വിവാഹ ശേഷം നമ്മൾ തമ്മിലുണ്ടായിരുന്ന ഇഷ്ടം മറ്റൊരാൾ പറഞ്ഞറിയുന്നതിനേക്കാൾ നല്ലത്..

നഷ്ടമോഹങ്ങൾ
(രചന: Pradeep Kumaran)

” അമ്മേ , ഞാനൊന്ന് പുറത്തിറങ്ങിയിട്ട് വരാട്ടോ. അമ്മക്ക് ചായയോ മറ്റെന്തിങ്കിലും വാങ്ങണോ?.”

“വേണ്ട ഉണ്ണ്യേ. . മോൻ പോയിട്ട് വായോ.”

പ്ര വാ സ ജീവിതത്തിനിടയിൽ കിട്ടിയ ലീവിൽ നാട്ടിലെത്തിയ ഉണ്ണി , ഇടയ്ക്കിടെയുള്ള അമ്മയുടെ തലകറക്കം കാരണം ന്യു റോ സ ർജൻ ഡോക്ടറുടെ ട്രീറ്റുമെന്റിന് ഹോസ്പിറ്റലിൽ എത്തിയതായിരുന്നു.

പരിശോധനകൾക്ക് ശേഷം കുറച്ച് ടെസ്റ്റുകൾ ചെയ്യാനുള്ള ഡോക്ടറുടെ നിർദ്ദേശപ്രകാരം അവർ റൂം എടുത്ത് അഡ്മിറ്റായി.

അമ്മയും ഭാര്യയും എട്ടു വയസുള്ള മകനും അടങ്ങുന്നതായിരുന്നു ഉണ്ണിയുടെ കുടുംബം.

കുറച്ച് വർഷങ്ങളായുള്ള പുകവലിയുടെ ആസക്തിയിൽ ഹോസ്പിറ്റലിന് പുറത്തിറങ്ങി പെട്ടിക്കടയിൽ നിന്നും സിഗരറ്റ് വാങ്ങി വലിച്ചു കൊണ്ടിരിക്കുമ്പോളാണ് ബസിൽ നിന്നിറങ്ങി ഹോസ്പിറ്റലിലേക്ക് നടന്നുപോകുന്ന സ്ത്രീയെ ഉണ്ണി ശ്രദ്ധിച്ചത്.

ദുഃഖഭാവത്തിൽ നടന്നു നീങ്ങുന്ന സ്ത്രീയെ കണ്ടതും ഉണ്ണിയുടെ മനസ്സിലൊരു മിന്നൽ വെട്ടി.

” ദൈവമേ ദേവിയാണോ അത്?. പക്ഷെ, പൊട്ടിച്ചിരിച്ചും തന്റെ കൂടെ തല്ല് കൂടിയും സന്തോഷമായി നടന്നിരുന്ന ദേവി തന്നെയാണോ ഇത്? “.

സംശയങ്ങൾ മനസ്സിൽ കുന്നോളമായപ്പോൾ വലിച്ചു തുടങ്ങിയ സിഗരറ്റ് വലിച്ചെറിഞ്ഞു ഉണ്ണി ഹോസ്പിറ്റലിനുള്ളിലേക്ക് പാഞ്ഞു ചെന്നു.

ഹോസ്പിറ്റലിനുള്ളിൽ ആകാംഷയോടെ തിരഞ്ഞെങ്കിലും ഉണ്ണിക്ക് അവരെ കണ്ടെത്താൻ കഴിഞ്ഞില്ല.

OP കൗണ്ടറിലും ക്യാഷ്യലിറ്റിയിലും വരാന്തകളിലും അന്വേഷിച്ചു നടന്നു മടുത്ത ഉണ്ണി നിരാശയോടെ ഹോസ്പിറ്റലിന് പുറത്തേക്ക് വീണ്ടും വന്നു ഒരു സിഗരറ്റിന് കൂടി തീ കൊളുത്തി.

