ഓരോരുത്തരുടെയും വിവാഹം കഴിഞ്ഞപ്പോൾ വീട്ടിലെ സൗകര്യങ്ങൾ പോരാ എന്ന് തോന്നലായി, ഓരോരുത്തരായി വീട്..

(രചന: സൂര്യ ഗായത്രി)

അമ്മയുടെ ശരീരം ചീതയിലേക്ക് എടുത്ത ഉടനെ തന്നെ മക്കൾ പോകുവാനുള്ള തിരക്കുകൂട്ടി.

രാഘവൻ മാഷ് ഇതൊക്കെ കണ്ടിട്ടും മറുപടിയൊന്നും പറയാതെ മുറിയിൽ ചുരുണ്ട് കൂടി. ദിവാകരനും സോമശേഖരനും രമണിയും കൂടി അച്ഛന്റെ മുറിയിലേക്ക് വന്നു.

അച്ഛാ കുട്ടികൾക്ക് സ്കൂളിൽ പോകണം അതുപോലെതന്നെ ഓഫീസിൽ ഒരുപാട് അവധിയെടുക്കാനും പറ്റില്ല.ഇനി ഇപ്പോൾ ഞങ്ങൾ എന്തായാലും ഇവിടെ നിന്നിട്ട് പ്രയോജനം ഒന്നുമില്ല.

അച്ഛന് കാശിന്റെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി.

സഞ്ചയനം കഴിയുന്നതുവരെ എങ്കിലും നിൽക്കാനുള്ള ഒരു കടമ നിങ്ങൾക്ക് ഇല്ലേ മക്കളെ. വല്യമ്മായി അത് ചോദിക്കുമ്പോൾ മൂന്നുപേരുടെയും മുഖം കുനിഞ്ഞു.

ഇത്രയും കാലം നോക്കി വളർത്തിയില്ല അവൾ. അവൾക്കുവേണ്ടി ചെലവാക്കാൻ ഒരു അഞ്ചു ദിവസം പോലും നിങ്ങളുടെ കയ്യിൽ ഇല്ല.

എന്തിനാ ഭാഗീരഥി ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ പറയുന്നത് അവർ പൊക്കോട്ടെ. രാഘവൻ മാഷ് അതും പറഞ്ഞുകൊണ്ട് കിടക്കയിലേക്ക് ചാഞ്ഞു.

അല്പനേരം കൂടി ആ മുറിയിൽ തെന്നി നിന്നതിനു ശേഷം മക്കൾ മൂന്നു പേരും വീടിന്റെ പടിയിറങ്ങി.

രാഘവൻ മാഷ് തലയണയിലേക്ക് മുഖം അമർത്തി. തോർത്തിന്റെ തുമ്പുകൾ കൊണ്ട് കണ്ണുകൾ അമർത്തി തുടച്ചു എങ്കിൽ പോലും തലയിണയെ നനച്ചുകൊണ്ട് കണ്ണുനീർ ഒഴുകി.

ആറ്റുനോറ്റൊരു മകൻ ഉണ്ടായപ്പോൾ അവനെ താഴത്തും തറയിലും വയ്ക്കാതെ നോക്കി.

അന്നൊക്കെ സൗദാമിനിക്ക് മാഷിന്റെ കാര്യം പോലും നോക്കാൻ നേരമില്ലായിരുന്നു എപ്പോഴും കുഞ്ഞിന്റെ പുറകിൽ തന്നെ നടക്കും. അവനു മൂന്നു വയസ്സ് പ്രായം ആയിരുന്നപ്പോഴായിരുന്നു അടുത്ത മകന്റെ ജനനം.

ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു രണ്ടാമത്തെ പ്രസവത്തിന് പക്ഷേ എങ്കിൽ പോലും തന്റെ പൊന്നോമനയെ കണ്ടപ്പോൾ അതെല്ലാം മാറി. അവളെയും മൂത്തവനെ പോലെ തന്നെ നോക്കി.

