അമ്മ പറഞ്ഞു നിർത്തിയപ്പോൾ തനിക്ക് വല്ലാത്തൊരു മരവിപ്പ് ആണ് തോന്നിയത്, കേട്ട വാർത്ത വിശ്വസിക്കാൻ വല്ലാത്ത പ്രയാസം..

(രചന: ആർദ്ര)

” ആഹ്.. പിന്നെ മോളെ.. ഒരു കാര്യം പറയാൻ മറന്നു. ”

അമ്മയോടുള്ള പതിവ് ഫോൺ വിളി അവസാനിപ്പിക്കുന്ന സമയത്ത് അമ്മ പെട്ടെന്ന് ഓർത്തത് പോലെ പറഞ്ഞു. എന്താണെന്നറിയാൻ ഞാൻ വീണ്ടും ഫോൺ ചെവിയിലേക്ക് തന്നെ ചേർത്തു പിടിച്ചു.

” നമ്മുടെ വിദ്യ ഇല്ലേ.. അവൾ ഒരു ബുദ്ധിമോശം കാണിച്ചു. ആത്മഹത്യയായിരുന്നു. തൂങ്ങി മരിച്ചതാണ്. കാര്യം എന്താണ് എന്നൊന്നും അറിയില്ല കേട്ടോ.ഞങ്ങൾ അവിടെ വരെ പോകാൻ നിൽക്കുകയാണ്.”

അമ്മ പറഞ്ഞു നിർത്തിയപ്പോൾ തനിക്ക് വല്ലാത്തൊരു മരവിപ്പ് ആണ് തോന്നിയത്. കേട്ട വാർത്ത വിശ്വസിക്കാൻ വല്ലാത്ത പ്രയാസം തോന്നി.

വിദ്യ കൺമുന്നിൽ നിന്ന് ചിരിക്കുന്നത് പോലെ. അപ്പോഴും ഫോണിൽ അമ്മ മോളെ എന്ന് വിളിക്കുന്ന ശബ്ദം എനിക്ക് കേൾക്കാം. പക്ഷേ അതിനോട് പ്രതികരിക്കാനുള്ള മാനസികാവസ്ഥ എനിക്ക് ഉണ്ടായിരുന്നില്ല.

ആകെ തളർന്നതു പോലെയാണ് ബെഡിലേക്ക് വീണത്.ഒരക്ഷരം പോലും സംസാരിക്കാനോ നടക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനോ പോലും എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല.

ഭയമോ സങ്കടമോ നിരാശയോ അങ്ങനെ എന്തൊക്കെയോ കൂടിക്കലർന്ന ഒരു അവസ്ഥയായിരുന്നു എന്റേത്.

വിദ്യ അങ്ങനെ ചെയ്തു എന്ന് വിശ്വസിക്കാൻ എന്റെ മനസ്സിന് കഴിയുന്നുണ്ടായിരുന്നില്ല. അങ്ങനെ ചെയ്യാനും മാത്രം എന്തു പ്രശ്നങ്ങളാണ് അവൾക്കുണ്ടായിരുന്നത്..!

നാട്ടിലും വീട്ടിലും ഒക്കെ ഒരുപോലെ പ്രിയപ്പെട്ട വിദ്യ അങ്ങനെ ചെയ്യണമെങ്കിൽ അതിന് വ്യക്തമായ എന്തെങ്കിലും കാരണങ്ങൾ ഉണ്ടാകും.

എന്റെ മനസ്സ് അങ്ങനെ പറയുമ്പോഴും ഞാൻ വിദ്യയെക്കുറിച്ച് ആലോചിക്കുകയായിരുന്നു.

എനിക്ക് അവളുമായുള്ള പരിചയത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കൃത്യമായി പറഞ്ഞാൽ നഴ്സറി ക്ലാസ്സ് മുതലുള്ള പരിചയം.

ഞാനും അവളും ഒന്നിച്ച് ഒരേ ദിവസമായിരുന്നു നഴ്സറി ക്ലാസിൽ ചേർന്നത്. അന്നു മുതൽ അവൾ എന്റെ സുഹൃത്തായിരുന്നു. ആത്മാർത്ഥ സുഹൃത്ത് എന്ന് പറയാമോ എന്നെനിക്കറിയില്ല.

പക്ഷേ എന്റെ സുഹൃത്തുക്കളുടെ കൂട്ടത്തിൽ ഒരിക്കലും ഞാൻ മായ്ച്ചു കളയാത്ത ഒരു പേരായിരുന്നു അവളുടെ.

