അരക്ക് കീഴ്പോട്ട് തളർന്നു പോയ ആ മനുഷ്യനെ വിവാഹം കഴിക്കണമെന്ന് അച്ഛൻ ആജ്ഞപിച്ചപ്പോൾ അമ്മയും…

(രചന: Aiswarya Ks)

അരക്ക് കീഴ്പോട്ട് തളർന്നു പോയ ആ മനുഷ്യനെ വിവാഹം കഴിക്കണമെന്ന് അച്ഛൻ ആജ്ഞപിച്ചപ്പോൾ അമ്മയും അനിയത്തിമാരും ഒരു മൂലയ്ക്ക് നിന്ന് തേങ്ങുന്നുണ്ടായിരുന്നു

തിരിച്ചു പറയാനുള്ള ശക്തിയെല്ലാം മേശപുറത്തിരുന്ന വിഷകുപ്പിയിൽ ലയിച്ചുപോയി

“ഇതൊരു ശിക്ഷ ആയി കരുതിയാൽ മതി”,താലികെട്ടിനു അമ്പലത്തിൽ നിന്നപ്പോൾ അച്ഛന്റെ ആ വാക്കുകൾ ആയിരുന്നു മനസ്സിൽ മുഴുകി കൊണ്ടിരുന്നത്

നാലു ചക്ര വീൽചെയർ കൈ കൊണ്ടു പ്രവർത്തിപ്പിച്ചു അമ്പലത്തിലേക്ക് കടന്നു വന്ന ആ ചെറുപ്പക്കാരന്റെ നിഷ്കളങ്കമായ പുഞ്ചിരിക് മറു പുഞ്ചിരി കൊടുക്കാതിരിക്കാൻ എത്ര ശ്രെമിച്ചിട്ടും എനിക്ക് കഴിഞ്ഞില്ല

ഒരു ചിരി ബന്ധം മാത്രമുള്ള ആ മനുഷ്യന് മുൻപിൽ താലി കെട്ടാൻ തല കുനിക്കുമ്പോൾ, സ്വപ്നങ്ങളെയും, ഇഷ്ടങ്ങളെയും, പ്രണയത്തെയും അതുപോലൊരു കുരുക്കിട്ട് പൂട്ടി കെട്ടിയിരുന്നു ഞാനും

ശിഷ്ട കാലം അദ്ദേഹത്തെയും, കുടുംബത്തെയും ശ്രുശ്രുഷിച്ചു, ഒരു അടുക്കള വേലക്കാരിയായി ഒതുങ്ങണം എന്ന് മാത്രമായിരുന്നു ആ ഇരുനില്ല ബഹുമാളികയിൽ വലതു കാൽ വച്ചു കയറിയപ്പോൾ എന്റെ ആഗ്രഹം

ശരീരത്തിന്റെ തളർന്നു പോയ അൻപതു ശതമാനത്തെ ഗൗനിക്കാതെ ലോകം കീഴടക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെ ഞാൻ കൗതുകത്തോടെ നോക്കി നിന്നു, ചെറിയൊരു കാര്യത്തിന് പോലും ആരെയും ആശ്രയിക്കാത്ത പ്രാകൃതം, കഴിക്കുന്ന പാത്രം പോലും സ്വന്തമായി കഴുക്കണം എന്ന് വാശി പിടിക്കുന്ന വ്യക്തി, വായനയെയും, എഴുത്തിനെയും പ്രണയിച്ചൊരാൾ, ചിത്ര രചന കൂട്ടാക്കി മാറ്റിയൊരാൾ, ഓരോ ദിനം കഴിയും തോറും അദ്ദേഹം എന്നെ അത്ഭുതപെടുത്തികൊണ്ടിരുന്നു

അന്നൊരുനാൾ ആകാശത്തെ തരങ്ങളോട് മിണ്ടി പറയും നേരം, പതിനെട്ടു തികയും മുന്നേ ഇഷ്ട്ട പ്രാണേശ്വരന്റെ കൂടെ ഇറങ്ങി പുറപ്പെട്ട ഒരു പെൺകുട്ടിയെ ഞാൻ അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുത്തു, പൊന്നും പണവും ഇല്ലാതെ ഇറങ്ങി ചെന്നതിനു കരണം നോക്കിയുള്ള അടിയായിരുന്നു ആദ്യ സമ്മാനം, തിരികെ പോകാനുള്ള ധൈര്യം ഇല്ലായിരുന്നു, ആട്ടിയും,കളിയാക്കിയും,അടിച്ചും, തൊഴിച്ചും, തുപ്പിയും ഓരോ ദിനവും അയാൾ പക വീട്ടികൊണ്ടിരുന്നു, മരിക്കാൻ പോലും അനുവാദമില്ലായിരുന്നു, ഒരിക്കൽ അയാളുടെ അടിയിൽ തല പൊട്ടി ചോര ഒലിച്ചു ബോധം പോയ എന്നെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്, അവിടെ വെച്ചു എന്നെ കണ്ട അമ്മയാണ് തിരികെ വീട്ടിലേക്കു കൊണ്ടുവന്നത്, പെറ്റ വയറല്ലേ നോവാതിരിക്കില്ലലോ