പിന്നീട് ഇനി ഒരു കുഞ്ഞു വേണ്ട എന്ന് കരുതിയിരിക്കുമ്പോഴായിരുന്നു അടുത്തത് മകളുടെ ജനനം. സ്വർഗ്ഗ തുല്യമായ ജീവിതമായിരുന്നു മാഷും ഭാര്യയും മക്കളും നയിച്ചിരുന്നത്.

മക്കൾക്ക് ഒന്നിനും ഒരു കുറവും വരരുതെന്ന് ആ അച്ഛനും അമ്മയ്ക്കും നിർബന്ധമുണ്ടായിരുന്നു അതുകൊണ്ട് അവരുടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു കൊടുത്തു . മൂന്നുപേർക്കും ഉന്നത വിദ്യാഭ്യാസവും നൽകി മൂന്നുപേർക്കും നല്ല നിലയിലുള്ള ഓരോ ജോലിയും കിട്ടി.

ജീവിതപങ്കാളികളെ തിരഞ്ഞെടുക്കുന്നത് പോലും അവരവരുടെ ഇഷ്ടത്തിനായി മാറി. ഒന്നിച്ചു ജീവിക്കേണ്ടത് അവർ തന്നെയല്ലേ എന്ന് കരുതി അതും അവരുടെ ഇഷ്ടത്തിന് തന്നെ വിട്ടുകൊടുത്തു.

ഓരോരുത്തരുടെയും വിവാഹം കഴിഞ്ഞപ്പോൾ വീട്ടിലെ സൗകര്യങ്ങൾ പോരാ എന്ന് തോന്നലായി. ഓരോരുത്തരായി വീട് മാറി താമസിക്കാൻ തുടങ്ങി അവരവർക്ക് കൊടുത്ത സ്ഥലങ്ങളിൽ വീട് വെച്ച്.

മക്കളെല്ലാം അടുത്തുതന്നെ ഉണ്ടല്ലോ എന്ന സമാധാനമായിരുന്നു എന്നിട്ടും അവർക്ക് കുഞ്ഞുങ്ങൾ ആയപ്പോഴേക്കും പേരക്കുഞ്ഞുങ്ങളെ എങ്കിലും കണ്ടുകൊണ്ട് ഇരിക്കാമല്ലോ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ്..

കുഞ്ഞുങ്ങൾക്ക് നഴ്സറി മുതലേ ട്യൂഷനും കാര്യങ്ങളും.

തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെ ഓരോന്ന് ചെയ്യിക്കുന്നത് കാണുമ്പോൾ പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്.എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ തന്നെ അത് മകനോ മരുമകൾക്കോ പിടിക്കില്ല.

അച്ഛനും അമ്മയും ഇത് ഏതു കാലഘട്ടത്തിലാണ് ജീവിക്കുന്നത്. പണ്ടത്തെ കാലഘട്ടം ഒന്നുമല്ല ഇപ്പോഴത്തെ കാലഘട്ടം കാലം മാറുന്നതിനനുസരിച്ച് നമ്മൾ മാറിക്കൊണ്ടിരിക്കണം. അവരുടെ പക്ഷം അങ്ങനെയായിരുന്നു.

അതിനും മറുപടിയൊന്നും പറയാതെകഴിച്ചുകൂട്ടി. ഒരിക്കൽ മാഷ് പുറത്തേക്കു പോയിരിക്കുന്ന അവസരത്തിൽ സൗദാമിനിയമ്മ ഒന്നു വീണു.

മാഷ് തിരികെ എത്തും വരെ അവർ അടുക്കള ഭാഗത്തു ബോധമില്ലാതെ കിടന്നു. തൊട്ടടുത്തു വീട്ടിൽ താമസിക്കുന്ന മകളോ മകനോ ഒന്നും അമ്മയെ കാണാഞ്ഞു അന്വേഷിച് പോലും ഇല്ല.

മാഷ് നിലവിളിച്ചു ആരൊക്കെയോ അവിടേക്ക് ഓടിവന്ന് സൗദാമി അമ്മയെ തൂക്കിയെടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

മക്കളെയൊക്കെ വിളിച്ചു വിവരം പറഞ്ഞെങ്കിൽ പോലും അവർ എത്തുമ്പോഴേക്കും സൗദാമിനിയമ്മയെ കാലിൽ പ്ലാസ്റ്റർ ഒക്കെ ഇട്ട് വീട്ടിലേക്ക് കൊണ്ടുവന്നു കഴിഞ്ഞു.