അടുത്തുള്ള സ്കൂളിലേക്ക് കുട്ടികൾ കലപില ശബ്ദത്തോടെ നടന്നു പോകുന്നുണ്ടായിയിരുന്നു.

പത്ത് പണ്ട്രണ്ട് വയസ്സുള്ള ഒരാൺകുട്ടി എട്ടോ ഒൻപതോ വയസ്സുള്ള പെൺകുട്ടിയുടെ കയ്യും പിടിച്ചു നടന്നു പോകുന്നത് കണ്ടപ്പോൾ ഉണ്ണിയുടെ മനസ്സിലും ഓർമ്മകളുടെ വേലിയേറ്റമുണ്ടായി.

വലിച്ചുകൊണ്ടിരുന്ന സി ഗ ര റ്റിന്റെ പുകച്ചുരുൾ പോലെ ഓർമ്മകളും മനസ്സിൽ ഉയർന്നു പൊങ്ങി.

ശേഖരൻമാമന്റെ ഒറ്റമകൾ ദേവി ഓർമ്മവച്ച നാൾ മുതൽ കൂടെയുണ്ട്. വീടുകൾ അടുത്തായതിനാൽ തന്റെ കൂടെ തന്നെയായിരുന്നു കളിയും മറ്റുമെല്ലാം.

സ്കൂളിൽ ദേവിയുടെ കയ്യും പിടിച്ചു പോകുമ്പോൾ സന്തോഷമായിരുന്നു തനിക്ക്.

യൗവനത്തിലേക്ക് കടന്നപ്പോഴാണ് മനസ്സിലായത് പിരിയാൻ കഴിയാത്ത വിധം തങ്ങൾ അടുത്ത് പോയെന്നു. ദേവിയത് തുറന്ന് പറഞ്ഞപ്പോൾ ലോകം കീഴടക്കിയ പ്രതീതിയായിരുന്നു തനിക്ക്.

പക്ഷെ സമ്പത്തികപരമായി അവരെക്കാൾ താഴെ നിന്നതും ജോലിയൊന്നുമാവാതെയായതും ശരദയമ്മായിക്ക് തങ്ങളുടെ ബന്ധത്തിൽ കടുത്ത എതിർപ്പ് ഉണ്ടായിരുന്നു.

ഇരുപത്തി നാലാമത്തെ വയസ്സിൽ ജോലി ശരിയായി പോയപ്പോൾ എങ്ങനെയെങ്കിലും രണ്ട് വർഷം കൂടി പിടിച്ചു നിൽക്കാൻ ഡേവിയോട് പറഞ്ഞിരുന്നതാണ്.

കാത്തിരിക്കാമെന്ന ദേവിയുടെ വിശ്വാസത്തിന്റെ പുറത്ത് ആറ് മാസം കഴിഞ്ഞപ്പോൾ അറിയുന്നു ദേവിയുടെ കല്യാണമായെന്ന്.

” ഉണ്ണിയേട്ടാ , ഉണ്ണിയേട്ടൻ എന്താ ഇവിടെ?.”

പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് കേട്ടിരുന്ന ദേവിയുടെ ശബ്ദം വീണ്ടും കേട്ട് ഉണ്ണി ഞെട്ടി തിരിഞ്ഞു നോക്കി.

കണ്ണ് നിറയെ തന്നെ തന്നെ നോക്കികൊണ്ട്‌ നിൽക്കുന്ന ദേവിയെ കണ്ട ഉണ്ണിക്ക് വിശ്വാസിക്കാൻ കഴിഞ്ഞില്ല. ഒന്നും മിണ്ടാതെ മിഴിച്ചു നിന്നിരുന്ന ഉണ്ണിയേ കണ്ടപ്പോൾ ദേവിക തുടർന്നു.

” ഉണ്ണിയേട്ടൻ ഹോസ്പിറ്റലിൽ ആരെയോ അന്വേഷിച്ചു നടക്കുന്നത് ഞാൻ കണ്ടിരുന്നു. ഉണ്ണിയേട്ടന്റെ മുൻപിലേക്ക് വരണ്ടായെന്നാണ് ആദ്യം കരുതിയത്. പക്ഷെ എന്റെ മനസ്സ് സമ്മതിച്ചില്ല ഉണ്ണിയേട്ടാ.”

