നീ ഒന്ന് പോകണം അവളുടെ അടുക്കൽ, പിന്നെ വിടില്ല നീ, കൂട്ടുകാരിൽ പലരും അവളുടെ സ്ഥിരം കസ്റ്റമർ..

തെറ്റും ശരിയും
(രചന: Bindu NP)

ആശുപത്രി കിടക്കയിൽ നിന്നും അയാൾ കണ്ണ് തുറന്നു നോക്കുമ്പോൾ അവൾ ബെഡ്‌ഡിനരികിൽ ഇരുന്ന് ഉറക്കം തൂങ്ങുകയാണ് .

പാവം അവൾ എത്ര ദിവസമായി ശരിക്കും ഒന്നുറങ്ങിയിട്ട്.. അവൾ ഉറങ്ങട്ടെ…

അയാൾ ഓർക്കുകയായിരുന്നു. വർഷങ്ങൾ എത്ര പെട്ടെന്നാണ് കഴിഞ്ഞ് പോയത് . അന്ന് ചോരത്തിളപ്പുള്ള കാലം..

കയ്യിൽ ഇഷ്ടം പോലെ പൈസ.. ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ടതുകൊണ്ട് തന്നെ നിയന്ത്രിക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ല.. കൂട്ടുകെട്ടും ഗുണ്ടായിസവുമായി നടക്കുന്ന കാലം .

ഒരുദിവസം കൂട്ടുകാരിൽ ഒരാൾ പറഞ്ഞാണ് അവളെ കുറിച്ച് ആദ്യമായി കേൾക്കുന്നത്.”നീ ഒന്ന് പോകണം അവളുടെ അടുക്കൽ.. പിന്നെ വിടില്ല നീ.. ”

കൂട്ടുകാരിൽ പലരും അവളുടെ സ്ഥിരം കസ്റ്റമർ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഒരിക്കൽ ആയാളും അവളെ തേടി ചെല്ലുന്നത് പിന്നീട് അയാൾ ഇടയ്ക്കിടെ അവളെ തേടി പോകാൻ തുടങ്ങി .

ഭർത്താവ് മരിച്ച സ്ത്രീ എന്നല്ലാതെ അവൾക്കൊരു മോനുള്ള കാര്യംഒരിക്കലും അയാൾക്ക് അറിയില്ലായിരുന്നു. ഒരു ദിവസം അവളോടൊപ്പം വാതിൽ തുറന്ന്
പുറത്തു വരുമ്പോ ഒരു കുട്ടി പുറത്തു നിൽക്കുന്നു .

അവന് ഒരു എട്ടോ ഒൻപതോ വയസ്സ് പ്രായം ഉണ്ടാവും.. “മോനേ.. മോൻ വന്നിട്ട് കുറേ നേരമായോ “എന്ന് ചോദിച്ചു കൊണ്ടവൾ അടുത്തേക്ക് പോയപ്പോ വെറുപ്പോടെ അവൻ ആ കൈ തട്ടി മാറ്റിക്കൊണ്ട് പുറത്തേക്ക് ഓടിപ്പോയി..

അന്നാദ്യമായി അവൾ കരയുന്നത് അയാൾ കണ്ടു. ഇഷ്ടമുണ്ടായിട്ടല്ല ഈ തൊഴിൽ തെരഞ്ഞെടുത്തത് . ഭർത്താവ് മരിച്ചപ്പോ മോനെ വളർത്താനായി ഒരു ജോലി അത്യാവശ്യമായി.. പല വാതിലിലും മുട്ടി .

ഒരുദിവസം മോന് അസുഖം വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവേണ്ടി വന്നപ്പോ ബില്ല് അടക്കാൻ കാശില്ലാത്ത വിഷമിച്ചപ്പോ സഹായിച്ച നാട്ടിലേ ഒരു പ്രമാണിക്ക്‌ മുന്നിൽ സ്വന്തം ശരീരം പണയപ്പെടുത്തേണ്ടി വന്നു .

മകന്റെ വിശപ്പിന് മുന്നിൽ പിന്നെയും പിന്നെയും ആ തൊഴിൽ ചെയ്യേണ്ടി വന്നു . ഇഷ്ടമുള്ളത് കൊണ്ടല്ല .. ഒരിക്കൽ അഴുക്കു ചാലിൽ വീണുപോയില്ലേ..”അവൾ തേങ്ങി ..

അവിടെ നിന്ന് ഇറങ്ങി നടക്കുമ്പോൾ വല്ലാത്ത കുറ്റബോധം തോന്നി. ആ കുട്ടിയുടെ നോട്ടം ഉള്ളിൽ വന്നു തറയ്ക്കുന്നു . പിന്നീട് അയാൾ സ്വയം മാറുകയായിരുന്നു..

മദ്യപാനം പൂർണ്ണമായും ഉപേക്ഷിച്ചു.. ഗുണ്ടായിസം നിർത്തി. മദ്യപാനം ഇല്ലാതായതോടെ കൂട്ടുകെട്ടുകളും ഇല്ലാതായി . അവളുടെയും മോന്റെയും സംരക്ഷണം അയാൾ ഏറ്റെടുക്കുകയായിരുന്നു.

