെറുത്തു പോയോ?..”

മൗനമായ് അവനു വേണ്ടി പ്രാർത്ഥിക്കുമ്പോഴും  മനസ്സിൽ, അവനേൽപ്പിച്ച മുറിവിൽ നിന്നും രക്തം കിനിഞ്ഞു കൊണ്ടിരുന്നു.

“”സന്ധ്യേ….””

“നീയിപ്പോ വീട്ടിലേക്ക് ചെല്ല്. ഇവിടെ ഇനിയും നിൽക്കുന്നതിൽ അർത്ഥമില്ല. പിന്നെ നിന്റെ വീട്ടുകാരുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ പ്രശ്നം ഉണ്ടാവാൻ സാധ്യതയുണ്ട്.

അവന്റെ കാര്യം ഞങ്ങൾ അറിയിക്കാം. ഞാൻ വിളിക്കാം നിന്നെ. ഇപ്പൊ ആരും ഒന്നും അറിഞ്ഞിട്ടില്ല. നീയായിട്ട് ഒന്നിനും വഴി വെക്കണ്ട. നിനക്കെന്നെ വിശ്വാസമില്ലേ?..”

വിഷ്ണുവിന്റെ വാക്കുകൾ അനുസരിച്ച്,
കണ്ണുകൾ അമർത്തി തുടച്ചു ഒന്നുകൂടി ആ ഐസിയുവിലേക്ക് കണ്ണുപായിച്ചു കൊണ്ട് തിരിഞ്ഞു നോക്കാതെ നടന്നു…

അലമുറയിടുന്ന ഹൃദയത്തെ അടക്കി പിടിച്ചു അവിടന്ന് ഇറങ്ങുമ്പോൾ ദിക്കറിയാതെ അലയുന്ന പക്ഷിയെ പോലെ കൈവിട്ട് പോയ മനസിനെ പിടിച്ചു നിർത്താനാവാതെ വീട്ടിലേക്ക് മടങ്ങുമ്പോഴും,  ഇനിയെന്ത്?.. എന്ന് ആവർത്തിച്ചു കൊണ്ടിരുന്നു.

“നിൽക്കവിടെ..”

വീടിന്റെ പടി ചവിട്ടിയതും പുറകിൽ നിന്നുള്ള അച്ഛന്റെ വിളികേട്ടു ഒന്ന് പതറിയെങ്കിലും ധൈര്യം വീണ്ടെടുത്തു തിരിഞ്ഞു നിന്നു.

“സമയം എന്തായിന്ന് വല്ല ബോധവും ഉണ്ടോ നിനക്ക്?… ഇത്ര നേരം നീ എവിടെ ആയിരുന്നു?… ആരോടെങ്കിലും പറഞ്ഞിട്ടാണോ നീ ഈ പടിക്ക് പുറത്തേക്ക് ഇറങ്ങിയത്?…”

ഒന്നിനു മീതെ ഒന്നായുള്ള ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാനാകാതെ തെറ്റ് ചെയ്ത കുട്ടിയെ പോലെ മിണ്ടാതെ നിന്നു.
ഉത്തരം മുട്ടി അകത്തേക്ക് നടന്നു. മുറിയിൽ കയറി വാതിലടച്ചു.

വൈകുന്നേരം ഊണുമേശയിലെ നിശബ്ദതയെ ഭേദിച്ചു കൊണ്ടുള്ള അച്ഛന്റെ സംസാരം തന്റെ കല്യാണം ഉറപ്പിക്കുന്ന തീരുമാനത്തിൽ കലാശിച്ചപ്പോഴും ഞെട്ടലൊന്നും തോന്നിയില്ല.

ഇത് കുറച്ചു നേരത്തെ ആയില്ലല്ലോ എന്നു മാത്രം ചിന്തിച്ചു. തന്നോട് ചോദിക്കാതെ ആണല്ലോ പല തീരുമാനങ്ങളും ഇപ്പോൾ നടക്കുന്നത്.
ആർക്കും എന്തും അടിച്ചേൽപ്പിക്കാനുള്ള യന്ത്രം മാത്രമാണ് താൻ.

സംസാരം നിർത്തി എല്ലാർവരും അവരവരുടെ കാര്യം നോക്കി പോയപ്പോഴും ഒറ്റപ്പെട്ടു പോയി. എല്ലാമറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നവരോടൊക്കെ എന്ത് പറയാൻ.

ഒടുവിൽ മനസുകൊണ്ട് ഉറച്ച തീരുമാനമെടുത്ത് അച്ഛന്റെ അരികിലേക്ക് നടന്നടുക്കുമ്പോൾ പതിവ് ഭയം തന്നെ പൊതിഞ്ഞില്ല. മുഖമുയർത്തി സംസാരിക്കാൻ മടിച്ചില്ല.

“അച്ഛാ…. എനിക്കിപ്പോൾ കല്യാണം വേണ്ടാ.”

ഉറച്ച ശബ്ദത്തോടെ പറയുമ്പോൾ അച്ഛനും അമ്മയും വല്ലാത്ത ഭാവത്തോടെ നോക്കുന്നുണ്ടായിരുന്നു.

“അതെന്താ?.. എന്റെ തീരുമാനം ഞാൻ പറഞ്ഞു. അത് നീ അനുസരിക്കാ.

നിന്റെ കാര്യങ്ങൾ ഒന്നും ഞങ്ങൾ അറിയില്ലാന്ന് വിചാരിച്ചോ? നാട്ടുകാര് പറഞ്ഞറിഞ്ഞു നിന്റെ കഥകൾ എല്ലാം.
അവനെ കാണാൻ അല്ലേടി നീയിന്ന് പോയത്. ഒക്കെ അറിഞ്ഞിട്ടാ ഞാൻ നിക്കണേ.

ഇവിടം കൊണ്ട് നിർത്തിക്കോ ഒക്കെ. പെൺകുട്ടികളെ അടക്കി വളർത്താൻ കഴിവില്ലാത്തവരല്ല ഞാനും നിന്റെ അമ്മയും. ഈ വീടിന്റെ പടി നീയിനി ഇറങ്ങിയെന്നറിഞ്ഞ…!

ജീവന് ഒരു ഉറപ്പും ഇല്ലാത്ത.. അങ്ങടോ ഇങ്ങടോ എന്നറിയാതെ കിടക്കുന്ന ഒരുത്തന് നിന്നെ പിടിച്ചു കൊടുക്കാൻ ഞങ്ങൾക്ക് കഴിയില്ല… “.

അത്രയും പറഞ്ഞു ദേഷ്യം കൊണ്ട് വിറക്കുന്ന അച്ഛന്റെ അവസാന വാചകം ഒരു ഇടുത്തി പോലെ പതിച്ചു.

“എന്ത്‌ അസുഖമാണെങ്കിലും മാറുമെന്ന് ഉറപ്പാ. ഇനി മാറിയില്ലെങ്കിലും, എനിക്കൊരു ജീവിതമുണ്ടെങ്കിൽ അത് കാർത്തികിനോടൊപ്പം ആയിരിക്കും”.

“അത് നിന്റെ വ്യാമോഹം മാത്രം. ഞാൻ ജീവനോടെ ഉണ്ടെങ്കിൽ ഞാൻ പറയുന്നതേ നടക്കൂ.”

രണ്ടുപേരുടെയും തർക്കം കേട്ട് മിണ്ടാതെ നിൽക്കുന്ന അമ്മയെയും അനിയത്തിയെയും ഒന്ന് നോക്കി. പിന്നെ നിസ്സഹായയായി തന്റെ മുറി ലക്ഷ്യമാക്കി നടന്നു.

പിന്നേയും ദിവസങ്ങൾ കടന്നുപോയി. കല്യാണം ഉറപ്പിക്കലും തിയതി കുറിക്കലും കഴിഞ്ഞു. മൗനമായ് താനും അതോടൊപ്പം ഒതുങ്ങി കൂടി.

“”സന്ധ്യേ….””

ഫോണിലൂടെയുള്ള വിഷ്ണുവിന്റെ വിളിയിൽ മറുപടിയായി ഒന്ന് മൂളാൻ പോലും തനിക്ക് ശേഷിയുണ്ടായിരുന്നില്ല… എന്നിട്ടും അവനെ പറ്റി അറിയാൻ കാതോർത്തു.

