നിനക്ക് കൊച്ചിനെ നോക്കാൻ വയ്യെങ്കിൽ പിന്നെ നിനക്ക് ഇവിടെ എന്താണ് പണി, കുട്ടിയെയും കൊണ്ട് അവൾ അകത്തേക്ക്..

അവഗണന
(രചന: ആമി)

” ആമീ.. ഒരു ഗ്ലാസ്‌ വെള്ളം തന്നേ.. ”

ഉമ്മറത്തു നിന്ന് അനിൽ വിളിച്ചു പറയുന്നത് കേട്ട് ആമി ഒരു ഗ്ലാസ് വെള്ളവുമായി അവിടേക്ക് ചെന്നു. അവൾ ചെല്ലുമ്പോൾ അവൻ ഫോൺ നോക്കിയിരിക്കുകയായിരുന്നു.

” ദാ ചേട്ടാ വെള്ളം.. ”

അവൾ പറഞ്ഞപ്പോൾ അവളുടെ മുഖത്തേക്ക് പോലും നോക്കാതെ അവൻ ആ ഗ്ലാസ് കൈ നീട്ടി വാങ്ങി. പിന്നെയും ഫോണിൽ തോണ്ടുന്നത് തുടർന്നു കൊണ്ട് വെള്ളം കുടിച്ചു. അതിൽ നിന്ന് മുഖം ഉയർത്താതെ തന്നെ ഗ്ലാസ് അവൾക്ക് നേരെ നീട്ടി.

” ചേട്ടാ..അതേ.. ഞാൻ ഇന്ന് ഇൻസ്റ്റയിൽ ഒരു പരസ്യം കണ്ടിരുന്നു. ഒരു ഓൺലൈൻ പേജിന്റെ ആണ്. ഈ ഫോട്ടോസ് ഒക്കെ ഫ്രെയിം ചെയ്തു കൊടുക്കുന്ന.. നമുക്ക് കൂടി അങ്ങനെ ഒരെണ്ണം ചെയ്താലോ..? ഇപ്പോൾ അതാണല്ലോ ട്രെൻഡ്..? ”

അവൾ പറഞ്ഞിട്ട് ഇത്തിരി നേരം അവന്റെ മറുപടിക്ക് വേണ്ടി കാത്തു. പക്ഷേ അവൻ ഒന്നു മുഖമുയർത്തി നോക്കുക പോലും ചെയ്തില്ല.

” ഞാൻ പറഞ്ഞത് വല്ലതും ചേട്ടൻ കേട്ടോ..? ”

ഇത്തിരി ശബ്ദമുയർത്തി അവൾ ചോദിച്ചപ്പോൾ അവൻ രൂക്ഷമായി അവളെ നോക്കി.

” നിന്നോട് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് ഇങ്ങനെ ബഹളം വയ്ക്കരുത്. പതിയെ പറഞ്ഞാലും എനിക്ക് കേൾക്കാം. ” അവൻ ദേഷ്യത്തോടെ പറഞ്ഞപ്പോൾ അവൾക്ക് സങ്കടം തോന്നി.

” ഞാൻ ചേട്ടനോട് പറഞ്ഞ കാര്യം കേട്ടോ എന്നല്ലേ ഞാൻ ചോദിച്ചത്..? “ അവൾ ചോദിച്ചപ്പോൾ അവൻ ഗൗരവത്തോടെ ഒന്ന് മൂളി.

” കേട്ടു.. ഫോട്ടോ ഉണ്ടാക്കുന്ന കാര്യമല്ലേ.. അത് നമുക്ക് ആലോചിക്കാം.. ”

അത് പറഞ്ഞപ്പോൾ അവൾ തലയാട്ടിക്കൊണ്ട് അകത്തേക്ക് നടന്നു. പോകുന്ന വഴിക്ക് അവനെ നോക്കിയെങ്കിലും അവൻ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.

” അമ്മാളു.. അവിടെ നിക്ക്.. ”

കുറച്ചു സമയം കഴിഞ്ഞപ്പോൾ ആമി ഒരു വിളിയോടെ പുറത്തേക്കിറങ്ങി ഓടി. അവളുടെ ശബ്ദം കേട്ടിട്ടാണ് അവൻ അവൾ പോയ ഭാഗത്തേക്ക് ശ്രദ്ധിക്കുന്നത്.

