അത് ചോദിക്കുമ്പോൾ അവളുടെ ഒച്ചയൊന്ന് വിറച്ചിരുന്നോ, ആവോ..

ചഞ്ചൽ
(രചന: അഭിരാമി അഭി)

ഡോ മാഷേ….

മ്മ്ഹ്ഹ്…. എന്താ?

എന്താടോ ഇത്ര ഗൗരവം?

തനിക്കിപ്പോ എന്താ വേണ്ടത്?

എന്ത് ചോദിച്ചാലും താൻ തരുമോ?

ഇത് വല്യ ശല്യമായല്ലോ….

അങ്ങനെയൊരു ശല്യമായിട്ടായിരുന്നു അവളെന്റെ ജീവിതത്തിലേക്കാദ്യമായി ഒരു മെസ്സേജിന്റെ രൂപത്തിലിടിച്ചുകയറി വന്നത്. പിന്നീട് ഇടയ്ക്കിടെ സംസാരിക്കാൻ തുടങ്ങി.

എന്താടോ തന്റെ പേര്?

ഹ ഹ ഹ….

എന്തേ?

വലിയവായിലുള്ള അവളുടെ പൊട്ടിച്ചിരി കേട്ട് ഒന്ന് ചമ്മിയെങ്കിലും ഞാൻ ചോദിച്ചു.

സംസാരിക്കാൻ തുടങ്ങിയിട്ട് ഇത്ര നാളായിട്ടും ഇപ്പോഴാണോ പേര് ചോദിക്കുന്നത്.

അത്…. അതു ഞാൻ പിന്നെ….

മ്മ്ഹ്ഹ്… മ്മ്ഹ്ഹ്… ഉരുളണ്ട. പറഞ്ഞിട്ട് അവൾ വീണ്ടും ചിരിച്ചു. ഞാനും.

പേര് പറഞ്ഞില്ല…

ചഞ്ചൽ… ഞാൻ വീണ്ടുമോർപ്പിച്ചപ്പോൾ അവൾ പറഞ്ഞു.

അങ്ങനെയങ്ങനെ ഒടുവിൽ അവളോട് സംസാരിക്കാതിരിക്കാൻവയ്യാത്ത വിധം ആ ബന്ധം വളർന്നു. എനിക്കവൾ ആരൊക്കെയോ ആയി മാറി.

നല്ലോരു സുഹൃത്തിന്റെ കരുതലും ഒരമ്മയുടെ വാത്സല്യവുമെല്ലാം അവളിൽ ഞാനറിഞ്ഞിരുന്നുവെങ്കിലും അവളിലെ സ്ഥായീഭാവം കുറുമ്പും കുസൃതിയും തന്നെയായിരുന്നു.

നാളുകൾ കടന്നുപോകേ എപ്പോഴോ മാഷ് മാറി ഞാനവൾക്ക് ഇച്ചനായി.

അങ്ങനെ പതിയെപ്പതിയെ ഒത്തിരി പ്രണയിച്ചൊടുവിൽ പാതിവഴിയിലുപേക്ഷിച്ചു പോയവളുടെ സ്ഥാനത്ത് ഞാനവളെ കണ്ടുതുടങ്ങി.

എങ്കിലും അവളോടത് പറയാനൊരു ഭയമായിരുന്നു. എനിക്ക് മാത്രമാണവൾ എല്ലാമെല്ലാം.

അവൾക്ക് പക്ഷേ ഞാനൊരു മെസ്സേഞ്ചർ സൗഹൃദം മാത്രമാണ് ഇപ്പോഴും . ഒരുപക്ഷെ എന്റെയുള്ളവളറിഞ്ഞാൽ എങ്ങനെയായിരിക്കുമവളെന്നെ കാണുക.?

എങ്ങനെയായിരിക്കുമവളുടെ പ്രതികരണം? ഒരുപക്ഷെ ഒരു ബ്ലോ ക്കിൽ എല്ലാമവസാനിച്ചേക്കാം.

ഒരുപക്ഷെ അങ്ങനെയെങ്ങാനും സംഭവിച്ചാൽ ഞാൻ വീണ്ടും അന്ധകാരത്തിന്റെ പടുകുഴിയിലേക്കാവും വീണുപോവുക. അതുകൊണ്ട് തന്നെ എല്ലാം ഉള്ളിലടക്കി.