അമ്മയുടെ ചുറ്റും കൂടി ഇരുന്ന് മക്കൾ നല്ലവണ്ണം പ്രകടനം കാഴ്ചവച്ചു. അച്ഛനെ കൊണ്ട് ഈ വയസ്സ് കാലത്ത് അമ്മയെ നോക്കാൻ ഒന്നും കഴിയില്ല. ഞങ്ങൾക്ക് വീട്ടിലെ കാര്യവും ഓഫീസിലെ കാര്യവും മക്കളുടെ കാര്യവും ഒക്കെ നോക്കി കഴിഞ്ഞ് അമ്മയെ ശുശ്രൂഷിക്കാൻ സമയമില്ല.

അതുകൊണ്ട് ഒരു കാര്യം ചെയ്യാം ഒരു ഹോംനേഴ്സിനെ വയ്ക്കാം. അവരാവുമ്പോൾ വീട്ടുകാര്യങ്ങളും അമ്മയുടെ കാര്യങ്ങളും ഒക്കെ കൃത്യമായി ചെയ്യും പൈസ മാത്രം കൊടുത്താൽ മതി.

മാഷിന്റെ അഭിപ്രായം പോലും ചോദിക്കാതെ അവരെല്ലാം കാര്യങ്ങൾ തീരുമാനിച്ചു.

അടുത്ത ദിവസം രാവിലെ തന്നെ ഹോം നേഴ്സ് ചാർജ് എടുത്തു.അവരുടെ ഇഷ്ടമുള്ള ആഹാരങ്ങൾ പാചകം ചെയ്യുകയും.

അവരുടേതായ രീതിയും മറ്റുമായി കാര്യങ്ങളെല്ലാം. മാഷിനും സൗദാമിനിയും അമ്മയ്ക്കും എല്ലാം അഡ്ജസ്റ്റ് ചെയ്യേണ്ട അവസ്ഥയായി. ആരോടും പരിഭവം പറയാനും പരാതി പറയാനും നിന്നില്ല.

സൗദാമിനിയമ്മ ഒന്ന് എഴുന്നേറ്റ് നടക്കാൻ തുടങ്ങിയപ്പോൾ തന്നെ ഹോം നേഴ്സിനെ പറഞ്ഞുവിട്ടു. വയ്യാത്ത കാലും വലിച്ചെടുത്ത് അവർ തന്നെ ചില്ലറ ജോലികളൊക്കെ ചെയ്യാൻ തുടങ്ങി.

പ്ലാസ്റ്റർ ഒക്കെ അഴിച്ച് മാറ്റി ദിവസങ്ങൾ കഴിഞ്ഞ് സൗദാമിനിയമ്മ ആരോഗ്യം വീണ്ടെടുത്തു. പതിവുപോലെ പണികളൊക്കെ ചെയ്യാനും മാഷിന്റെ കാര്യങ്ങളൊക്കെ നോക്കാനും തുടങ്ങി.

ഇതിനിടയിൽ മക്കൾക്ക് തിരക്കുള്ള ദിവസങ്ങളിൽ അവർക്ക് വേണ്ടിയുള്ള ഭക്ഷണപാകം ചെയ്യുന്ന ചുമതല കൂടി അമ്മയുടെ കൈകളിലായി.

കഴിഞ്ഞ ഒരാഴ്ചയായി സൗദാമിനി അമ്മയ്ക്ക് വല്ലാത്ത ക്ഷീണവും അവശതയും ഒക്കെയാണ്. എപ്പോഴും നെഞ്ചരിച്ചിലും ഗ്യാസ് കയറിയിരിക്കുന്നത് മായുള്ള തോന്നലുകൾ.