” ദേവി , എന്ത് കോലമാണ് ഇത് ?നിന്നോടെനിക്ക് കുറച്ച് സംസാരിക്കാനുണ്ട്. നമ്മൾക്കങ്ങോട്ട് മാറി നിന്നു സംസാരിച്ചാലോ?.”

” ഉം.”

ഹോസ്പിറ്റലിനകത്തെ വിശാലമായ കോമ്പൗണ്ടിലെ തിരക്കൊഴിഞ്ഞ വാകമരത്തിൽ ചോട്ടിലെ സിമന്റ് ബഞ്ചിൽ അവർ ഇരുന്നു.

പൂത്ത വാകമരത്തിൽ നിന്നും പൂവിതളുകൾ കൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു അപ്പോൾ

“ഉണ്ണിയേട്ടൻ പറഞ്ഞില്ലല്ലോ?. എന്താ ഇവിടെ?.”

“രണ്ടാഴ്ച മുൻപ് ലീവിന് വന്നതാ ഞാൻ. അമ്മക്ക് ഇടയ്ക്കു തലകറക്കം വരുന്നു. അതുകൊണ്ട് അമ്മയെ ജോർജ് ഡോക്ടറേ ഒന്ന് കാണിക്കാമെന്ന് കരുതി. ഡോക്ടറെ കണ്ടപ്പോൾ ഒന്ന് രണ്ട് ടെസ്റ്റുകൾ ചെയ്യാൻ പറഞ്ഞു.

അതിന് വേണ്ടി വെയിറ്റ് ചെയ്യുന്നു. പിന്നെ നീയാകെ മാറിപോയല്ലോ ദേവി?. കണ്ടിട്ട് മനസ്സിലായില്ല എനിക്ക്. നീയെന്താ ഇവിടെ?.”

” നാലഞ്ചു വർഷമായി എന്റെ ജീവിതം കൂടുതലും ഹോസ്പിറ്റലിലാണ് ഉണ്ണിയേട്ടാ. ഒരു കാര്യം ചോദിക്കട്ടെ? , ഉണ്ണിയേട്ടനെന്നെ ശപിച്ചിരുന്നോ?. ഞാൻ ഉണ്ണിയേട്ടനെ വഞ്ചിച്ചുയെന്ന് വിശ്വാസിക്കുന്നോ?”.

ദേവിയുടെ വേദന നിറഞ്ഞ ചിരിയോടെയുള്ള ചോദ്യം കേട്ട് ഉണ്ണി വല്ലാതായി. എന്തെക്കെയോ പ്രശ്നങ്ങൾ ദേവിയെ അലട്ടുണ്ടെന്ന് മനസ്സിലാക്കിയ ഉണ്ണി ഒന്ന് പുഞ്ചിരിച്ചു.

“എന്താ ദേവി നീയി പറയുന്നത്?. എനിക്ക് നിന്നെ ശപിക്കാൻ കഴിയോ?. പിന്നെ നിന്റെ കല്യാണം കാര്യം അറിഞ്ഞപ്പോൾ നല്ല വിഷമമുണ്ടായിരുന്നു.

വീട്ടുക്കാരുടെ പിടിവാശിക്ക് മുൻപിൽ പിടിച്ചുനിൽക്കാനുള്ള നിന്റെ പരിമിതികളെ കുറിച്ച് ഓർത്തപ്പോൾ അതൊക്കെ മാറിട്ടോ “.

” ഞാൻ ഉണ്ണിയേട്ടന് വേണ്ടി കാത്തിരുന്നാൽ അമ്മയെ നഷ്ട്ടപെടുമായിരുന്നു.

ഹരിയേട്ടനുമായുള്ള വിവാഹം നടന്നില്ലായിരുന്നെങ്കിൽ അമ്മ തീ വ ണ്ടിക്ക് ത ല വ യ് ക്കുമായിരുന്നു. എല്ലാം അമ്മയുടെ നിർബദ്ധമായിരുന്നു. എന്റെ ജീവിതത്തിന്റെ താളപ്പിഴകൾ കല്യാണത്തോടെ തുടങ്ങി ഉണ്ണിയേട്ടാ.”

” നീയെന്താ ദേവി ഈ പറയുന്നേ?”.

” എന്റെ മനസ്സ് കാണുന്നതിനേക്കാൾ അമ്മക്ക് ഹരിയേട്ടൻ എന്ന കോൺട്രാറ്ററേയും അവരുടെ സാമ്പത്തിക ചുറ്റുപാടുകളിലുമായിരുന്നു കണ്ണ്.

വിവാഹ ശേഷം നമ്മൾ തമ്മിലുണ്ടായിരുന്ന ഇഷ്ടം മറ്റൊരാൾ പറഞ്ഞറിയുന്നതിനേക്കാൾ നല്ലത് ഞാൻ തന്നെ പറയുന്നത് ആയിരിക്കും നല്ലതെന്ന തോന്നലിൽ ഹരിയേട്ടനോട് ഞാൻ തുറന്ന് പറഞ്ഞു.

ആദ്യമൊക്കെ അതൊരു വിഷയമായി ഹരിയേട്ടൻ പ്രകടിപ്പിച്ചില്ലെയെങ്കിലും പിന്നീട് എന്നെ സംശയമായി. ഹരിയേട്ടന്റെ വീട്ടുകാരും അതേറ്റെടുത്തപ്പോൾ സ്കൂളിലെ ജോലി രാജി വയ്‌ക്കേണ്ടി വന്നു.

മൊബൈൽ ഫോൺ പോലും എനിക്ക് നിഷേധിക്കപ്പെട്ടു. വീട്ടിലേക്ക് പോലും എന്നെ പറഞ്ഞയക്കുകയില്ലായിരുന്നു. ശ്വസം മുട്ടിയ ആ നാളുകളിൽ ഞാനോർത്തുന്നു ഉണ്ണിയേട്ടൻ വന്നൊന്ന് വിളിച്ചിരുന്നെങ്കിലെന്ന് “.

“ആദ്യ ലീവിന് നാട്ടിൽ വന്നപ്പോൾ ഞാനോറ്റക്ക് അവിടെ വന്നിരുന്നു. വലിയൊരു വീട്ടിൽ നല്ല രീതിയിൽ ജീവിക്കുന്ന ദേവിയെ ഞാൻ അകലെ നിന്ന് കണ്ടു നിറഞ്ഞ മനസ്സോടെ തിരിച്ചുപോയി , നീ നല്ല രീതിയിൽ ജീവിക്കുന്നുയെന്ന സന്തോഷത്തോടെ “.

” വലിയ വീട് . ഉണ്ണിയേട്ടാ ഞങ്ങളിപ്പോൾ എവിടെയാ താമസിക്കുന്നതെന്ന് അറിയുമോ?. രണ്ട് കുഞ്ഞ് പെണ്മക്കളെയും കൂട്ടി ഞങ്ങളിപ്പോൾ ചെറിയൊരു വാടക വീട്ടിലാണ് താമസിക്കുന്നത്.”

” ദേവി , നീയിതെന്തൊക്കെയാ ഈ പറയുന്നത്?.എനിക്കൊന്നും മനസ്സിലാകുന്നില്ല “.

” ഹരിയേട്ടൻ ഏറ്റെടുത്ത വർക്കുകൾ പലതും നഷ്ടത്തിലായി. അവസാനം ആ വീടും പറമ്പും വരെ വിൽക്കേണ്ടി വന്നു. ഇനിയും പതിനഞ്ചു ലക്ഷം രൂപയെങ്കിലും കടക്കാർക്ക് കൊടുക്കാനുണ്ട്.