നഴ്സറി പഠനം കഴിഞ്ഞ് സ്കൂളിലും ഞങ്ങൾ ഒന്നിച്ചായിരുന്നു. ഒരേ ക്ലാസിൽ അടുത്തടുത്ത സീറ്റുകളിൽ ആയിരുന്നു ഞങ്ങൾ ഇരുന്നത്.പഠനത്തിലും സ്പോർട്സിലും ആർട്സിലും ഒക്കെ മിടുക്കിയായിരുന്നു വിദ്യ.

ഒരേ ആളുകൾ ഇങ്ങനെ ഇത്രയധികം കഴിവുകൾ എങ്ങനെ കിട്ടുന്നു എന്നോർത്ത് പലപ്പോഴും ഞാൻ അമ്പരന്നു പോയിട്ടുണ്ട്. പക്ഷേ അതൊന്നും ഞാൻ ഒരിക്കൽ പോലും പുറത്ത് പ്രകടിപ്പിച്ചില്ല.

അവൾ വിജയത്തിന്റെ ഓരോ പടികളും ചവിട്ടി കയറുമ്പോൾ അവളോടൊപ്പം ഞാനും സന്തോഷിച്ചിട്ടുണ്ട്. എന്റെ സുഹൃത്തിന് കിട്ടുന്ന ഓരോ അനുമോദനങ്ങളും എന്നെ സംബന്ധിച്ച് വളരെ വലുതായിരുന്നു.

യുപി ക്ലാസ്സിൽ ആയപ്പോൾ മുതൽ അവളും ഞാനും രണ്ട് ക്ലാസുകളിൽ ആയി. അതോടെ ഒന്നിച്ചുള്ള ഇരിപ്പൊക്കെ മാറി കിട്ടി.

ട്യൂഷനും പഠനങ്ങളും ബഹളവും ഒക്കെ ആയപ്പോൾ പരസ്പരം കാണുന്ന തന്നെ വല്ലപ്പോഴും ആയി മാറി. എങ്കിലും അതൊന്നും ഞങ്ങളുടെ സൗഹൃദത്തെ ബാധിച്ചിരുന്നില്ല.

” ആ വിദ്യയെ കണ്ടു പഠിക്ക്.എന്തു നല്ല പെൺകൊച്ച് ആണെന്ന് അറിയാമോ.. പഠിക്കാൻ മിടുക്കി. അതുമാത്രമോ സ്പോർട്സ് ആണെങ്കിലും ആർട്സ് ആണെങ്കിലും എന്തിനാണെങ്കിലും മത്സരിക്കാൻ അവൾ മുന്നിലുണ്ടാകും.

വീട്ടിലെ കാര്യങ്ങൾ അന്വേഷിക്കാനും അവൾ ഒരാൾ മതി. അവളുടെ അമ്മ പറഞ്ഞു കൊടുക്കുന്നത് പോലെ ചോറും കറികളും ഒക്കെ അവൾ ഉണ്ടാക്കി വയ്ക്കും.

ഇവിടെയുണ്ട് ഒരുത്തി. ആഹാരം ഉണ്ടാക്കി കയ്യിൽ കൊണ്ട് കൊടുത്താൽ കഴിക്കും എന്നല്ലാതെ നിന്നെക്കൊണ്ട് ഈ വീട്ടിൽ എന്ത് ഉപകാരമാണുള്ളത്.

ഒരു പാത്രം പോലും സ്വന്തമായി കഴുകി വയ്ക്കാൻ അറിയാത്ത ഒരാളാണ് എന്റെ മോള്. അതൊക്കെ ആ കൊച്ചു.. ”

എന്നും എപ്പോഴും എന്റെ അമ്മയ്ക്ക് പറയാനുള്ളത് അങ്ങനെയായിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ ഒരു നിമിഷത്തേക്കെങ്കിലും എനിക്ക് അവളോട് അസൂയ തോന്നും.

ഇങ്ങനെ ഒരേ സമയം നാട്ടുകാർക്കും വീട്ടുകാർക്കും ഒക്കെ പ്രിയങ്കരിയായി മാറാൻ അവൾക്ക് എങ്ങനെ കഴിയുന്നു എന്ന് പലപ്പോഴും ഞാൻ ഓർത്തിട്ടുണ്ട്.