അയാളുടെ സംരക്ഷണ വലയം ഉള്ളതുകൊണ്ട് തന്നെ പിന്നെ ആരും അവളെ അന്വേഷിച്ച് പിന്നെ അവിടേക്ക് വന്നില്ല. മോനേ അയാൾ പഠിപ്പിച്ചു.. മോന് ഒരു ജോലിയുമായി .

പക്ഷേ ഒരിക്കൽ പോലും അവർ തമ്മിൽ സംസാരിച്ചിട്ടില്ല.

വർഷങ്ങൾ ഇത്രയും കടന്നു പോയെങ്കിലും അവന്റെ മനസ്സിൽ എന്താണെന്ന് മാത്രം മനസ്സിലാക്കാൻ അയാൾക്ക് പറ്റിയിരുന്നില്ല .. ഇപ്പൊ പല തവണയായി ഓരോരോ വയ്യായ്കകൾ.

അങ്ങനെ ആണ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയതും . അയാൾക്ക് വേണ്ടുന്ന കാര്യങ്ങൾ എല്ലാം അവൻ ചെയ്തു കൊടുക്കാറുണ്ട് .എന്തായാലും ഇന്ന് അവനോട് സംസാരിച്ചേ പറ്റൂ.. അയാൾ തീരുമാനിച്ചു.

അപ്പോഴാണ് അവൻ മെഡിസിൻ വാങ്ങി വന്നത് .അത് ടേബിളിൽ വെച്ച് പുറത്തിറങ്ങാൻ നേരം അയാൾ പതിയെ വിളിച്ചു “മോനേ ..”
അവൻ തിരിഞ്ഞു നോക്കി.

“എനിക്ക് മോനോട് ഇത്തിരി നേരം സംസാരിക്കണം ..”

ചോദ്യ ഭാവത്തിൽ അവൻ തിരിഞ്ഞു നോക്കി..

“മോന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയില്ല. ഞാൻ ഇന്നുവരെ എന്റെ സ്വന്തം മോനായി മാത്രേ നിന്നെ കണ്ടിട്ടുള്ളൂ.. എന്നും മോന്റെ നന്മയേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ.. പക്ഷേ മോൻ ഇന്നുവരെ എന്നോടൊന്നു മിണ്ടിയിട്ടു പോലുമില്ലല്ലോ “.. അയാളുടെ കണ്ണുകൾ നിറഞ്ഞു .

“മൂന്നോ നാലോ വർഷം മാത്രേ ഞാൻ എന്റെ അച്ഛനെ കണ്ടിട്ടുള്ളൂ.. പക്ഷേ ആ സ്ഥാനത്ത് മറ്റൊരാളെ കാണാൻ ഒരിക്കലും പറ്റിയിട്ടില്ല “…

അത് കേട്ട് അയാൾ മിണ്ടാതെ ഇരുന്നു.
അൽപ്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം അവൻ തുടർന്നു…”

പക്ഷേ ഇപ്പൊ എന്റെ ഉള്ളിൽ എന്റെ അച്ഛന്റെ സ്ഥാനമാണ് നിങ്ങൾക്ക്.. പക്ഷേ പരസ്പരം മിണ്ടാതെ നമുക്കിടയിൽ എന്നോ വന്നുപോയതാണ് ഈ അകൽച്ച..

അല്ലാതെ നിങ്ങളെ ഞാൻ ഒരിക്കലും വെറുത്തിട്ടില്ല .. എന്റെ അമ്മയെ അഴുക്കിൽ നിന്നും രക്ഷിച്ചതും എന്നെ പഠിപ്പിച്ചതുമെല്ലാം നിങ്ങളല്ലേ .. എനിക്കിപ്പോ സ്നേഹം മാത്രമേയുള്ളൂ .. ഒരാഗ്രഹം കൂടിയുണ്ടെനിക്ക് .

നിങ്ങൾ എന്റെ അമ്മയുടെ കഴുത്തിൽ ഒരു താലി ചാർത്തണം.. ഈ ആശുപത്രിയിൽ നിന്നിറങ്ങിയാൽ ഞാൻ ആദ്യം ചെയ്യുന്ന കാര്യം അതായിരിക്കും .”

അതുകേട്ടപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു..

പിന്നിൽ നിന്നൊരു തേങ്ങൽ കേട്ടവൻ തിരിഞ്ഞു നോക്കി. അമ്മയാണ്… “മോനേ..”

അവൻ അമ്മയുടെ കണ്ണുകൾ തുടച്ചു കൊണ്ട് രണ്ടുപേരുടെയും കൈകൾ ചേർത്തു പിടിച്ചു .. അവർക്കു മുന്നിൽ തെറ്റുകളെ മായ്ച്ചു കൊണ്ടൊരു വലിയ ശരി തിളങ്ങി നിന്നു….