അവൾപോലുമറിയാതെ അവളെ ഞാൻ സ്നേഹിച്ചു. ഒരുപാട് സ്വപ്നങ്ങളിൽ അവളുടെ കഴുത്തിൽ താലി ചാർത്തി. അവളെന്റെ വധുവായി. ഞങ്ങൾക്കായി മണിയറയൊരുങ്ങി.

എനിക്കവൾ ഏറ്റവും നല്ല ഭാര്യയായി അമ്മയ്ക്കവൾ മരുമകളല്ല മകൾ തന്നെയായി. പിന്നെ ഞാൻ മോഹിച്ചത് പോലൊരു കുഞ്ഞിമാലാഖയേ അവളെനിക്ക് സമ്മാനിച്ചു.

അങ്ങനെ അവളോടൊത്ത് ഞാനൊരുപാട് സ്വപ്നങ്ങൾ നെയ്തുകൂട്ടി.

ഇച്ചാ….

മ്മ്ഹ്ഹ്…..

ഇച്ചനൊരു കാര്യമറിയോ?

നീ പറഞ്ഞാലല്ലേ അറിയൂ….

എനിക്കുണ്ടല്ലോ ഇച്ഛനെ ഒത്തിരിയൊത്തിരി ഇഷ്ടായിരുന്നു. അല്ല ഇപ്പോഴുമാണ്.

ഞാൻ കേൾക്കാൻ കൊതിച്ച വാക്കുകൾ ഓർക്കാപ്പുറത്തവളിൽ നിന്നും കേട്ടപ്പോൾ ഞാൻ കിടന്നകിടപ്പിൽ നിന്നും ചാടിയെണീറ്റു.

നീ… നീയീ പറഞ്ഞതൊക്കെ സത്യാണോ?

മ്മ്ഹ്ഹ്….

അവൾ പതിയെ മൂളി. സന്തോഷത്തിന്റെ പരകോടിയിലെത്തിയെങ്കിലും എന്റെയുള്ളവൾക്ക് നേരെ ഞാൻ മറച്ചുതന്നെ പിടിച്ചു. അവൾക്കൊരു സർപ്രൈസ് കൊടുക്കുകയായിരുന്നു ലക്ഷ്യം.

ഇച്ചാ….

പറ….

നാളെ… നാളെ എന്നെ കാണാൻ വരുമോ?

അത് ചോദിക്കുമ്പോൾ അവളുടെ ഒച്ചയൊന്ന് വിറച്ചിരുന്നോ? ആവോ ആനന്ദത്തിലാറാടിക്കൊണ്ടിരുന്ന എനിക്കത് ശ്രദ്ധിക്കാൻ തോന്നിയില്ല.

എവിടെ?

നുരഞ്ഞുപൊന്തുന്ന സന്തോഷമടക്കി ഉറച്ച സ്വരത്തിൽ ചോദിച്ചു.

വീട്ടിൽ… എന്റെ വീട്ടിൽ വന്നാൽ മതി.
ലൊക്കേഷൻ ഞാനിപ്പോ സെന്റ് ചെയ്യാം. വരില്ലേ?

മ്മ്ഹ്ഹ് വരാം …. പറഞ്ഞയുടൻ തന്നെ അവൾ ലൊക്കേഷനുമയച്ചുനൽകി.

എന്നാൽ ഞാൻ പോവാ ഇച്ചാ…

എന്താ ഇത്ര തിരക്ക്?

ഞാനൊരു കഥയുടെ അവസാനഭാഗമെഴുതുവാ…

എന്താ ടോപിക്?

സ്വന്തം പി താവിനാൽ പി ച്ചി ച്ചീന്തപ്പെട്ട ഒരു പെൺകുട്ടിയുടെ കഥ.

മ്മ്ഹ്ഹ്….

ഒന്ന് മൂളാൻ മാത്രമേ കഴിഞ്ഞുള്ളു. എന്തോ അതിനെപ്പറ്റിയൊന്നും പറയാൻ തോന്നിയില്ല. പിറ്റേദിവസം പറഞ്ഞ സമയത്ത് തന്നെ അവൾ പറഞ്ഞ സ്ഥലത്തെത്തി.