“അവൻ പറഞ്ഞതാ ശെരി… അവനു വേണ്ടി ഇനിയും കാത്തിരിക്കുന്നതിൽ അർത്ഥമില്ല. കാരണം അവന് നിന്നെ ഒരിക്കലും സ്വീകരിക്കാൻ കഴിയില്ല…അവനോട് ഞാൻ സംസാരിച്ചു… നിനക്കുള്ള ഉത്തരം അന്ന് ആ ഹോസ്പിറ്റലിൽ വെച്ച് തന്നെ മനസിലാക്കാമായിരുന്നു.
പക്ഷെ….!

നീയതിനു മുതിർന്നില്ല.. കാരണം അവനോടുള്ള അന്ധതയിൽ നീ അതൊന്നും ശ്രെദ്ധിച്ചു കാണില്ല.
ഹൃദയാലയ ബ്ലോക്കിൽ അവനെ അഡ്മിറ്റ് ചെയ്യണമെങ്കിൽ.. അവിടത്തെ ഐസിയുവിൽ കുറച്ചു അധികം നാള് കിടത്തണമെങ്കിൽ അതിന്റെ കാരണം എന്തായിരിക്കും….!

ഒന്നാലോചിച്ചു നോക്കിയാൽ നിനക്ക് തന്നെ മനസിലാക്കാം.

ഒരു കാരണവുമില്ലാതെ അവൻ നിന്നെ തള്ളി പറയില്ല എന്ന് നിനക്കും എനിക്കും ഉറപ്പായിരുന്നു. അതിന് അവനോടുള്ള വിശ്വാസം തന്നെയല്ലേ കാരണം….!
അവനിപ്പോൾ പഴയപോലെയല്ല സന്ധ്യേ…

അതാണ് നിന്നെ അവൻ അവഗണിക്കുന്നെ.
നീ അവനോട് നേരിട്ട് സംസാരിക്കണം.”

ഒക്കെ ഒരു മൂളലിൽ ഒതുക്കി സംസാരം അവസാനിപ്പിച്ചു.

“അവനുമായുള്ള ബന്ധം നടക്കില്ലെന്നറിഞ്ഞിട്ടു തന്നെയല്ലേ താൻ അവനെ പ്രണയിച്ചത്?..”

അവഗണിക്കുമെന്നറിഞ്ഞിട്ടും വിഷ്ണുവിന്റെ ധൈര്യത്തിൽ അവന്റെ വീട്ടിലേക്ക് ഇറങ്ങി പുറപ്പെട്ടു. തന്നെ കണ്ടതും അപരിചിതയെ പോലെ സംസാരിച്ചത് അവന്റെ കണ്ണിലെ വേദന മറയ്ക്കാനായിരുന്നില്ലേ…

“ജീവിതകാലം മുഴുവൻ ജീവന് ഒരു ഉറപ്പും ഇല്ലാത്ത എന്റെ കൂടെ ജീവിക്കുന്നതിലും പരാജയം മറ്റെന്തുണ്ട് സന്ധ്യേ?… മൃതസഞ്ജീവനി ലിസ്റ്റിൽ പേര് കേറിയവനാ ഞാൻ…

മരുന്നിന്റെ പുറത്തു ജീവിക്കുന്നവൻ…
അത് നിർത്തിയ തന്നെ ഏതു നിമിഷം വേണേലും കൈവിട്ട് പോകാവുന്ന ജീവൻ… ആ എന്റെ കൂടെ എന്ത്‌ ധൈര്യത്തിൽ നീ ജീവിക്കും?…

സർജറിയ്ക്ക് ചെയ്താൽ പോലും പ്രതീക്ഷയ്ക്ക് വകയില്ലടി. നിന്നെ മാത്രമല്ല ഒരുപെണ്ണിനേയും ഇനിയെന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ എനിക്ക് കഴിയില്ല…. നീയെന്നെ മനസിലാക്ക്. എന്റെ കൂടെ ഒരു ജീവിതം അതിന് ഞാൻ അനുവദിക്കില്ല.