അവരുടെ ഒന്നര വയസ്സുകാരി മകൾ റോഡിൽ എത്തിയിരുന്നു. എപ്പോഴും വണ്ടി പോകുന്ന റോഡാണ്.

” നിനക്ക് കൊച്ചിനെ നോക്കാൻ വയ്യെങ്കിൽ പിന്നെ നിനക്ക് ഇവിടെ എന്താണ് പണി..? ”

കുട്ടിയെയും കൊണ്ട് അവൾ അകത്തേക്ക് കയറി വന്നപ്പോൾ അവൻ ദേഷ്യപ്പെട്ടു. അവൾ അതിലും രൂക്ഷമായി അവനെ ഒന്ന് നോക്കി.

” അമ്മാളു ഇത്രയും സമയം ഏട്ടന്റെ അടുത്തല്ലേ നിന്നത്..? ചേട്ടന്റെ അടുത്ത് നിന്ന് എഴുന്നേറ്റ് പോയത് ചേട്ടൻ കാണാത്തത് എന്റെ കുറ്റമാണോ..?”

അവൾ ചോദിച്ചപ്പോൾ അവൻ ആശ്ചര്യത്തോടെ അവളെ നോക്കി.

” മോള് എന്റെ അടുത്ത് ഉണ്ടായിരുന്നോ..? വെറുതെ ചീത്ത കേൾക്കാതിരിക്കാൻ വേണ്ടി കള്ളം പറയരുത്. മോള് എന്റെ അടുത്തുണ്ടെങ്കിൽ ഞാൻ കാണേണ്ടതല്ലേ.. ”

അവൻ പറഞ്ഞപ്പോൾ അവൾ വിഷാദത്തോടെ ചിരിച്ചു.

” സ്വന്തം കുഞ്ഞ് അടുത്ത് വന്ന് നിന്നാൽ അറിയാത്ത തരത്തിൽ എന്താണ് ഏട്ടൻ ഇവിടെ ചെയ്തു കൊണ്ടിരിക്കുന്നത്..? ഞാനിപ്പോൾ കണ്ടില്ലായിരുന്നെങ്കിൽ മോള് റോഡിൽ ഇറങ്ങി പോയേനെ.

ചേട്ടന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിലും അത് സമ്മതിച്ച് തരാതെ ഇപ്പോഴത്തെ പോലെ എന്നെ ചീത്ത വിളിക്കും.

ചീത്ത കേൾക്കുന്നതല്ല പ്രശ്നം. മോൾക്ക് എന്തെങ്കിലും പറ്റി പോയാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ..? വല്ലപ്പോഴുമെങ്കിലും ആ ഫോൺ മാറ്റി വച്ചിട്ട് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഒന്ന് ശ്രദ്ധിക്കുക.. ”

അവനെ രൂക്ഷമായി നോക്കി അത്രയും പറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് കയറിപ്പോയി.

അപ്പോഴും മോൾ തന്റെ അടുത്തേക്ക് വന്നിരുന്നോ എന്നുള്ള ആലോചനയിലായിരുന്നു അവൻ. പക്ഷേ അധികം സമയം അവന് ആലോചിക്കാൻ കഴിഞ്ഞില്ല. കാരണം അതിനു മുൻപ് തന്നെ അവൻ ഫോണിൽ ബിസിയായിരുന്നു.

” ചേട്ടാ നമുക്ക് നാളെ ഒന്ന് വീട് വരെ പോണം കേട്ടോ.. അവിടെ നിന്ന് അമ്മ വിളിച്ചിട്ടുണ്ടായിരുന്നു. നമ്മളോട് അത്യാവശ്യമായി അവിടെ വരെ ചെല്ലണമെന്ന് പറഞ്ഞിട്ടുണ്ട്. ”

സോഫയിൽ ഇരിക്കുന്ന അവന്റെ അടുത്തേക്ക് വന്നു അവൾ പറഞ്ഞു. അവൻ തലയുയർത്തി നോക്കുക പോലും ചെയ്തില്ല.

“ഞാൻ പറയുന്നത് വല്ലതും ചേട്ടൻ കേൾക്കുന്നുണ്ടോ.?”