അവസ്ഥ മോശമായപ്പോൾ ഹരിയേട്ടന്റെ വീട്ടുകാരും സ്വന്തക്കാരും ഞങ്ങളെ ഉപേക്ഷിച്ചു പോയി.

പോരാത്തതിന് ഹരിയേട്ടന്റെ ഷു ഗറും കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ല. നാലഞ്ചു വർഷമായി അതിന്റെ പിന്നാലെയാണ് ഞങ്ങൾ.

നേരത്തെ ചോദിച്ചില്ലേ എന്താ ഇവിടെയെന്ന്?. ഹരിയേട്ടന്റെ സർജറി ഇവിടെ ആയിരുന്നു. കാ ലിന്റെ ര ണ്ട് വി രൽ മു റിച്ചു ക ളയേണ്ടി വന്നു.”

” ദൈവമേ , വല്ലാത്തൊരു അവസ്ഥയിലാണല്ലോ ദേവിയിപ്പോൾ?. എന്റെ അഭിപ്രായത്തിൽ ആ കുടുംബത്തിന്റെ കടിഞ്ഞാൺ ഇനി ദേവി ഏറ്റെടുക്കണം.”

” അതെ ഉണ്ണിയേട്ടാ. രണ്ട് കുഞ്ഞ് മക്കളെയും ഹരിയേട്ടനെയും തനിച്ചാക്കി എനിക്ക് ജോലിക്ക് പോലും പോകാൻ കഴിയില്ല.

പക്ഷെ ഇന്നലെ ഞാൻ അമ്മയോട് സംസാരിച്ചിട്ടുണ്ട്. ആ വീടും പറമ്പും വിറ്റ് ഞങ്ങളുടെ കടവും വീട്ടി അമ്മയെ ഇങ്ങോട്ട് കൊണ്ട് വരണം. സ്കൂളിൽ ജോലിയുടെ കാര്യവും സംസാരിച്ചിട്ടുണ്ട്.”

” നല്ല തീരുമാനം. എല്ലാം ശരിയാകും ദേവി. എന്റെ പ്രാർത്ഥന കൂടെയുണ്ടാകും കേട്ടോ.”

” എനിക്കൊരു ചായ വാങ്ങി തരോ ഉണ്ണിയേട്ടാ? “.

” അതെന്താ അങ്ങനെ ചോദിച്ചത്?. വാ നമ്മൾക്ക് കാന്റീനിലേക്ക് പോകാം.”

കാന്റീനിലെ ഒഴിഞ്ഞ കോണിൽ ടേബിളിന് ഇരിവശത്തുമിരുന്നു അവർ. ചായ ഊതി ഊതി കുടിക്കുന്ന ദേവിയെ കണ്ടപ്പോൾ ഉണ്ണിക്കെന്തോ വല്ലായ്മ്മ തോന്നി.

” ദേവി , ചോദിക്കാൻ വിട്ട് പോയി. നമ്മൾക്കെന്തെങ്കിലും കഴിച്ചാലോ?.”

” വേണ്ട ഉണ്ണിയേട്ടാ. എനിക്ക്….. എനിക്ക് കഴിച്ചാൽ ഇറങ്ങില്ല , എന്റെ മക്കൾ……”

പറഞ്ഞു കഴിഞ്ഞതും ദേവിയുടെ കണ്ണുകളിൽ കൂടി കണ്ണുനീർ ധാരയായി ഒഴുകിയിറങ്ങി. സ്തംഭിച്ചു പോയ ഉണ്ണി എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പോയി.

” ഞാൻ പോകുന്നു ഉണ്ണിയേട്ടാ. ഇനിയും ഉണ്ണിയേട്ടന്റെ അടുത്ത് നിന്നാൽ എന്റെ നിയന്ത്രണം വിട്ട് പോകും.”

കസേരയിൽ നിന്നും എഴുന്നേറ്റ് പോകാൻ തുടങ്ങിയ ദേവിയുടെ കയ്യിൽ ഉണ്ണി പേഴ്‌സ് തുറന്ന് അതിലുണ്ടായിരുന്ന എല്ലാ നോട്ടുകളും എടുത്ത് നിർബന്ധിച്ചു കൊടുത്തു.