നീ വീട്ടുകാരുടെ ഇഷ്ടം അനുസരിക്കണം.. അതാണ് എന്റെയും ഇഷ്ടം. മറക്കണം എല്ലാം…ഒരു ഉറപ്പും ഇല്ലാത്ത ഈശ്വരൻ വിധിയെഴുതിയ എന്റെ ജീവിതത്തിലേക്ക് നിന്നെ വലിച്ചിടാൻ എനിക്കാവില്ല..”

“അവൻ പറഞ്ഞ വാക്കുകളിൽ തറഞ്ഞു നിന്നപ്പോഴും തോൽക്കാൻ മനസില്ലാതെ, അവസാനം പൊട്ടികരഞ്ഞു അവന്റെ നെഞ്ചിലേക്ക് ചേർന്നിരിക്കുമ്പോൾ ചില്ലു കൊട്ടാരം തകർന്ന രാജകുമാരിയെ പോലെയായി താനും.”

“”ഇല്ല ഒരിക്കലും ഞാൻ ഏട്ടനെ വിട്ട് പോവില്ല…. സന്ധ്യയെ വേണ്ടാന്ന് മാത്രം പറയല്ലേ…. വേറൊന്നും എനിക്ക് വേണ്ട….

ഈ നെഞ്ചിലെ സ്നേഹം മാത്രം മതി.
എന്ത്‌ വന്നാലും എന്നെ ഉപേക്ഷിച്ചു മാത്രം പോവല്ലേ, സഹിക്കാൻ പറ്റില്ല എനിക്ക്.

വേണ്ടാന്ന് വെക്കാൻ ആണോ എന്നിലേക്ക് വന്നത്. ആണോ….. പറ.
സന്ധ്യയെ ഉപേക്ഷിക്കാൻ കാർത്തിക്കിന് അത്രപെട്ടന്ന് കഴിയോ?….
പറ…. എന്നെ മറക്കാൻ പറ്റോ.””

അവന്റെ കോളറിൽ പിടി മുറുക്കി ഉലച്ചു കൊണ്ടുള്ള ആ ചോദ്യത്തിൽ ഒന്ന് പതറിയെങ്കിലും അവൻ അവന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.

“”എനിക്ക് ഭ്രാന്ത് പിടിക്കും ദേവേട്ടാ…
വാക്കുകൾ കൊണ്ട് നിങ്ങളെന്നെ ഓരോ നിമിഷവും മുറിവേൽപ്പിക്കുമ്പോൾ ഒരുപോലെ ആ വേദന രണ്ടുപേർക്കും ഉണ്ടാകുന്നുണ്ടെന്ന് അറിയാം.

നിങ്ങളുടെ ഉള്ളിൽ സന്ധ്യയ്ക്ക് മാത്രമേ സ്ഥാനം ഉണ്ടാകൂ…. എന്നിട്ടും….
എന്നെ പറഞ്ഞു വിടല്ലേ…. എന്തൊക്കെ വന്നാലും കൂടെ ഉണ്ടാകും ഞാൻ…. എന്തും അനുഭവിക്കാൻ ഞാൻ തയ്യാറാ….. പക്ഷെ…. തള്ളി കളയല്ലേ….””

ഏങ്ങി കരഞ്ഞു കൊണ്ട് അവന്റെ കാൽ കീഴിൽ ഇരുന്നു പൊട്ടി കരയുന്നവളെ കണ്ട് നിസ്സംഗതയോടെ നിൽക്കാൻ മാത്രമേ അവനായുള്ളൂ.

നൂറ് ശതമാനവും രക്ഷപ്പെടാൻ സാധ്യതയില്ലാത്തവനായി മുദ്ര കുത്തിയവൻ…. മരണത്തിലേക്ക് നടന്നടുക്കുന്നവനെങ്ങനെ പ്രാണനായവളുടെ കൂടെ ജീവിതം തകർക്കാനാകും.

ബലമായി അവളെ തന്നിൽ നിന്നും അടർത്തി മാറ്റുമ്പോൾ, അവളുടെ മുഖത്ത് നോക്കാതിരിക്കാൻ അവൻ പാടുപെട്ടു.