പത്താം ക്ലാസിൽ ഞങ്ങളെല്ലാവരും നല്ല മാർക്ക് കൂടെ തന്നെ പാസായി. നല്ല മാർക്കുള്ള എല്ലാവരും സയൻസ് ആണ് പഠിക്കുന്നത് എന്ന് അമ്മ പറഞ്ഞതോടെ ഞാനും സയൻസ് തന്നെ പഠിക്കാൻ തീരുമാനിച്ചു.

അങ്ങനെയല്ലാതെ വേറെ ഒരു ലക്ഷ്യവും എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല.

അമ്മയും അച്ഛനും എന്തുപറയുന്നു അങ്ങനെ ചെയ്യാം എന്നല്ലാതെ എനിക്ക് ഭാവിയിൽ ഇതായി മാറണം എന്നൊരു ലക്ഷ്യം എനിക്കുണ്ടായിരുന്നില്ല. പക്ഷേ വിദ്യ അങ്ങനെ ആയിരുന്നില്ല.

അവൾക്ക് എന്തിനും വ്യക്തമായ അഭിപ്രായങ്ങളും തീരുമാനങ്ങളും ലക്ഷ്യവും ഒക്കെ ഉണ്ടായിരുന്നു. പത്താം ക്ലാസിൽ അത്യാവശ്യം നല്ല മാർക്ക് ഉണ്ടായിരുന്നിട്ടും അവൾ കോമേഴ്സ് ആണ് തെരഞ്ഞെടുത്തത്.

പ്ലസ് ടു കഴിഞ്ഞതിനു ശേഷം സിഎക്ക് പഠിക്കണം എന്നാണ് അവളുടെ ആഗ്രഹമെന്ന് ആ സമയത്ത് ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞിരുന്നു. എനിക്ക് അവളെ ഓർത്ത് അഭിമാനം തോന്നുന്നു.

ആരുടെയും അഭിപ്രായത്തിന് കാത്തുനിൽക്കാതെ സ്വന്തമായി ഒരു കരിയർ എന്നതിനെക്കുറിച്ച് അവൾ ഇപ്പോൾ തന്നെ ചിന്തിച്ചു തുടങ്ങി എന്നോർത്ത് എനിക്ക് വല്ലാതെ സന്തോഷം തോന്നി.

പിന്നീട് പഠനത്തിരക്കുകളും മറ്റുമായി അവളെ ഒരിക്കൽ പോലും കാണാൻ കഴിഞ്ഞില്ല.

പ്ലസ് ടു കഴിഞ്ഞതോടെ ഞാൻ നഴ്സിങ്ങിന് ചേരാൻ തീരുമാനിച്ചു. എൻട്രൻസ് എഴുതി മെറിറ്റ് സീറ്റിൽ തന്നെ അഡ്മിഷൻ വാങ്ങിയപ്പോൾ മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടി.

നാട്ടിൽ നിന്നും ഒരുപാട് അകലെ ആയതിനാൽ ഇപ്പോൾ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. അതുകൊണ്ടുതന്നെ നാടുമായുള്ള ബന്ധങ്ങൾ കുറഞ്ഞു എന്ന് തന്നെ പറയാം . ഇപ്പോൾ രണ്ടു വർഷത്തോളമായി മെഡിക്കൽ കോളേജിൽ പഠിക്കുന്നു.

ഇതിനിടയിൽ വിദ്യ സിഎക്ക് വേണ്ടി എൻട്രൻസ് എഴുതി എന്നറിഞ്ഞു. പിന്നീട് അതിനെ കുറിച്ചുള്ള യാതൊരു തരത്തിലുള്ള അപ്ഡേഷനുകളും തനിക്ക് അറിയില്ലായിരുന്നു.

എവിടെയാണെങ്കിലും അവൾ നന്നായി പഠിക്കുന്നുണ്ടാകും എന്ന് താൻ ധരിച്ചു.തന്റെ തിരക്കുകൾക്കിടയിൽ അവളെ അന്വേഷിക്കാൻ സമയം കിട്ടിയില്ല എന്നതാണ് മറ്റൊരു സത്യം.അതൊരു തെറ്റായിപ്പോയി എന്ന് ഇപ്പോൾ തോന്നുന്നു.

കോളേജിൽ നിന്നാലും പഠിക്കാൻ കഴിയില്ല എന്ന് ഉത്തമ ബോധ്യം വന്നതോടെ രണ്ട് ദിവസത്തേക്ക് ലീവെടുത്ത് നാട്ടിലേക്ക് തിരിച്ചു. പറയാതെ വീട്ടിലെത്തിയപ്പോൾ മാതാപിതാക്കൾക്ക് ഒരു അമ്പരപ്പ് ഞാൻ കണ്ടു.