മാഷ് അതിനു പരിഹാരമായി സോഡയും മറ്റുമൊക്കെ വാങ്ങി കൊടുത്തുനോക്കി.ഒരു ദിവസം രാത്രിയിൽ നെഞ്ച് വേദനിക്കുന്നു എന്ന് പരവേശത്തോടുകൂടി എഴുന്നേറ്റുനിന്ന് സൗദാമിനിയമ്മ പറഞ്ഞു.

മാഷ് ഉടനെതന്നെ മക്കളെ വിളിച്ച് വിവരം പറഞ്ഞെങ്കിലും അമ്മയ്ക്ക് ഗ്യാസ് കയറിയിരിക്കുന്നത് ആയിരിക്കും എന്നായിരുന്നു അവരുടെ അഭിപ്രായം.

അച്ഛൻ ഇഞ്ചി നീരു എന്തെങ്കിലും പിഴിഞ്ഞുകൊടുക്കു. ഇന്നിനി ഈ പാതിരാത്രിയിൽ ഒന്നും ചെയ്യാൻ കഴിയില്ല നാളെ രാവിലെ ഹോസ്പിറ്റലിൽ എങ്ങാനും കൊണ്ടുപോകാം

മാഷ് കയ്യിലിരുന്ന് മൊബൈലിൽ നിന്ന് ഒരു നമ്പർ നോക്കി എടുത്തു.

ഹലോ മനോഹരാ….

ഹലോ എന്താ മാഷേ, വിളിച്ചത്.

സൗദാമിനിക്ക് തീരെ സുഖമില്ല മനോഹര അവളെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകണം. വല്ലാത്ത വെപ്രാളവും പരവേശവും ആണ്.

അതിനെന്താ മാഷേ ഞാനിപ്പോൾ തന്നെ വരാം.

പറഞ്ഞുതീരും മുമ്പേ തന്നെ മുറ്റത്ത് ഒരു ഓട്ടോറിക്ഷ വന്നു നിൽക്കുന്ന ശബ്ദം കേട്ടു.സൗദാമിനിക്ക് എഴുന്നേറ്റ് നടന്നുവരാൻ പ്രയാസമായതുകൊണ്ട് മാഷ് വല്ലവിധേനയും താങ്ങിപ്പിടിച്ചാണ് പുറത്തേക്ക് കൊണ്ടുവന്നത്.

ഏകദേശം പുറത്തിറങ്ങി യതും മാഷിന്റെ കയ്യിൽ നിന്ന് അവർ ഊർന്നു വീഴാൻ തുടങ്ങി. അപ്പോഴേക്കും മനോഹരൻ വന്ന് ആ അമ്മയെ താങ്ങി പിടിച്ചു.

മാഷ് വണ്ടിയിൽ കയറിയിരിക്ക് അമ്മയെ ഞാൻ കൊണ്ടുവരാം.

മാഷിന്റെ തോളോട് ചേർത്ത് സൗദാമിനി അമ്മയെ ചാരി ഇരുത്തി മനോഹരൻ വണ്ടി മുമ്പോട്ടേക്ക് എടുത്തു.വണ്ടിയിൽ ഇരിക്കുമ്പോൾ എല്ലാം അമ്മയിൽ നിന്ന് മൂളലും ഞരക്കങ്ങളും കേട്ടുകൊണ്ടിരുന്നു.

ഹോസ്പിറ്റലിൽ എത്തിയതും മനോഹരൻ വേഗം പോയി സ്ട്രക്ചർ എടുത്തുകൊണ്ടുവന്നു.. അമ്മയെ താങ്ങിയെടുത്ത് സ്ട്രക്ചറിൽ കിടത്തി കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോയി.

നേരെ ഐസിയുവിയിലേക്ക് ആണ് സൗദാമിനിയമ്മയെ പ്രവേശിപ്പിച്ചത്. ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോഴാണ് ഡോക്ടർസ് പുറത്തേക്ക് വന്നത്.

നിങ്ങൾ ഇവിടെ കൊണ്ടുവന്ന് എത്തിക്കാൻ അല്പം വൈകിപ്പോയി.അവർക്ക് അറ്റാക്കായിരുന്നു.. ഇനിയിപ്പോൾ പോസ്റ്റ് മോർട്ടത്തിന് ശേഷം നാളെ മാത്രമേ ബോഡി വിട്ടു കിട്ടുകയുള്ളൂ.