ഒരിക്കലും വിട്ട് പോകില്ലെന്ന് വാശി പിടിച്ചു നിൽക്കുന്നവളെ മുറിയിൽ നിന്നു വലിച്ചിഴച്ചു പുറത്തേക്ക് കൊണ്ട് വരുമ്പോൾ അവന്റെ കയ്യിന് മുകളിലുള്ള അവളുടെ കൈകളുടെ മുറുക്കം ഏറി വന്നു.

“”പോണം…. എന്നെ വിട്ട് നീ പോണം…. ഒരുപാട് ദൂരങ്ങളിലേക്ക് അകലണം….””

കയ്യിലെ പിടി അയച്ച് കൊണ്ട് തിരിഞ്ഞു പോലും നോക്കാതെ അകത്തേക്ക് പോകുമ്പോഴും അവന് കാണാമായിരുന്നു സർവ്വവും തകർന്നു നിൽക്കുന്ന ആ പാവം പെണ്ണിന്റെ മുഖം.

അവളിലേക്ക് അടുക്കാൻ വെമ്പുന്ന മനസിനെ അടക്കാൻ പാടുപെട്ടവൻ ഉരുകുമ്പോൾ അവളും നിലയില്ലാ കയത്തിൽ മുങ്ങി താഴുകയായിരുന്നു.

അവന്റെ വീടിന്റെ പടിയിറങ്ങുമ്പോൾ ഇടറി പോകുന്ന ചുവടുകളെ ശ്രമപ്പെട്ട് പിടിച്ചു നിർത്തി.

“”ഇനി ഒരു പുനർജന്മമുണ്ടെങ്കിൽ സന്ധ്യയ്ക്ക് മനുഷ്യ ജന്മം വേണ്ട….!
ഉരുകി തീരാൻ മാത്രം ഒരിക്കലും വേണ്ട….””

നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് നിർവികരതയോടെ നടക്കുമ്പോഴും വിധി തീർത്ത ജീവിതത്തിലെ പുതിയ നാടകം ആടി തീർക്കാൻ ഒരുങ്ങുകയായിരുന്നു അവളും.

“”നീയെന്നിൽ നിന്നും യാത്ര പറയുമ്പോൾ… ഉള്ളിൽ നീ തന്ന ഓർമകൾ നിലയ്ക്കാതെ പിറവിയെടുക്കുകയാണ്…. അപ്പോൾ എന്റെ ഉള്ളിൽ നിനക്കായ്‌ വാകപ്പൂക്കൾ വസന്തം തീർത്തു കൊണ്ടിരിക്കും….””

“അവൻ പറഞ്ഞ അവസാന വാക്കുകൾ… ഇന്നും എന്നെ കുത്തിനോവിക്കുന്നു.

പ്രണയ പരാജയം ആയിരുന്നില്ല….
പ്രണയിച്ചിരുന്നു….ഒരുപാട്…. എന്നും ഒരോർമയായ് മനസിന്റെ കോണിൽ അവനുണ്ടാകും ഞാൻ മരിക്കുവോളം………..”

“വിധിയെന്ന പേരിൽ ജീവനായിരുന്നവളെ വിട്ടു കൊടുക്കേണ്ടി വന്നവൻ.. വിധിയുടെ വിളയാട്ടത്തിൽ മറ്റൊരുവന്റെ ഭാര്യയായി തീർന്നവൾ…!”

ശ്യാമിന് രണ്ടുപേരെയും ഓർത്ത് സഹതാപം തോന്നി പോയി.

സമയമെടുത്തിട്ടായാലും പൊരുത്തപ്പെടുമെന്നുള്ള ആത്മവിശ്വാസത്തിൽ ഇരുവരും പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോൾ നിലാവില്ലാത്ത ആകാശം നോക്കി തന്റെ പ്രണയത്തെ ഓർത്ത് ഇരിക്കുകയായിരുന്നു അവനും…..

എന്നിൽ അല്ലെ ചിതലരിക്കൂ….. നിന്നോടുള്ള എന്റെ സ്നേഹത്തിനെന്നും നിത്യ വസന്തമല്ലേ….

Leave a Reply

Your email address will not be published.