” വിദ്യ എന്തിനാ അമ്മേ അങ്ങനെ ചെയ്തത്..? ”

എന്റെ ആ ഒരു ചോദ്യത്തിന് തന്നെ എന്റെ മനസ്സ് എത്രത്തോളം അസ്വസ്ഥമാണ് എന്ന് അവർക്ക് മനസ്സിലായി എന്ന് തോന്നുന്നു.

” ഞങ്ങൾക്കറിയില്ല മോളെ. നല്ലൊരു കൊച്ചായിരുന്നു. ദൈവം അതിന് അത്രയേ ആയുസ്സ് കൊടുത്തുള്ളൂ എന്ന് കരുതാം. ”

അമ്മ നെടുവീർപ്പോടെ പറഞ്ഞപ്പോൾ എനിക്ക് സങ്കടം കൊണ്ട് കണ്ണ് നിറയുന്നുണ്ടായിരുന്നു.

എന്റെ മനസ്സിൽ അവൾക്ക് ഇത്രത്തോളം സ്ഥാനമുണ്ട് എന്ന് ഞാൻ മനസ്സിലാക്കിയത് പോലും അന്നായിരുന്നു.

എന്റെ വാശിക്കാണ് അന്ന് അമ്മ എന്നെയും കൂട്ടി അവളുടെ വീട്ടിലേക്ക് പോയത്. അവിടെ ചെല്ലുമ്പോൾ കരഞ്ഞു തളർന്നിരിക്കുന്ന അവളുടെ അമ്മയെയും അച്ഛനെയും അനിയനെയും ഞാൻ കണ്ടു.

എന്നെ കണ്ടപ്പോൾ ആ അമ്മയുടെ എങ്ങലടി കുറച്ചുകൂടി ശക്തമാകുന്നത് ഞാനറിഞ്ഞു. അവരെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ നിന്ന എന്നെ അവളുടെ അനിയനാണ് അവളുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയത്.

” എന്തിനാടാ അവൾ ഇങ്ങനെ ചെയ്തത്..?”

സങ്കടത്തോടെ ചോദിച്ചപ്പോൾ അവനും നിർവികാരതയോടെ എന്നെ നോക്കി.

” സി എ എൻട്രൻസിന്റെ റിസൾട്ട് വന്നു. ചേച്ചി ഇത്തവണയും ഫെയിലായി.

ഇപ്പോൾ മൂന്നാമത്തെ തവണയാണ് ചേച്ചി എഴുതിയിട്ട് കിട്ടാതെ ഇരിക്കുന്നത്. ഒരുപക്ഷേ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും ചേച്ചിക്ക് ഇങ്ങനെയൊരു പരാജയം നേരിടേണ്ടി വന്നത്.

ചേച്ചി പുറത്തെവിടെയോ പോയപ്പോൾ ആരോ ചേച്ചിയെ കളിയാക്കി എന്ന് പറഞ്ഞ് ഇവിടെ വന്ന് വലിയ കരച്ചിൽ ആയിരുന്നു.

ഞങ്ങളൊക്കെയും മാറിമാറി ആശ്വസിപ്പിക്കുകയും ചെയ്തു. പക്ഷേ കണ്ണ് തെറ്റിയ നേരം കൊണ്ട് ഇങ്ങനെ ഒരു പ്രവർത്തി ചെയ്യുമെന്ന് ഞങ്ങൾ ആരും പ്രതീക്ഷിച്ചില്ല.”

അത്രയും പറഞ്ഞപ്പോഴേക്കും അവൻ പൊട്ടി കരഞ്ഞു പോയി. കേട്ട വാർത്തയുടെ ഞെട്ടലിൽ തന്നെയായിരുന്നു ഞാനും.

അവനെ ആശ്വസിപ്പിക്കുമ്പോഴും ഞാൻ ഓർത്തത് എന്തിനു നീ ഇങ്ങനെ ഒരു പാതകം ചെയ്തു എന്നായിരുന്നു…!

ഒരുപക്ഷേ അവൾക്കു പറയാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാകും. അതൊന്നും ഈ മാതാപിതാക്കളുടെയോ സഹോദരന്റെയോ കണ്ണീരിനു മുന്നിൽ ഒന്നുമല്ല എന്ന് എനിക്ക് ആ നിമിഷം തോന്നി.