അവൾ ചോദ്യം ആവർത്തിച്ചപ്പോൾ അവൻ തലയാട്ടി.

“കേട്ടു. പക്ഷേ നാളെ പോകുന്ന കാര്യം നീയങ്ങ് മറന്നേര് .. എനിക്ക് നാളെ പോകാൻ പറ്റില്ല. എനിക്ക് കുറെ പണികൾ ഉള്ളതാണ്.”

അവൻ പറഞ്ഞത് കേട്ടപ്പോൾ അവളുടെ മുഖം വാടി. എങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ അകത്തേക്ക് കയറിപ്പോയി.

അടുക്കളയിൽ അവൾ തിരക്കിട്ട പണികളിൽ നിൽക്കുമ്പോഴാണ് അവൻ അവിടേക്ക് വരുന്നത്.

“ആമീ.. എനിക്ക് ഓഫീസിൽ കൊണ്ടു പോകാനുള്ള ഫയൽ റൂമിൽ ഇരുന്നത് കാണാനില്ലല്ലോ.. നീ വന്നിട്ട് അതൊന്ന് എടുത്തു തന്നേ..”

അവൻ പറഞ്ഞത് കേൾക്കാതെ അവൾ മറ്റ് എന്തൊക്കെയോ പണികളിൽ ആയിരുന്നു. കുറച്ചു സമയം അവനത് എങ്കിലും പതിയെ പതിയെ അവന് ദേഷ്യം വന്നു തുടങ്ങി.

” ഡി..ഞാൻ പറഞ്ഞത് നീ കേട്ടോ..? എന്റെ ഫയൽ ഒന്ന് എടുത്തു തരാൻ.. ”

അവൻ ദേഷ്യപ്പെട്ടപ്പോൾ അവൾ തിരിഞ്ഞ് അവനെ നോക്കി.

” എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത്..? ഞാനിവിടെ ഒരു പണിയിലാണെന്ന് ഏട്ടനു കണ്ടു കൂടെ..? ഇങ്ങനെ വന്നു നിന്ന് ബഹളം വയ്ക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ലേ..? ”

അവൾ ചോദിച്ചത് അവന് ഇഷ്ടമായില്ല.

“ശരി ഞാൻ ബഹളം വയ്ക്കുന്നില്ല.ഞാൻ പറഞ്ഞ കാര്യം നീ എന്താ ചെയ്ത് തരാത്തത്..?”

അവൻ ശബ്ദം മയപ്പെടുത്തി അന്വേഷിച്ചു.

” ഞാനൊരു കാര്യം കേൾക്കാതെ നിന്നപ്പോൾ ചേട്ടന് ദേഷ്യം വന്നല്ലോ.. അപ്പോൾ പിന്നെ എന്റെ കാര്യം എങ്ങനെയായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ..?

ഞാൻ ദിനംപ്രതി എത്രയോ കാര്യങ്ങൾ ചേട്ടനോട് പറയാറുണ്ട്..? അതിൽ ഏതെങ്കിലും ഒരെണ്ണത്തിന് വേണ്ടത്ര ശ്രദ്ധ ഏട്ടൻ കൊടുക്കാറുണ്ടോ..? ഇതെല്ലാം നിസ്സാരം എന്നൊരു മട്ടിൽ കേട്ടിരിക്കാറല്ലേ പതിവ്..? ”

അവൾ അവനെ നോക്കിയപ്പോൾ അവൻ അവളെ നോക്കാതെ മറ്റെവിടേക്കോ ശ്രദ്ധ പതിപ്പിച്ചു.

” ഇന്ന് തന്നെ ചേട്ടന്റെ അശ്രദ്ധ കൊണ്ട് വലിയൊരു അപകടം ഇവിടെ ഉണ്ടായേനെ.

എന്നിട്ടും അതിൽ യാതൊരു കുറ്റബോധമില്ലാതെ ഇങ്ങനെ വന്നു ബഹളം വയ്ക്കാൻ എങ്ങനെ തോന്നുന്നു..? ചേട്ടൻ നോക്കുമ്പോൾ ഞാൻ പറയുന്നതൊന്നും അത്ര ഇംപോർട്ടന്റ് ആയ കാര്യങ്ങൾ ആയിരിക്കില്ല.