പിന്നീട് ഒരു ഏകാന്ത വാസമായിരുന്നു, മുറിക്കുള്ളിൽ അടച്ചിരുന്നു സ്വയം ശിക്ഷിച്ചുകൊണ്ടിരുന്നു, ആ മുറിയിൽ നിന്നും പിന്നീട് ഞാൻ പുറത്തിറങ്ങിയത് നമ്മുടെ വിവാഹത്തിനായിരുന്നു, സത്യത്തിൽ ഈ വിവാഹവും എനിക്കുള്ള ശിക്ഷയായിരുന്നു, എന്നാണ് അച്ഛൻ പറഞ്ഞത്

എന്നിട്ട്? കണ്ണിമ വെട്ടാതെ അദ്ദേഹം എന്നെ ശ്രവിച്ചു

ആ ശിക്ഷയെ ആണ് ഞാൻ ഇന്ന് ഈ ലോകത്തു ഏറ്റവും അധികം സ്നേഹിക്കുന്നത്, പറഞ്ഞു തീരും മുന്നേ അദ്ദേഹം എന്നെ മാറോടു ചേർത്തിരുന്നു

നേടിയെടുത്ത ബിസ്നനെസ് സാമ്രാജ്യങ്ങൾക്കും, സുഹൃത്തുക്കൾക്കും മുന്നിൽ എന്നെ പരിചയപെടുത്തുമ്പോൾ എന്നിൽ അഭിമാനിക്കുന്ന അദ്ദേഹത്തെ ഞാൻ കണ്ടു, എന്നും ഒരു കാവലായി,ശ്രുശ്രുഷിച്ചു അദ്ദേഹത്തിന് കൂടെ ആയിരിക്കണം എന്നു പ്രാർത്ഥിക്കുമ്പോഴും എനിക്ക് എന്നും കൂട്ടായി അദ്ദേഹം വേണമെന്ന് ഉള്ളം ആഗ്രഹിച്ചിരുന്നു,

ഒരിക്കൽ കണ്ടിരുന്ന സ്വപ്നങ്ങളെ നേടിയെടുക്കാൻ സഹായിച്ചും ,പിന്നെയും പിന്നെയും ഉയരങ്ങളിൽ സ്വപ്‌നങ്ങൾ കാണാൻ പ്രോത്സാഹിപ്പിച്ചും ഒരിക്കൽ കുത്തി കീറി പിളർക്കപ്പെട്ട് പോയ എന്റെ ഹൃദയത്തെ പ്രണയംകൊണ്ട് അദ്ദേഹം സുഖപെടുത്തിയിരുന്നു

അനുജത്തിയുടെ വിവാഹം പറയാൻ വന്ന അച്ഛൻ എന്നോട് ക്ഷമ ചോദിച്ചു അച്ഛൻ എന്നോട് ചെയ്‌തത് ഒരു തെറ്റായിരുന്നത്രെ “അച്ഛൻ എനിക്ക് വേണ്ടി ചെയ്ത ഏറ്റവും ശെരി അദ്ദേഹമായിരുന്നു ”എന്ന് പറഞ്ഞപ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകുണ്ടായിരുന്നു

മണിക്കൂറുകൾ മാത്രം ജീവിച്ചിരിക്കു എന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയപ്പോൾ, ആ വിധി പോലും തിരുത്തിയെഴുതി അദ്ദേഹം ലോകം കീഴടക്കി

നീണ്ട നാൽപതു വർഷം,

ശരീരം മാത്രമേ ഇപ്പോൾ എന്നോടുകൂടെ ഇല്ലാതുള്ളു, അദ്ദേഹം ഇപ്പോഴും എന്നോട് കൂടെയുണ്ട്, എന്റെ ഓരോ ശ്വാസത്തിലും, ഞങ്ങൾ ഇപ്പോഴും പ്രണയിച്ചുകൊണ്ടേയിരിക്കുന്നു ,മഴയത്തും, മഞ്ഞത്തും. അതിനിയും തുടർന്നുകൊണ്ടേയിരിക്കും ഞാനും ഈ മണ്ണിന് സ്വന്തമാകും വരെ