കേട്ട വാർത്തയിൽ തകർന്ന് മാഷ് കസേരയിലേക്ക് ഇരുന്നു.മനോഹരൻ തന്നെയാണ് മാഷിന്റെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി വീട്ടിൽ വിളിച്ചു മക്കളെയെല്ലാം വിവരമറിയിച്ചത്.

വാർത്ത കേട്ട ഉടനെ മക്കളുടെ കടമ നിർവഹിക്കുന്നതിന് വേണ്ടി ഓടി ഹോസ്പിറ്റലിൽ എത്തി. പിന്നീട് മൊത്തം പ്രകടനങ്ങൾ ആയിരുന്നു. മാഷ് ഒന്നും കാണാൻ നിൽക്കാതെ വീട്ടിലേക്ക് മടങ്ങി.

ഇന്നാണ് സൗദാമിനിയമ്മയുടെ സഞ്ചയനദിവസം. രാവിലെ ചടങ്ങുകൾ എല്ലാം കഴിഞ്ഞ് ബന്ധുക്കൾ എല്ലാം ഏകദേശം പിരിഞ്ഞു പോയി. അച്ഛന്റെ കാര്യങ്ങൾ എല്ലാം എങ്ങനെയാണ് എന്നുള്ള കൂലം കർക്ഷമായ ചർച്ചയാണ് മക്കൾക്കിടയിൽ.

രാവിലെ അമ്മയുടെ ചടങ്ങുകൾ എല്ലാം കഴിഞ്ഞ് പോയി കിടന്ന് അച്ഛനാണ് ഇതുവരെയും പുറത്തേക്ക് വന്നില്ല. അച്ഛൻ ഇങ്ങനെ തുടങ്ങി കഴിഞ്ഞാൽ നമുക്ക് അത് ബുദ്ധിമുട്ടാകും മക്കൾ അതും പറഞ്ഞുകൊണ്ട് മുറിയിലേക്ക് ചെന്നു.

ചരിഞ്ഞു കിടന്നുറങ്ങുന്ന അച്ഛനെ നിവർത്തി കിടത്തിയപ്പോഴേക്കും മൂക്കിൽ നിന്ന് ചോര വാർന്നു കിടക്കുന്നു.

ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അടുത്തുള്ള ഒരു ഡോക്ടറെ വിളിച്ചു കാണിച്ചു. അയാൾ വന്നു നോക്കി അച്ഛന്റെ മരണവിവരം കൺഫോം ചെയ്തു.

ആർക്കും ശല്യം ആവാതെ ആരെയും ബുദ്ധിമുട്ടിക്കാതെ അമ്മയുടെ അടുത്തേക്ക് തന്നെ അച്ഛൻ പോയി എന്ന വിവരം മക്കളെവല്ലാതെ വിഷമിപ്പിച്ചു. ചെയ്ത തെറ്റുകളെ ഓർത്ത് പശ്ചാത്തപിക്കാൻ പോലും ഉള്ള അവസരം അവർക്ക് കിട്ടിയില്ല.

അച്ഛന്റെ മരണവാർത്ത അറിഞ്ഞേത്തിയ അമ്മായി… അവരെ ശകാരങ്ങൾ കൊണ്ടു മൂടി നാളെ നിങ്ങളുടെ അവസ്ഥയും ഇതുതന്നെയായിരിക്കും. നിങ്ങളുടെ മക്കൾ ഇതെല്ലാം കണ്ടല്ലേ വളരുന്നത്.

നാളെ നിങ്ങൾക്കും ഈ ഗതി വരാതിരിക്കാൻ അമ്മായി പ്രാർത്ഥിക്കാം മക്കളെ. അത്രയും പറഞ്ഞുകൊണ്ട് ആ വൃദ്ധ അവിടെ നിന്നും ഇറങ്ങിപ്പോയി……

Leave a Reply

Your email address will not be published.