” ഇത്രക്ക് ഗതികെട്ടവളായി പോയി ഉണ്ണിയേട്ടാ ഞാൻ. അമ്മായിയെ കാണാൻ ഞാൻ വരുന്നില്ല. ഇങ്ങനെയൊരു അവസ്ഥയിൽ അമ്മായിയെ കാണാൻ എനിക്ക് കഴിയില്ല.”

” എന്റെ ഫോൺ നമ്പർ ഒന്ന് നോട്ട് ചെയ്തു വച്ചോ ദേവി. എന്താവശ്യവും വന്നാലും എന്നെ വിളിക്കാം.” ഉണ്ണിയുടെ വാക്കുകൾ കേട്ട ദേവി ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു , നിറകണ്ണുകളോടെ.

“ഉണ്ണ്യേ , എവിടെയായിരുന്നു ഇത്രയും നേരം?. ഒരു നേഴ്സ് വന്നു ചോദിച്ചിട്ട് പോയി.”

വാതിൽ തുറന്ന് അകത്ത് കയറിയ ഉണ്ണിയേ കണ്ട് ജനകിയമ്മയുടെ കണ്ണുകളിൽ ആകാംഷയെറി.

“ഞാൻ പുറത്തുണ്ടായിരുന്നു അമ്മേ ”

“ഇതെന്താ ഉണ്ണ്യേ മുഖം വാടിയിരിക്കുന്നത്?. കണ്ണുകളും കലങ്ങിയിട്ടുണ്ടല്ലോ?. എന്ത് പറ്റിയെന്റെ മോന്? “.

” ഞാനിപ്പോൾ ദേവികയെ കണ്ടു അമ്മേ. അവളുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു “.

” ആണോ?. ആ കുട്ടിയെന്താ ഇവിടെ?. എന്നിട്ടെന്തേ എന്നെ കാണാൻ വരാതിരുന്നത്?.”

” അമ്മയെ കാണാൻ വരുന്നില്ലയെന്ന് പറഞ്ഞു അവൾ. അവളുടെ ഭർത്താവിന് ഒരു സർജറി ഉണ്ടായിരുന്നു ഇവിടെ.”

” ആ കുട്ടിയുടെ അവസ്ഥ അത്രക്ക് മോശമാണ് അല്ലേ?. ഞാനും കുറെ കേട്ടിരുന്നു.”

” അതെയമ്മേ. എനിക്ക് വല്ലാത്ത വിഷമം തോന്നി “.

” ഉം. എന്നിട്ട് നീയെന്ത് പറഞ്ഞു?.”

” ഞാനെന്റെ ഫോൺ നമ്പർ കൊടുത്തിട്ട് അവൾ വാങ്ങിയില്ല. നമ്മളെകൊണ്ട് ആവുന്ന സഹായങ്ങൾ ചെയ്യാമെന്ന് കരുതിയതാ.”

” ആ കുട്ടി വാങ്ങില്ല, എനിക്കറിയാം. നീയിന്ന് അവളുടെ മനസ്സിൽ ഒരു മോഹഭംഗമാണ്. ഇനി അവരുടെ ജീവിതത്തിലേക്ക് നീ കടന്ന് ചെല്ലരുത്.

നല്ല കഴിവുള്ള കുട്ടിയല്ലേ ദേവി. അവർ രക്ഷപെട്ടോളും. ആരും തുണയില്ലാത്തവർക്ക് ദൈവം തുണയായി വരും മോനെ.

ജീവിതചക്രങ്ങൾ ഉരുളുമ്പോൾ രാവും പകലും മാറി മാറി വരുന്നത് പോലെ എല്ലാം ശരിയാകുമെന്ന വിശ്വാസത്തിൽ ഉണ്ണി പതുക്കെ കണ്ണുകളടച്ചു.

Leave a Reply

Your email address will not be published. Required fields are marked *