പക്ഷേ ആ ഇംപോർട്ടൻസ് ഇല്ലാത്തത് ചേട്ടന് മാത്രമാണ്. എന്നെ സംബന്ധിച്ച് അതൊക്കെ വളരെ വലിയ കാര്യങ്ങളാണ്. അത് മനസ്സിലാകണമെങ്കിൽ എപ്പോഴെങ്കിലും എന്റെ സ്ഥാനത്ത് നിന്ന് ഒന്ന് ചിന്തിച്ചു നോക്കണം.. ”

അത്രയും പറഞ്ഞപ്പോഴേക്കും അവൾക്ക് ശബ്ദം ഇടറി തുടങ്ങിയിരുന്നു.

” രാവിലെ മുതൽ രാത്രി വരെ ഈ വീടിന്റെ നാല് ചുവരിനുള്ളിൽ കഴിച്ചു കൂട്ടുന്ന ഞങ്ങൾക്കൊക്കെ പറയാൻ ഈ വിശേഷങ്ങൾ മാത്രമേ കാണൂ. കുട്ടി ഓടി കളിച്ചതോ അവൻ പുതിയൊരു വാക്ക് സംസാരിച്ചതൊ ആരെങ്കിലും വീട്ടിലേക്ക് വന്നതോ അങ്ങനെയൊക്കെ.

അല്ലെങ്കിൽ ചിലപ്പോൾ ഞാൻ നട്ട ഏതെങ്കിലും ഒരു ചെടി പൂവിട്ട വിശേഷങ്ങൾ ആയിരിക്കും എനിക്ക് പറയാനുള്ളത്.അതൊക്കെ എന്റെ സന്തോഷങ്ങളാണ്.

ഈ വീട്ടിൽ എനിക്ക് സന്തോഷിക്കാനായി ഇപ്പോൾ ഉള്ളത് അതൊക്കെയാണ്. എന്റെ സന്തോഷങ്ങൾ പങ്കുവെക്കാൻ നിങ്ങൾ ഒരാൾ മാത്രമേ ഈ വീട്ടിലുള്ളൂ എന്ന് മറക്കരുത് ..”

അത്രയും പറഞ്ഞുകൊണ്ട് അവൾ തന്റെ ജോലിയിലേക്ക് കടന്നപ്പോൾ അവന് സങ്കടം തോന്നി.

അവൾ പറഞ്ഞതൊക്കെ ശരിയാണ്. പലപ്പോഴും അവൾ പറയുന്ന കാര്യങ്ങൾക്ക് ഒരു വിലയും കൊടുത്തിരുന്നില്ല.

എല്ലാം അവളുടെ തമാശകളായി മാത്രമേ കരുതിയിട്ടുള്ളൂ. അല്ലെങ്കിൽ തന്നെ വീട്ടിലെ ചെടി പൂവിട്ട വിശേഷം ഒക്കെ പറഞ്ഞാൽ കേട്ടിരിക്കാൻ തനിക്ക് എവിടെയായിരുന്നു സമയം..?

പാത്രം കഴുകി കൊണ്ടിരുന്ന അവളുടെ പിന്നിലൂടെ ചേർത്തു പിടിക്കുമ്പോൾ അവൾ ഒന്നു ഞെട്ടിയത് അവൻ അറിഞ്ഞു.

” സോറിടോ.. ഇതൊക്കെ തനിക്ക് ഇത്രയും ഫീലാവും എന്ന് ഞാൻ കരുതിയിരുന്നില്ല.

തന്റെ ഭാഗത്തു നിന്ന് എനിക്ക് നേരെ ചെറിയൊരു അവഗണന വന്നപ്പോഴാണ് ഞാൻ ചെയ്തതിന്റെ ആഴം എത്രത്തോളം ആണെന്ന് എനിക്ക് മനസ്സിലായത്. ഇനി ഒരിക്കലും ഇതൊന്നും ആവർത്തിക്കില്ല.ഉറപ്പ്..!”

അവൻ അത് പറയുമ്പോൾ അവൾ അവനിലേക്ക് ചേർന്നു നിന്നു. പിന്നെ പതിയെ പുഞ്ചിരിച്ചു. അതിലുണ്ടായിരുന്നു അവനുള്ള ഉത്തരം.