പക്ഷേ അവൾ പറഞ്ഞ ഇടവഴിയിലേക്ക് കയറുമ്പോൾ തന്നെ കണ്ടു വഴിയിലും അത് ചെന്നവസാനിക്കുന്ന കൊച്ചുവീടിന്റെ മുറ്റത്തും വലിയൊരാൾക്കൂട്ടം.

ഉള്ളിലെന്തോ ഒരാന്തല് തോന്നിയെങ്കിലും മുന്നോട്ട് തന്നെ നടന്നു. ആ മുറ്റത്തേക്ക് ഇറങ്ങിയതും കാലുകൾ വേച്ചുപോയി.

എന്നേ കാത്തെന്നപോലെ കുളിച്ചൊരുങ്ങി പുതിയ വസ്ത്രം ധരിച്ച് മുറ്റത്ത് തന്നെ അവളുണ്ടായിരുന്നു.

കാത്തിരുന്ന് മടുത്തതിനാലാവാം മേശയിലെ വെട്ടിയിട്ട വാഴയിലേക്ക് തളർന്നുകിടന്നവൾ ഉറങ്ങിയിരുന്നു.

ഞാനടുത്ത് ചെന്നത് പോലുമറിയാതെ ഉറങ്ങിക്കിടക്കുന്ന അവളെയുണർത്തതെ ഞാനും വെറുതെ അരികിലങ്ങനെ ഇരുന്നു.

കുറെ കഴിഞ്ഞപ്പോ മുറ്റത്തിന്റെ സൈഡിലെ ഒരു കൊച്ചുകുഴിയിലേക്കാക്കി അവളുടെ ഉറക്കം. ആരുംശല്യം ചെയ്യാതിരിക്കാനാവണം മുകളിൽ മണ്ണിട്ട് മൂടിയത്.

പിന്നെയും കുറച്ചുകൂടി കഴിഞ്ഞപ്പോ ആളുകളൊക്കെ പോയിത്തുടങ്ങി. അവളുടെ അമ്മയെ കയറ്റിയ പോലിസ് ജീപ്പും ആ ഇടവഴി കടന്നുപോയി.

അവരവരുടെ ഭർത്താവിനെ കൊ ന്ന് പുഴയിലെറിഞ്ഞത്രേ. എല്ലാം കഴിഞ്ഞിട്ടും എനിക്ക് മാത്രം അവളെ വിട്ടുപോരാൻ തോന്നിയില്ല. എങ്കിലും പോയല്ലേ പറ്റു.

ഞാൻ പതിയെ അവൾക്കരികിലേക്കിരുന്നു. കയ്യിലവൾക്കായി കരുതിയിരുന്ന ചുവന്ന പനിനീർപ്പൂവവളുടെ നെഞ്ചിലേക്ക് വച്ചു.

പിന്നെ പതിയെ അവിടേക്ക് മുഖം ചേർത്ത് അവൾക്കായ് മാത്രം പറഞ്ഞു…..

നിന്നേ ഞാനും പ്രണയിച്ചിരുന്നെടി കുശുമ്പിപ്പാറൂ…

ഉറക്കത്തിൽ പെണ്ണത് കേട്ടോ എന്തോ. എന്തായാലും വല്ലാത്തൊരു ചമ്മല് തോന്നിയത് കൊണ്ട് വേഗമെണീറ്റ് നടന്നു. അപ്പോഴാണ് ഫോണിന്റെ കാര്യമോർത്തത്. നടക്കുന്നതിനിടയിൽ തന്നെ ഫോണെടുത്ത് മെസ്സേഞ്ചർ നോക്കി.

ഇവളിതെന്താ ഒരു മെസ്സേജ് പോലുമയക്കാത്തത്? ഇതുവരെ കഥയവസാനിച്ചില്ലേ?

എല്ലാമവസാനിപ്പിച്ച് ആ മൺകൂനയ്ക്കടിയിലുറങ്ങുന്ന അവളുടെ മെസ്സേജിനായി അവൻ വീണ്ടും പരതിത്തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *